kanaka

തിരുവനന്തപുരം: വെള്ളയമ്പലം കനകനഗർ നിവാസികൾക്ക് ഇനി കുടിവെള്ളക്ഷാമമുണ്ടാകില്ല. വാട്ടർഅതോറിട്ടിയുടെ ആധുനിക സജ്ജീകരണങ്ങൾ ഉപയോഗിച്ചുള്ള അറ്റകുറ്റപ്പണിയിലൂടെ ഭൂമിക്കടിയിൽ മറഞ്ഞുകിടന്ന പഴക്കം ചെന്ന പൈപ്പ് ലൈനിലെ ചോർച്ച പരിഹരിച്ചു. കനകനഗറിലെ ജലക്ഷാമം പരിഹരിക്കാൻ വാട്ടർ അതോറിട്ടി നേരത്തെ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പി.ടി.പി നഗർ ജലസംഭരണിയിൽനിന്ന് അധികമായി ജലം എത്തിച്ചെങ്കിലും ഉയർന്ന പ്രദേശമായ ഇവിടെ ജലക്ഷാമം തുടർന്നു. തുടർന്ന് പബ്ളിക് ഹെൽത്ത് ഡിവിഷൻ നോർത്ത് എക്‌സിക്യുട്ടീവ് എൻജിനിയർ ആർ.വി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തി. ചോർച്ച നിർണയ വിദഗ്ദ്ധ സംഘത്തിലെ അസിസ്റ്റന്റ് എൻജിനിയർ നിക്‌സണും സംഘവും മണ്ണ് കുഴിക്കാതെ തന്നെ ചോർച്ച കണ്ടെത്താൻ കഴിയുന്ന അത്യാധുനിക ചോർച്ച നിർണയ യന്ത്രം ഉപയോഗിച്ച് ഭൂമിക്കടിയിലെ ചോർച്ച കണ്ടെത്തി. തുടർന്ന് ചോർച്ച പരിഹരിച്ച് ജലവിതരണം പൂർവ സ്ഥിതിയിലാക്കുകയായിരുന്നു.