maniyaravila

മലയിൻകീഴ്: രോഗത്തിന് ചികിത്സ തേടി മലയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിയാൽ മടങ്ങുന്നത് മറ്റു പല രോഗങ്ങളും കൊണ്ടായിരിക്കുമെന്നാണ് രോഗികളുടെ ആശങ്ക. പ്രദേശവാസികളും പകർച്ചവ്യാധി ഭീഷണിയിലാണ്. ആശുപത്രിക്ക് സമീപത്തെ ഓടയാണ് വില്ലൻ!.

'മണിയറവിള - മലയിൻകീഴ് റോഡിൽ മലയിൻകീഴ് താലൂക്ക് ആശുപത്രി മതിലിനോട് ചേർന്നുള്ള ഓടയിലൊഴുകുന്നത് വെറും ജലമല്ല, മറിച്ച് സാംക്രമിക രോഗങ്ങളുടെ കുത്തൊഴുക്കാണ്. ഇതിലെ ഓരോ തുള്ളി ജലവും ഒരായിരം രോഗങ്ങൾ പരത്തും. കാരണം അത്രയേറെ ദുഷിച്ച മാലിന്യമാണ് ഇതിലൂടെ ഒഴുകുന്നത്.' - പ്രദേശവാസിയുടെ വാക്കുകൾ യാഥാർത്ഥ്യമാണെന്ന് ഓട കണ്ടാൽ ബോദ്ധ്യപ്പെടും. ആശുപത്രിയിൽ നിന്നുള്ള മാലിന്യം ഉൾപ്പെടെ നിരവധി അഴുക്കുകൾ ഈ ഓടയിൽ കെട്ടിക്കിടക്കുകയാണ്.

അടുത്തിടെ ഈ റോഡ് നവീകരിച്ചിരുന്നെങ്കിലും ഓടയിലെ മലിനജലം ഒഴുകി പോകുന്നതിനുള്ള സംവിധാനം ഒരുക്കിയിരുന്നില്ല. തന്മൂലം മലിനജലവും മാലിന്യങ്ങളും കെട്ടിക്കിടക്കുകയാണ്. ആശുപത്രിയിലെത്തുന്നവർക്കും സമീപവാസികൾക്കും ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഓടയിൽ സ്ലാബ് ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ അറവുമാലിന്യം ഉൾപ്പെടെയുള്ളവ കൊണ്ടിടുന്നുണ്ട്. മാംസ-ഭക്ഷണാവശിഷ്ടങ്ങൾ വരെ ചാക്കുകളിലാക്കി ഓടയിലും സമീപത്തും വലിച്ചെറിയുന്നു. ആശുപത്രി പരിസരത്ത് മഴക്കാല പൂർവശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. ആശുപത്രി പരിസരത്തും സമീപത്തുമായി മലിനജലം കെട്ടിക്കിടക്കുന്നത് ചികിത്സ തേടി എത്തുന്നവർക്ക് മറ്റ് രോഗങ്ങൾ വരാനിടയാക്കുമെന്ന ആശങ്ക പരത്തുന്നു. മഴക്കാലത്ത് മേപ്പൂക്കട-മണിയറവിള ഇടറോഡിൽ നിന്നുള്ള വെള്ളം ആശുപത്രിക്ക് മുന്നിലൂടെ മണിയറവിള ഭാഗത്തെ ഓടയിലാണ് പതിക്കുന്നത്. മാലിന്യം അടിയന്തരമായി നീക്കം ചെയ്യുന്നതിന് അധികൃതർ നടപടി സ്വീകരിക്കണ മെന്നാണ് നാട്ടുകാരുടെ ആവശ്യം.

തിരക്കേറിയ പ്രദേശം

മലയിൻകീഴ് ഗ്രാമപഞ്ചായത്തിലെ മേപ്പൂക്കട, ബ്ലോക്ക് ഓഫീസ് വാർഡുകളിലുൾപ്പെട്ട ഈ ഭാഗത്ത് സദാസമയവും ജനത്തിരക്കുണ്ടാകാറുണ്ട്. മണിയറവിള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനെ താലൂക്ക് ആശുപത്രിയായി ഉയർത്തിയതോടെ തിരക്ക് വളരെക്കൂടി. ആശുപത്രി മതിലിനോട് ചേർന്ന് തൊട്ട് തഴെയുള്ള പൊതു ഓടയിലാണ് മലിനജലം കെട്ടി നിൽക്കുന്നത്.

പ്രതിഷേധം ശക്തം

മലയിൻകീഴ് ജംഗ്ഷൻ ഉൾപ്പെടെയുള്ള ഭാഗം വരെ പൊതു ഓടയിൽ കെട്ടിക്കിടന്ന മാലിന്യം പഞ്ചായത്ത് നീക്കംചെയ്തിരുന്നു. എന്നാൽ താലൂക്ക് ആശുപത്രി പരിസരത്തുള്ള ഓടയിലെ മാലിന്യം നീക്കം ചെയ്തില്ല. ഇതിനെതിരെ വൻ പ്രതിഷേധം ഉയർന്നിട്ടുണ്ട്. മലയിൻകീഴ് പഞ്ചായത്ത് അധികൃതർക്ക് നാട്ടുകാർ പരാതി നൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല.