george-kutty

തിരുവനന്തപുരം: കാറിൽ 20 കോടിയുടെ ഹാഷിഷ് ഓയിൽ കടത്തുന്നതിനിടെ കോവളം വാഴമുട്ടത്ത് അറസ്റ്റിലായ പ്രതി ബംഗളൂരുവിൽ തെളിവെടുപ്പിനിടെ എക്സൈസ് സംഘത്തെ വെട്ടിച്ച് രക്ഷപ്പെട്ടു. കോട്ടയം നീണ്ടൂർ സ്വദേശി ജി.കെ എന്നു വിളിക്കുന്ന ജോർജ് കുട്ടിയാണ് (34) ഇന്നലെ വൈകിട്ട് കടന്നത്.

ജോർജ് കുട്ടിയുമായി കോട്ടയം,​ തേനി എന്നിവിടങ്ങളിൽ എക്സൈസ് സംഘം തെളിവെടുത്തിരുന്നു. ഇവിടങ്ങളിൽ വച്ചാണ് കാറിന്റെ ഡിക്കിയിൽ സ്‌റ്റെപ്പിനി ടയർ വയ്‌ക്കുന്നതിന്റെ അടിയിൽ പ്രത്യേക അറ ഉണ്ടാക്കി ഹാഷിഷ് ഓയിൽ കടത്തിയത്. ഇവിടങ്ങളിലെ തെളിവെടുപ്പിന് ശേഷമാണ് ബംഗളൂരുവിലേക്ക് കൊണ്ടുപോയത്. മജസ്റ്റിക്കിൽ എത്തിയപ്പോൾ മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടു. എക്സൈസ് സംഘം വാഹനം നിറുത്തി ഇയാളെ പുറത്തിറക്കി. കൈയിലെ വിലങ്ങ് അഴിച്ചപ്പോൾ പൊലീസ് സംഘത്തെ തള്ളിവീഴ്‌ത്തിയ ശേഷം ജോർജ് കുട്ടി രക്ഷപ്പെടുകയായിരുന്നു. എക്സൈസ് സംഘം ഇയാൾക്ക് പിന്നാലെ ഓടിയെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല.

റെയിൽവേ സ്റ്റേഷൻ,​ ബസ് സ്റ്റാൻഡ് തുടങ്ങിയ ഇടങ്ങളിലെല്ലാം പ്രതിക്കായി പൊലീസ് നിരീക്ഷണം ശക്തമാക്കി. ബംഗളൂരു പൊലീസിന്റെ സഹായവും തേടി. വിവരമറിഞ്ഞ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അനിൽകുമാർ ബംഗളൂരുവിലേക്ക് പോയിട്ടുണ്ട്. ബംഗളൂരു കേന്ദ്രമാക്കി കേരളത്തിലേക്ക് ലഹരിക്കടത്ത് നടത്തുന്ന ജോർജ് കുട്ടിക്ക് ആന്ധ്രയിലെ ലഹരി മാഫിയയുമായി അടുത്ത ബന്ധമുണ്ട്. ബംഗളൂരുവിലാണ് ഇതു സംബന്ധിച്ച കേസ് രജിസ്റ്റർ ചെയ്തത്. കോട്ടയം ഏറ്റുമാനൂരിൽ എസ്.ഐയെ കുത്തി പരിക്കേല്പിച്ചതുൾപ്പെടെ നിരവധി ക്രിമിനൽ കേസിലും പ്രതിയായ ഇയാൾക്കെതിരെ കോട്ടയത്ത് കാപ്പ ചുമത്തിയിട്ടുണ്ട്.