ചിറയിൻകീഴ്: വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ചിറയിൻകീഴ് - പെരുമാതുറ റൂട്ടിലെ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനഃരാരംഭിച്ചു. ഡെപ്യൂട്ടി സ്പീക്കർ വി.ശശി ഇതിന്റെ ഉദ്ഘാടനം ചെയ്തു. ചിറയിൻകീഴ് ബസ് സ്റ്റാൻഡിൽ ചേർന്ന യോഗത്തിൽ ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡീന അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ്, പി. മണികണ്ഠൻ, കളിയിപ്പുര രാധാകൃഷ്ണൻ നായർ, വി. വിജയകുമാർ, ഫിറോസ് ലാൽ, ജി. വ്യാസൻ, മോനി ശാർക്കര, ആന്റണി ഫെർണാണ്ടസ്, സരിത, ബീജ സുരേഷ്, ജ്യോതി, അനി എന്നിവർ പങ്കെടുത്തു.
പെരുമാതുറ - ചിറയിൻകീഴ് റൂട്ടിൽ കഴിഞ്ഞ കുറെ വർഷങ്ങളായി കെ.എസ്.ആർ.ടി.സി ബസ് സർവീസ് നിറുത്തിവച്ചിരിക്കുകയായിരുന്നു. ഇത് കാരണം ഈ മേഖലയിലെ ജനങ്ങൾക്ക് യാത്രക്ളേശം പതിവായിരുന്നു. ആട്ടോറിക്ഷയായിരുന്നു സാധാരണക്കാരന് ആശ്രയം. ആളെ കയറ്റുന്നതുമായി ബന്ധപ്പെട്ട് പലപ്പോഴും ഇരു പ്രദേശങ്ങളിലെയും ആട്ടോത്തൊഴിലാളികൾ തമ്മിൽ തർക്കമുണ്ടാവുകയും പിന്നീടിത് കയ്യാങ്കളിയിലേക്ക് നീങ്ങുന്നതും പതിവായിരുന്നു.
ബസ് സർവീസ് നിലവിൽ വരുന്നതോടെ ഈ വിഷയങ്ങൾക്ക് പരിഹാരമാകുമെന്നാണ് കരുതുന്നത്. നിലവിൽ രണ്ട് ബസുകളാണ് പ്രദേശത്ത് സർവീസ് നടത്തുന്നത്.