niyamasabha

നിയമസഭയിൽ പി.സി. ജോർജിന്റെ രണ്ട് മിനിട്ടിന് നൂറ് മണിക്കൂറിന്റെ ഇഫക്ടാണ്. ലീഗിലെ എൻ. ഷംസുദ്ദീന് ജോർജ് കഴിഞ്ഞദിവസം തന്റെ രണ്ട് മിനിട്ട് വിട്ടുകൊടുത്തത് സഭയിലാകെ കോലാഹലമുണ്ടാക്കിയതാണ്. ഇന്നലെ ധനവിനിയോഗ മൂന്നാം നമ്പർ ബില്ലിന്റെ ചർച്ചാവേളയിൽ ജോർജ് പ്രസംഗിക്കാനെഴുന്നേറ്റപ്പോൾ കഴിഞ്ഞദിവസത്തെ 'രണ്ട് മിനിട്ട് ദാനം' ചിലരെല്ലാം കുത്തിയിളക്കാൻ നോക്കി. 'എനിക്കനുവദിച്ച സമയം എന്റെ ഇഷ്ടപ്രകാരം ഞാൻ നൽകും, അതിന്മേലാരും കിടന്ന് കരയേണ്ട' എന്നാണ് അവരോടുള്ള ജോർജിന്റെ മറുപടി. ബി.ജെ.പി പ്രതിനിധിയുടെ ഒരു മിനിട്ടും ഇപ്പോൾ എൻ.ഡി.എയുടെ ഭാഗമായ ജോർജിന്റെ ഒരു മിനിട്ടും ലീഗംഗം വിനിയോഗിച്ചതിനെയാണ് ചോദ്യം ചെയ്തതെന്ന് ടി.വി. രാജേഷ് പറഞ്ഞു. 'ഞാനിവിടെ വന്നപ്പോൾ എൻ.ഡി.എയൊന്നുമല്ല. സ്വതന്ത്രനായാണ്. വന്നപ്പോൾ രാജഗോപാലിവിടെ ഒറ്റയ്ക്കിരിക്കുന്നു. അത് കണ്ടപ്പോൾ സഹായിക്കാൻ തോന്നി. ഒറ്റയ്ക്കുള്ള കോവൂർ കുഞ്ഞുമോനോടും ചോദിച്ചതാണ്, വന്നില്ല'- സാന്ത്വനപരിചരണ തത്പരനുമാണ് ജോർജെന്ന് തിരിച്ചറിയാൻ മറ്റെന്ത് വേണം! അടിയന്തരപ്രമേയവേളയിൽ ഒറ്റയ്ക്ക് വാക്കൗട്ട് നടത്തിയ ജോർജ് തന്റെ സ്വതന്ത്രാസ്തിത്വം മറയില്ലാതെ വെളിപ്പെടുത്തി. 'എൻ.ഡി.എയും കിൻഡിയെയുമൊന്നുമല്ല...' കഴുത്തിലൊരു കുരുക്കെടുത്തിട്ട്, ഊരാക്കുടുക്കിലായ ആളിന്റെ അവസ്ഥ ജോർജിൽ മാത്യു ടി. തോമസ് ദർശിച്ചു. എൻ.ഡി.എയ്ക്കകത്ത് നിന്ന് ജോർജ് ഇനി ഊരാൻ വല്ലതും ശ്രമിക്കുന്നുണ്ടോയെന്നറിയില്ല.

