കേരളത്തെ കേരസമൃദ്ധിയുടെ കാര്യത്തിൽ ഒന്നാമത് എത്തിക്കുക എന്നതുമാത്രമല്ല, ലോകത്തിന് മാതൃകയാക്കി മാറ്റിയെടുക്കുക എന്നതും നമ്മുടെ ലക്ഷ്യമാണ്.
1193 ചിങ്ങം ഒന്നുമുതൽ 1194 ചിങ്ങം ഒന്നു വരെ 'കേരവർഷ' മായി ആചരിച്ചുകൊണ്ടാണ് കർമ്മപരിപാടികൾക്ക് തുടക്കം കുറിച്ചത്. സംസ്ഥാനത്തെ കേരകൃഷിയുടെ വിസ്തൃതി, നാളികേരത്തിന്റെ ഉൽപാദനം, ഉൽപാദനക്ഷമത എന്നിവ വർദ്ധിപ്പിക്കുക, സംയോജിത വിളപരിപാലന മുറകൾ സ്വീകരിച്ച് നാളികേര കൃഷിയുടെ സംരക്ഷണവും അഭിവൃദ്ധിയും ഉറപ്പ് വരുത്തുക എന്നിവ ലക്ഷ്യമിട്ട് 2019 മുതൽ 2029 വരെ നീളുന്ന 10 വർഷത്തെ വികസന കാഴ്ചപ്പാടോടുകൂടി കൃഷിമന്ത്രി ചെയർമാനായി 'നാളികേര വികസന കൗൺസിൽ' രൂപീകരിച്ചത് കേരകൃഷി മേഖലയിലെ സുപ്രധാന നാഴികക്കല്ലാണ്.
മിഷൻ മാതൃകയിലുള്ള പ്രവർത്തനരീതിയിലൂടെ ഉത്‌പാദന ഉത്‌പാദനക്ഷമതാ വർദ്ധന, മൂല്യവർദ്ധന, കർഷകർക്ക് മികച്ച വരുമാനം, യന്ത്രവത്കരണം, ഗവേഷണം, വിജ്ഞാനവ്യാപനം തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായകമായ വിധം വിവിധ ഏജൻസികളുടെ പ്രവർത്തനങ്ങൾ നാളികേര വികസന കൗൺസിൽ ഏകോപിപ്പിക്കും. 1.44 ലക്ഷം ഹെക്ടർ സ്ഥലത്ത് അധികമായി തെങ്ങുകൃഷി വ്യാപിപ്പിക്കാനും മൂന്നുലക്ഷം ഹെക്ടറിൽ പുനർകൃഷി നടത്തുകയും ഉൽപ്പാദനക്ഷമത ഹെക്ടറിന് 6889 നാളികേരത്തിൽ നിന്നും 8500 നാളികേരമായി ഉയർത്തുകയുമാണ് ലക്ഷ്യം.
അടുത്ത വർഷം മുതൽ കോക്കനട്ട് പ്രൊഡ്യൂസർ കമ്പനികളെ കൂടി തെങ്ങിൻതൈ ഉത്‌പാദന പ്രക്രിയയിൽ പങ്കാളികളാക്കാനാണ് ഉദ്ദേശ്യം. 181 കേരഗ്രാമങ്ങൾ നടപ്പിലാക്കി. ഈ വർഷം പുതിയതായി 55 കേരഗ്രാമങ്ങൾ കൂടി നടപ്പിലാക്കും.
ശാസ്ത്രീയ സയോജിത കൃഷിപരിപാലനമുറകൾ സ്വീകരിച്ചുള്ള തെങ്ങിൻതോട്ടങ്ങളുടെ പുനരുദ്ധാരണം ഉൾപ്പെടെയുള്ള മൂന്ന് ഘട്ടങ്ങൾ നാളികേര വികസന ബോർഡുമായി സഹകരിച്ച് നടപ്പിലാക്കി. അത്യുത്പാദന ശേഷിയുള്ള കുറിയ ഇനം തെങ്ങുകളുടെ ശാസ്ത്രീയകൃഷി പ്രാേത്സാഹിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ രണ്ട് വർഷങ്ങളിൽ 50 സെന്റ് വീതമുള്ള 1723 മാതൃകാ പ്രദർശനതോട്ടങ്ങൾ കൃഷിക്കാരുടെ കൃഷിയിടങ്ങളിലും 90 മാതൃകാ പ്രദർശനത്തോട്ടങ്ങൾ കൃഷി വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഫാമുകളിലും സ്ഥാപിച്ചു. കഴിഞ്ഞ വർഷം മാത്രം 871 പ്രദർശനത്തോട്ടങ്ങൾ സ്ഥാപിക്കാനായി.
കേരകേരളം സമൃദ്ധകേരളം പദ്ധതി പ്രകാരം ആദ്യഘട്ടത്തിൽ 2019- 20 വർഷം വരെ കേരഗ്രാമമായി തെരഞ്ഞെടുത്ത 300 പഞ്ചായത്തുകളിലെയും, കേരഗ്രാമ പദ്ധതി നടപ്പിലാക്കാത്ത 200 പഞ്ചായത്തുകളിലെയും അടക്കം 500 ഗ്രാമ പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലും 75 തെങ്ങിൻതൈകൾ വീതം 50 ശതമാനം സബ്സിഡിയോടുകൂടി വിതരണം ചെയ്യും.
