നെടുമങ്ങാട്: അമ്മയുടെ കാമുകൻ അനീഷിനെക്കൊണ്ട് വിവാഹം കഴിപ്പിക്കാനുള്ള ശ്രമത്തെ ചെറുത്തതാണ് നെടുമങ്ങാട്ട് പതിനാറുകാരി മീരയുടെ കൊലപാതകത്തിൽ കലാശിച്ചതെന്ന് വ്യക്തമായി. മീരയുടെ അമ്മ തെക്കുംകര പറണ്ടോട് കുന്നിൽ വീട്ടിൽ മഞ്ജുഷയും കാമുകൻ കാരാന്തല കുരിശടി മുക്കിൽ അനീഷും ചോദ്യം ചെയ്യലിൽ ഇക്കാര്യം സമ്മതിച്ചു. അനീഷുമായുള്ള തന്റെ അടുപ്പം തുടരാൻ മകളെ ഇയാൾക്ക് വിവാഹം ചെയ്‌തു നൽകാൻ ആലോചിച്ചിരുന്നതായും മീര ഇതിനെ എതിർത്തെന്നുമാണ് മഞ്ജുഷയുടെ മൊഴി. പ്രായപൂർത്തിയായ ശേഷം മീരയെ അനീഷിന് വിവാഹം ചെയ്‌തു കൊടുത്താൽ താനും അനീഷും തമ്മിലുള്ള ബന്ധം രഹസ്യമായി തുടരാമെന്നായിരുന്നു മഞ്ജുഷയുടെ കണക്കുകൂട്ടൽ. അനീഷിന്റെ പെരുമാറ്റവും അമ്മയുമായുള്ള ഇടപെടലും എതിർത്തിരുന്ന മീരയെ പറഞ്ഞു മനസിലാക്കാൻ ഇവർ ശ്രമിച്ചു. എന്നാൽ അനീഷുമായുള്ള ബന്ധം തുടരാനാവില്ലെന്ന മീരയുടെ നിലപാടിൽ മാറ്റമുണ്ടായില്ല. ഇതിന്റെ പക മനസിൽ സൂക്ഷിച്ച ഇരുവരും കുട്ടിയെ വകവരുത്താൻ തീരുമാനിക്കുകയായിരുന്നു.10ന് രാത്രി 8.30ഓടെ അനീഷ് വീട്ടിലെത്തി മഞ്ജുഷയുമായി മുറിയിൽ കഴിഞ്ഞത് മീര ചോദ്യം ചെയ്‌തു. ഇതേ തുടർന്ന് കട്ടിലിൽ ഇരിക്കുകയായിരുന്ന കുട്ടിയെ മഞ്ജുഷ ഷാൾ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിക്കുകയായിരുന്നു. അബോധാവസ്ഥയിലായ മീര മരിച്ചുകാണുമെന്ന് കരുതി ബൈക്കിൽ കയറ്റി അനീഷിന്റെ വീടിന് സമീപമെത്തിച്ച് കിണറ്റിൽ തള്ളുകയായിരുന്നു. കൊലപാതകത്തിനുപയോഗിച്ച ഷാളുമായാണ് ഇവർ തമിഴ്‍നാട്ടിലേക്ക് പോയത്. നാഗർകോവിലിന്‌ സമീപം ഉപേക്ഷിച്ച ഷാൾ തെളിവെടുപ്പിനിടെ പൊലീസ് കണ്ടെടുത്തിരുന്നു. നാല് ദിവസത്തെ തെളിവെടുപ്പിന് ശേഷം മഞ്ജുഷയെയും അനീഷിനെയും നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ശേഷം ജയിലിലടച്ചു. നെടുമങ്ങാട് സി.ഐ രാജേഷ് കുമാറും എസ്.ഐ സുനിൽഗോപിയും തെളിവെടുപ്പിന് നേതൃത്വം നൽകി.