kfpsa
കേരള ഫോറസ്ററ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ നാൽപത്തി അഞ്ചാമത് സംസ്ഥാന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു. ജനറൽ സെക്രട്ടറി എം. മനോഹരൻ, സംസ്ഥാന പ്രസിഡന്റ് എം.എസ്. ബിനുകുമാർ, കേരള എൻ.ജി.ഒ യൂണിയൻ ജനറൽ സെക്രട്ടറി ടി.സി.മാത്തുക്കുട്ടി കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി.എസ്.ബൈജു തുടങ്ങിയവർ സമീപം

തിരുവനന്തപുരം : വനഭൂമിയിൽ അവകാശം ലഭിക്കാനായി ആദിവാസികൾ നൽകിയ അപേക്ഷകളിന്മേൽ ചിലരെല്ലാം മുഖം തിരക്കുകയാണെന്നും ഇതിനാൽ ഭൂരിപക്ഷം അപേക്ഷകളിലും തീർപ്പുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദിവാസികൾക്ക് വനത്തിൽ താമസിക്കാനും വനവിഭവങ്ങൾ അനുഭവിക്കാനും അനുവദിക്കുന്ന വനാവകാശ നിയമം കൃത്യമായി പാലിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം. ഇടതുപക്ഷം പിന്തുണ കൊടുത്ത ഒന്നാം യു.പി.എ സർക്കാരിന്റെ കാലത്താണ് വനവാസികൾക്ക് അനുകൂലമായ നിരവധി തീരുമാനങ്ങൾ കേന്ദസർക്കാരിൽ നിന്നും ഉണ്ടായത്. എന്നാൽ കോർപ്പറേറ്റുകൾക്ക് വനഭൂമി പതിച്ചു നൽകുകയും വനത്തിന്റെ അവകാശികളായ ആദിവാസികളെ കാട്ടിൽ നിന്നും ഇറക്കിവിടുകയും ചെയ്ത സംഭവങ്ങൾ വനാവകാശ നിയമം നടപ്പാക്കുന്നതിൽ വീഴ്‌ച വരുത്തുന്നതിന്റെ തെളിവാണ്. മുപ്പത്തിഅഞ്ച് ശതമാനം വനഭൂമി വേണ്ടിടത്ത് ഇപ്പോൾ ഇരുപത്തിയാറ് ശതമാനം മാത്രമേയുള്ളൂ. വനമേഖലയുടെ കുറവ് കാലാവസ്ഥ വ്യതിയാനത്തിന് കാരണമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എം.എസ് . ബിനുകുമാർ അദ്ധ്യക്ഷത വഹിച്ചു. മേയർ വി.കെ.പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി.

സംഘാടകർക്ക് മുഖ്യമന്ത്രിയുടെ വിമർശനം

ഫോറസ്റ്റ് ജീവനക്കാരുടെ ആവശ്യങ്ങൾ ഓരോന്നും അവതരിപ്പിക്കുകയും ആവശ്യങ്ങൾ സംബന്ധിച്ച നിവേദനം യോഗത്തിൽ നൽകുമെന്ന് പറയുകയും ചെയ്ത സ്വാഗത പ്രസംഗികന് മുഖ്യമന്ത്രിയുടെ വിമർശനം. സംഘടനകൾക്ക് പ്രശ്നങ്ങൾ ഉണ്ടാകാം.അത് സമ്മേളനത്തിൽ അവതരിപ്പിച്ച് പരിഹാരം കാണാമെന്ന് വിചാരിക്കരുത്. അതിന് പ്രത്യേകമായി നിവേദനം തയാറാക്കി ആർക്കാണോ കൊടുക്കേണ്ടത് അയാൾക്ക് കൊടുക്കണം . അതാണ് രീതി. ഇത്തരം പ്രാഥമിക കാര്യങ്ങൾ അറിയാൻ ശ്രമിക്കണമെന്നും മുഖ്യമന്ത്രി ഉദ്‌ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു.