തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി ലൈബ്രറിയിൽ വിദ്യാർത്ഥികൾ ഒഴികെയുള്ള ഗ്രാഡ്വേറ്റ് അംഗങ്ങളുടെ അംഗത്വ ഫീസ് വർദ്ധിപ്പിച്ച ഉത്തരവ് മരവിപ്പിക്കാൻ വി.സിയുടെ നിർദ്ദേശം. സർവകലാശാല ലൈബ്രറി ഇനി പണക്കാർക്ക് മാത്രം 'എന്ന തലക്കെട്ടിൽ ഇന്നലെ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് നടപടി. പരാതികൾ സിൻഡിക്കേറ്റ് തീരുമാനത്തിനായി സമർപ്പിക്കാനും വൈസ് ചാൻസലർ ഡെപ്യൂട്ടി ലൈബ്രേറിയന് നിർദ്ദേശം നൽകി. ലൈബ്രറിയിലെ മെമ്പർഷിപ്പ് ഡെസ്‌കിൽ പതിച്ചിരുന്ന നേരത്തെ പുറത്തിറക്കിയ ഓർഡർ നീക്കം ചെയ്‌തു. നിരക്ക് വർദ്ധിപ്പിച്ചതിനെതിരെ ലൈബ്രറി റീഡേഴ്സ് ഫോറം അംഗങ്ങൾ ഇന്നലെ വി.സിക്ക് പരാതി നൽകിയിരുന്നു. മുഹമ്മദ് മുഹ്സിൻ എം.എൽ.എ, യു. പ്രതിഭാഹരി എം.എൽ.എ എന്നിവർക്കും ഇവർ പരാതി നൽകിയിരുന്നു. നേരത്തെ 300 രൂപ ഡെപ്പോസിറ്റും 160 രൂപ റിന്യൂവെലിനുമായിരുന്നു ഈടാക്കിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം മുതൽ 2,000 രൂപ ഡെപ്പോസിറ്റും 1,050 രൂപ റിന്യൂവെലിനുമായി ഉയർത്തുകയായിരുന്നു. ഇത് വ്യാപക പ്രതിഷേധത്തിനിടയാക്കി. വിദ്യാർത്ഥികൾക്ക് നൽകുന്ന സ്റ്റുഡന്റ് മെമ്പർഷിപ്പ്, ബിരുദം പൂർത്തിയാക്കിയശേഷം മത്സര പരീക്ഷകൾക്കും ഗവേഷണങ്ങൾക്കും തയാറെടുക്കുന്നവർക്കായി ഗ്രാഡ്വേറ്റ് മെമ്പർഷിപ്പ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലാണ് ലൈബ്രറിയിൽ നിന്ന് മെമ്പർഷിപ്പ് നൽകുന്നത്.