പാടശേഖരങ്ങളുടെ പുറംബണ്ടുകളിൽ തെങ്ങിൻതൈകൾ വച്ചുപിടിപ്പിക്കാനും പദ്ധതി തയാറാക്കിയിട്ടുണ്ട്. കൂട്ടുകൃഷി സമ്പ്രദായം തെങ്ങുകൃഷി രംഗത്തും നടപ്പിലാക്കും. രോഗങ്ങളെ ചെറുക്കാൻ കേരള കാർഷിക സർവകലാശാലയുടെ സഹകരണത്തോടെ പദ്ധതികൾ നടപ്പിലാക്കി വരികയാണ്.
കാർഷിക സർവകലാശാലയുടെ സഹകരണത്തോടെ സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർക്ക് തെങ്ങുകയറ്റ പരിശീലനം നൽകി. തെങ്ങുകയറ്റ യന്ത്രസാമഗ്രികളും വിതരണം ചെയ്തു . ഇൻഷ്വറൻസ് പരിരക്ഷയോടെ കേരകർമ്മസേനകൾ രൂപീകരിക്കും. കൃഷിവകുപ്പും കയർ വികസന വകുപ്പും ചേർന്ന് കോയമ്പത്തൂരിലെ മിൽടെക്സ് ഗ്രീൻ എൻജിനിയേഴ്സ് കമ്പനിയെ കൺസൾട്ടന്റായി ചുമതലപ്പെടുത്തി മോട്ടോറൈസ്ഡ് തെങ്ങുകയറ്റയന്ത്രം വികസിപ്പിച്ചെടുത്തു.
എല്ലാ ജില്ലകളിലും നാളികേര ഉത്‌പാദക ഫെഡറേഷനുകളുടെയും പ്രോഡ്യൂസർ കമ്പനികളുടെയും ആഭിമുഖ്യത്തിൽ നാളികേര പാർക്കുകൾ ആരംഭിക്കും. നീരയും വെളിച്ചെണ്ണയും മാത്രമല്ല, മൂല്യവർദ്ധിത ഉത്‌പന്നങ്ങളും പാർക്കുകളിൽ ഉത്‌പാദിപ്പിക്കും.
നാളികേരാധിഷ്ഠിത അഗ്രോപാർക്കുകൾ കോഴിക്കോട് ജില്ലയിലെ കൂത്താളിയിലും വേങ്ങേരിയിലും ആരംഭിക്കുകയാണ്. വാണിജ്യാടിസ്ഥാനത്തിൽ നീര വിപണിയിലെത്തിക്കാൻ നടപടികൾ പുരോഗമിക്കുന്നു. വാർഡ് \ പഞ്ചായത്ത് തല കേരസമിതികളുടെ നേതൃത്വത്തിൽ വികേന്ദ്രീകൃത തെങ്ങിൻതൈ ഉൽപ്പാദന കേന്ദ്രങ്ങൾ, വിള പരിപാലനം ഉൾപ്പെടെയുള്ള പദ്ധതി പ്രവർത്തനങ്ങൾ ആരംഭിക്കും. നാളികേരമേഖലയിൽ സ്റ്റാർട്ട്അപ്പുകൾ പ്രോത്സാഹിപ്പിക്കും.
നാളികേര വില താഴ്ന്ന സാഹചര്യത്തിൽ വിലസ്ഥിരത ഉറപ്പാക്കാൻ കിലോയ്ക്ക് 27 രൂപ എന്ന വർദ്ധിപ്പിച്ച നിരക്കിൽ കേരഫെഡിന്റെ നേതൃത്വത്തിൽ സഹകരണ സംഘങ്ങൾ മുഖേന സ്ഥിരമായി പച്ചത്തേങ്ങ സംഭരിക്കുന്ന പദ്ധതി പുനരാരംഭിക്കും. മൂല്യവർദ്ധിത പദ്ധതികൾ നടപ്പിലാക്കൽ, കയർ വകുപ്പുമായി ചേർന്ന് ചകിരി സംഭരണം എന്നിവയും നടപ്പിലാക്കും.
നാളികേര വികസന കോർപ്പറേഷൻ കർഷകരിൽ നിന്ന് കൂടുതൽ പച്ചത്തേങ്ങ സംഭരിക്കുന്ന തരത്തിൽ പുനരുജ്ജീവിപ്പിച്ചു. കോർപ്പറേഷനു കീഴിൽ ആറ്റിങ്ങൽ മാമത്ത് അത്യാധുനിക സംവിധാനങ്ങളോടുകൂടിയ 30 മെട്രിക് ടൺ സ്ഥാപിതശേഷിയുള്ള വെളിച്ചെണ്ണ പ്ലാന്റ് ഡിസംബർ മാസത്തോടുകൂടി പൂർണമായും പ്രവർത്തന സജ്ജമാകും. കേരളത്തിന്റെ നഷ്ടപ്പെട്ട കേരസമൃദ്ധി നമ്മൾ ഒത്തൊരുമിച്ച് വീണ്ടെടുക്കുക തന്നെ ചെയ്യും.