retairment

ന്യൂഡൽഹി : പെൻഷൻ പ്രായം 70 ആയി ഉയർത്തുന്ന കാലം വിദൂരമല്ല. ഇന്ത്യയിൽ അതൊരു യാഥാർത്ഥ്യമായി മാറാനാണ് സാദ്ധ്യതയെന്ന് സാമ്പത്തിക സർവേ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിൽ ജനന നിരക്ക് കുറഞ്ഞുവരികയാണ്. ആയൂർദൈർഘ്യംകൂടിയും വരുന്നു. 2031-41 കാലയളവിൽ ജനസംഖ്യാ വളർച്ച 0.5 ശതമാനം മാത്രമാകും.

അതിനാൽ റിട്ടയർമെന്റ് പ്രായം ഉയർത്തേണ്ടത് അനിവാര്യമാകുമെന്നാണ് സർവേ പറയുന്നത്. ഇങ്ങനെ സംഭവിക്കുന്നതിന് ഒരു ദശാബ്ദം മുമ്പെങ്കിലും പെൻഷൻ പ്രായം ഉയർത്തണം. ജനസംഖ്യ കുറയുമ്പോൾ ഉണ്ടാകാൻ സാദ്ധ്യതയുള്ള ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാൻ അതാവശ്യമാണ്.

ഇന്ത്യയിൽ പുരുഷന്മാരുടെയും സ്ത്രീകളുടെയും ആയൂർദൈർഘ്യം ഒരേപോലെ കൂടുകയാണ്. പെൻഷൻ ബാദ്ധ്യത കുറയ്ക്കുന്നതിന് പല രാജ്യങ്ങളും റിട്ടയർമെന്റ് പ്രായം ഉയർത്താൻ തുടങ്ങിയിട്ടുണ്ട്

ജർമ്മനിയിലും ഫ്രാൻസിലും ജനസംഖ്യയുടെ വളർച്ചാനിരക്ക് വളരെ കുറവാണ്. വരും ദശാബ്ദങ്ങളിൽ ആ ഒരു തലത്തിലേക്കാവും ഇന്ത്യയും എത്തുക.

19 വയസുവരെ പ്രായമുള്ളവരുടെ ഗ്രൂപ്പിലെ ജനസംഖ്യ കുറഞ്ഞുവരുന്നു. 60 വയസുകഴിഞ്ഞവരുടെ ജനസംഖ്യ കൂടിയും വരുന്നു. 60 വയസ് കഴിഞ്ഞവരുടെ ജനസംഖ്യാവർദ്ധനവ് 2011-ൽ 8 ശതമാനം ആയിരുന്നു. ഇത് 2041 ൽ 16 ശതമാനമാകും.

ഇത് മുൻകൂട്ടികണ്ട് വൃദ്ധജനങ്ങളെ സഹായിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള നയപരിപാടികൾ ആവിഷ്കരിക്കണമെന്നും സാമ്പത്തിക സർവേ ശുപാർശ ചെയ്യുന്നു. ആരോഗ്യരംഗത്ത് നിക്ഷേപം വർദ്ധിപ്പിക്കുന്നതിനൊപ്പം റിട്ടയർമെന്റ് പ്രായം പടിപടിയായി ഉയർത്തുകയും വേണമെന്നാണ് സർവേ എടുത്തുപറയുന്നത്.