വിതുര: ബോണക്കാട് എസ്റ്റേറ്റ് മേഖലയിൽ പുലി ശല്യം വർദ്ധിച്ചു.എസ്റ്റേറ്റിലും പരിസരപ്രദേശങ്ങളിലുമാണ് പുലിയുടെ താണ്ഡവം. ബോണക്കാട് തേയിലത്തോട്ടം വർഷങ്ങളായി അടഞ്ഞുകിടക്കുകയാണ്.കാട് മൂടി കിടക്കുന്ന തോട്ടത്തിലാണ് പുലിയുടെ വാസം.ഒരു വർഷത്തിനിടയിൽ പുലി മൂന്ന് പശുക്കളെ കൊന്നുതിന്നു. നാല് ദിവസം മുൻപും വീണ്ടും പശുവിനെ പുലി പിടിച്ചതോടെ തൊഴിലാളികൾ ഭീതിയിലായി.തേയിലത്തോട്ടത്തിൽ മേയാൻ വിട്ടിരുന്ന പശുവിനേയാണ് പുലി കൊന്നത്.വനപാലകരേയും പൊലീസിനേയും വിവരം അറിയിച്ചെങ്കിലും നടപടികൾ സ്വീകരിച്ചില്ലെന്നാണ് തോട്ടം തൊഴിലാളികൾ പരാതിപ്പെടുന്നത്.
ബോണക്കാട് എസ്റ്റേറ്റിൽ ഇപ്പോൾ നൂറ്റിഅമ്പതോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. നേരത്തേ അഞ്ഞൂറോളം കുടുംബങ്ങൾ ഉണ്ടായിരുന്നു.തോട്ടം അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് ഇരുപത് വർഷമാകുന്നു. തോട്ടമുടമ എസ്റ്റേറ്റ് ഉപേക്ഷിച്ച മട്ടാണ്. മിക്ക തൊഴിലാളികളും ഇപ്പോൾ പുറത്ത് ജോലിക്ക് പോകും.കുറച്ച് പേർ കന്നുകാലികളെ വളർത്തിയാണ് ഉപജീവനത്തിനുള്ള മാർഗം തേടുന്നത്.പുലി കന്നുകാലികളെ കൊല്ലുന്നതുമൂലം കാലി വളർത്തൽ അസാദ്ധ്യമായെന്നാണ് തൊഴിലാളികളുടെ പരാതി.മാത്രമല്ല പകൽ സമയത്തുപോലും എസ്റ്റേറ്റ് പരിസരത്ത് കൂടി നടക്കാൻ കഴിയാത്ത അവസ്ഥയാണ്.ബോണക്കാട് എസ്റ്റേറ്റ് സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് അനവധി തവണ തൊഴിലാളികൾ അധികാരികളെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
പുലിക്ക് പുറമേ ബോണക്കാട് മേഖലയിൽ കാട്ടാനശല്യവും കാട്ടുപോത്തുകളുടെ വരവും വർദ്ധിച്ചു.
ഉപജീവനത്തിനായി തൊഴിലാളികൾ കൃഷി ചെയ്തിരുന്ന വിളകൾ മുഴുവൻ ഇതിനകം കാട്ടുമൃഗങ്ങൾ നശിപ്പിച്ചു കഴിഞ്ഞു.കാട്ടുമൃഗശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് അനവധി തവണ അധികാരികൾക്ക് നിവേദനം നൽകിയിട്ടും നടപടികൾ സ്വീകരിച്ചില്ലെന്ന് തൊഴിലാളികൾ പറയുന്നു.
ബോണക്കാട് മേഖലയിൽ ഇപ്പോൾ പ്രകൃതി ഭംഗി ആസ്വദിക്കുന്നതിനായി നൂറുകണക്കിന് വിനോദസഞ്ചാരികൾ എത്തുന്നുണ്ട്.യുവ ടൂറിസ്റ്റ് സംഘങ്ങൾ ബോണക്കാട് വനത്തിൽ ചുറ്റിത്തിരിയുന്നുണ്ട്.പുലി ഇറങ്ങിയ അവസ്ഥയിൽ സഞ്ചാരികൾ ശ്രദ്ധിക്കണമെന്നാണ് തൊഴിലാളികൾ പറയുന്നത്.