തിരുവനന്തപുരം: കാരുണ്യ ഇൻഷ്വറൻസ് പദ്ധതിയിൽ അംഗമാവാത്തവരും മൂന്ന് ലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവരുമായ എല്ലാവർക്കും അക്രെഡിറ്രഡ് ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭ്യമാക്കുമെന്ന് മന്ത്രി തോമസ് ഐസക് നിയമസഭയിൽ പറഞ്ഞു. ഇതിനുള്ള പണം സർക്കാർ നൽകും.
നേരത്തേ ഉണ്ടായിരുന്ന കാരുണ്യ പദ്ധതിയുടെ കാലാവധി അവസാനിച്ചു. പുതിയ പദ്ധതി ഏപ്രിൽ ഒന്നിന് നിലവിൽ വന്നു. പഴയ പദ്ധതിയുടെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു. ഹീമോഫീലിയ പോലുള്ള രോഗങ്ങൾ പുതിയ ഇൻഷ്വറൻസ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടില്ല. എന്നാൽ അത്തരം രോഗികൾക്കും ചികിത്സാസൗകര്യം ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. 42 ലക്ഷം കാർഡുകളാണ് ഉണ്ടായിരുന്നത്. ഇതിൽ 60 ശതമാനവും പുതിയ കാർഡിലേക്ക് മാറി. 30 രൂപ പ്രിമിയത്തിന് അഞ്ച് ലക്ഷം വരെ ചികിത്സാ ആനുകൂല്യം കിട്ടുന്നത് നല്ല പദ്ധതിയായി തോന്നിയതിനാലാണ് സർക്കാർ സ്വീകരിച്ചത്.
ആർ.സി.സിയിൽ പദ്ധതി നടപ്പാക്കുന്നതിന് ഒരു പ്രയാസവുമില്ല. അവിടെ പദ്ധതി മുഖേനയുണ്ടാകുന്ന അധിക ചെലവ് സർക്കാർ വഹിക്കും. ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് പദ്ധതിയിൽ പങ്കാളിയാകുന്നതു സംബന്ധിച്ച് കേന്ദ്രസർക്കാരുമായി ചർച്ച നടത്തുന്നുണ്ട്. ധനവിനിയോഗ ബിൽ സഭ പാസാക്കി.