legislative-assembly

തിരുവനന്തപുരം: ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ രൂക്ഷമായ വാദപ്രതിവാദങ്ങൾക്കും എടാ പോടാ വിളികൾക്കും പതിനഞ്ചാം സമ്മേളനത്തിന്റെ അവസാന ദിനമായ ഇന്നലെ നിയമസഭ സാക്ഷ്യം വഹിച്ചു.

ആട്ടോ ഡ്രൈവറായ ഹക്കിമിനെ നെടുങ്കണ്ടം പൊലീസ് മർദ്ദിച്ച സംഭവം ചൂണ്ടിക്കാട്ടിയുള്ള അടിയന്തര പ്രമേയാവതരണത്തിന് നോട്ടീസ് നൽകിയ ഷാഫി പറമ്പിൽ സംസാരിക്കാൻ എണീറ്റപ്പോൾ തന്നെ ഭരണപക്ഷം തടസവാദമുയർത്തി. നോട്ടീസ് നൽകിയതിന് പുറമെ മറ്റ് നാലു വിഷയങ്ങൾ കൂടിയുള്ളതിനാൽ അനുവദിക്കാൻ പാടില്ലെന്ന് മന്ത്രി എ.കെ.ബാലൻ വാദിച്ചു. അതിനെ പ്രതിപക്ഷത്ത് നിന്നും വി.ഡി.സതീശൻ എതിർത്തു.. വിഷയത്തിനകത്തു നിന്ന് സംസാരിക്കാൻ ഷാഫിയോട് സ്പീക്കർ ആവശ്യപ്പെട്ടു.

ആഭ്യന്തരവകുപ്പിന്റെ വീഴ്ചകൾ അക്കമിട്ട് നിരത്തിയുള്ള ഷാഫി പറമ്പിലിന്റെ പ്രസംഗം ഏഴാം മിനിട്ടിൽ എത്തിയപ്പോൾ ചുരുക്കണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടു. പത്ത് മിനിട്ട് അംഗത്തിന്റെ അവകാശമാണെന്ന് പ്രതിപക്ഷം വാദിച്ചു. അങ്ങനെ നിയമമില്ലെന്നും ചെറുപ്രസംഗമേ പാടുള്ളൂ എന്നും സ്പീക്കർ പറഞ്ഞു. ഇതിൽ പ്രതിഷേധിച്ച് സ്പീക്കർക്കു മുന്നിലേക്ക് പ്രതിപക്ഷ അംഗങ്ങൾ അടുത്തു. പ്രതിരോധിക്കാനായി ഭരണപക്ഷ അംഗങ്ങളും . പരസ്പരം പോർ വിളികളും എടാ,പോടാ വിളികളുമായി. സ്പീക്കർ എഴുന്നേറ്റു നിന്ന് ആവശ്യപ്പെട്ടപ്പോഴാണ് അംഗങ്ങൾ ഇരിപ്പിടങ്ങളിലേക്കു മടങ്ങിയത്.

വാക്പോര് ഇങ്ങനെ

''പാർട്ടി കോടതിയുടെ ശൈലിയിലാണോ പൊലീസും പ്രവർത്തിക്കുന്നത്? എല്ലാദിവസവും ആളെകൊല്ലുന്നതിനെയാണോ ഒറ്റപ്പെട്ട സംഭവം എന്നു പറയുന്നത്. എപ്പോഴും ശക്തമായ നടപടിയുണ്ടാകും എന്നു പറയുന്ന മുഖ്യമന്ത്രി ആ സി.ഡി ഒന്നു മാറ്റിയിടണം. വിനായകൻ, സാബു, രജീഷ്, ശ്രീജിത്ത്... എന്നിങ്ങനെ പൊലീസിന്റെ പ്രത്യക്ഷവും പരോഷവുമായ ഇടപെടൽ കാരണം 38 പേരാണ് കഴിഞ്ഞ മൂന്നുകൊല്ലത്തിനുള്ളിൽ കൊല്ലപ്പെട്ടത്. പൊലീസിന്റെ നിരന്തര വീഴ്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണം''- ഷാഫി പറമ്പിൽ

''ആട്ടോക്കാരൻ ഹക്കിമിനെ മർദ്ദിച്ചെന്ന പരാതിയിൽ രണ്ടു പൊലീസുകാർക്കെതിരെ കേസെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ ലാൽ, മധു ഈച്ചരേത്ത്, ഹനീഫ എന്നിവരുടെ പേരുകൾ കൂടി പറയാമായിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 13 കസ്റ്റഡി മരണങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.''- മുഖ്യമന്ത്രി പിണറായി വിജയൻ

''യു.ഡി.എഫിന്റെ കാലത്ത് കസ്റ്റഡിമരണം സംഭവിച്ചപ്പോൾ ജൂ‌ഡിഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. നിങ്ങൾക്ക് അതിന് ധൈര്യമുണ്ടോ?''- പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല

''ജനമൈത്രി പൊലീസ് കൊലമൈത്രി പൊലീസായി മാറി''- ഡോ.എം.കെ.മുനീർ, മുസ്ലിം ലീഗ് കക്ഷി നേതാവ്