പൊന്തക്കാട്ടിൽ അടിക്കുന്നത് പോലെ അടിയന്തരപ്രമേയനോട്ടീസിന്മേൽ അടിക്കരുത് എന്ന് ആദ്യമേ ഷാഫി പറമ്പിലിന് സ്പീക്കർ മുന്നറിയിപ്പ് നൽകിയതാണ്. നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയിൽ ഹക്കിം എന്നയാളിനേറ്റ മർദ്ദനമാണ് നോട്ടീസിലെ വിഷയമെങ്കിലും അതിൽ നാല് വിഷയങ്ങളുണ്ടെന്ന തടസവാദം മന്ത്രി എ.കെ. ബാലൻ ഉന്നയിച്ചു. കഴിഞ്ഞദിവസത്തെ കെ.എസ്.യു മാർച്ചിന് നേരെയുണ്ടായ പൊലീസ് മർദ്ദനമുൾപ്പെടെ. സ്പീക്കറുടെ പൊന്തക്കാട് സിദ്ധാന്തത്തോട് കൂറ് പുലർത്തുന്നുവെന്ന് തോന്നിപ്പിച്ച് കൊണ്ട് പൊന്തക്കാട്ടിലടിക്കാൻ തന്നെ ഷാഫി തുനിഞ്ഞു! ഹക്കിമിനെ കസ്റ്റഡിയിലെടുത്ത ദിവസമാണ് കൊല്ലപ്പെട്ട രാജ്കുമാറിനെയും കസ്റ്റഡിയിലെടുത്തതെന്ന നോട്ടീസിലെ വാദത്തിൽ മുഖ്യമന്ത്രി കയറിപ്പിടിച്ചു. ഹക്കിമിനെ 14ന് രാത്രി 10നാണ് കസ്റ്റഡിയിലെടുത്തത്. പി.ടി. തോമസ് നേരത്തേ പറഞ്ഞത് രാജ്കുമാറിനെ 12ന് കസ്റ്റഡിയിലെടുത്തെന്നും. രണ്ടംഗങ്ങൾ രണ്ട് തീയതി പറയുന്ന സ്ഥിതിക്ക് നിങ്ങൾ തമ്മിൽ ചർച്ച ചെയ്തൊരു തീരുമാനത്തിലെത്തൂ എന്നദ്ദേഹം ഉപദേശിച്ചു. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത് 12നോ 15നോ എന്നതിൽ അങ്ങേക്കൊരു ധാരണയുണ്ടായാൽ മതിയെന്നാണ് ഷാഫി പറമ്പിലിന്റെ മറുപടി. പ്രസംഗം പത്ത് മിനിട്ടോടടുത്തപ്പോൾ ഷാഫിയോട് നിറുത്താൻ സ്പീക്കറാവശ്യപ്പെട്ടത് രുചിക്കാത്ത പ്രതിപക്ഷം സ്പീക്കറോട് കൊമ്പുകോർത്തു. നടുത്തള പ്രതിഷേധത്തിലേക്ക് വരെ കാര്യങ്ങളെത്തിച്ചു. ഭരണപക്ഷക്കാരും മുന്നോട്ട് നീങ്ങി ശൗര്യം കാട്ടിയതോടെ അംഗങ്ങളെ ശാന്തരാക്കാൻ സ്പീക്കർ സീറ്റിൽ നിന്നെഴുന്നേൽക്കുന്ന അസാധാരണസ്ഥിതിയുണ്ടായി. കസ്റ്റഡിയിലെടുക്കുന്നവരുടെ ജനനേന്ദ്രിയത്തിൽ കാന്താരിമുളക് തേയ്ക്കാനായി നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ കാന്താരിത്തൈകൾ നട്ടുപിടിപ്പിച്ചിട്ടുണ്ടെന്ന വിവരമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പങ്കുവയ്ക്കാനുണ്ടായിരുന്നത്. ആൾക്കൂട്ട കൊലപാതകത്തിനെതിരെ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം സഭ ഐകകണ്ഠ്യേന പാസാക്കി. ആൾക്കൂട്ട കൊലപാതകത്തിനെതിരായ പ്രമേയത്തെ പിന്തുണച്ച കോൺഗ്രസിന് രാജസ്ഥാനിലെയും മദ്ധ്യപ്രദേശിലെയും സ്വന്തം സർക്കാരിന്റെ സമീപനത്തെപ്പറ്റി എന്ത് പറയാനുണ്ടെന്നാണ് കെ. സുരേഷ് കുറുപ്പിന്റെ ചോദ്യം. മുസ്ലിങ്ങൾക്കിടയിൽ നിരീശ്വരവാദപ്രചാരണത്തിന് അതേ സമുദായത്തിലുള്ളവരെ നിയോഗിച്ച സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ എത്തീസ്റ്റ് വിഭാഗത്തിന്റെ തന്ത്രം മുസ്ലിംലീഗിനെ എതിർക്കാൻ സി.പി.എമ്മും പയറ്റുന്നുവെന്ന് സംശയിച്ചത് എം.കെ. മുനീറാണ്. 'സിമിയിലൊക്കെ അനാഥനായി നിന്നയാളെ പോറ്റി വളർത്തിയത് ലീഗാണ്. സി.പി.എം രണ്ടാനമ്മയാണ്. പോറ്റിവളർത്തിയയാളെ തള്ളിപ്പറഞ്ഞയാൾക്ക് രണ്ടാനമ്മയെ തള്ളിപ്പറയാൻ വലിയ ബുദ്ധിമുട്ടുണ്ടാവില്ല'- മുനീർ മുന്നറിയിപ്പ് നൽകിയപ്പോൾ അപ്പുറത്ത് കേൾക്കാൻ ഭാഗ്യത്തിനോ നിർഭാഗ്യത്തിനോ മന്ത്രി കെ.ടി. ജലീലോ പി.ടി.എ. റഹിമോ ഉണ്ടായില്ല!