മലയിൻകീഴ്: പെരുകാവ് പഴവീട് ദേവീക്ഷേത്രത്തിന് സമീപത്തെ വാടക വീട്ടിൽ അനിതാ ദേവിയുടെ മകൻ അനന്ദുഭദ്രന്റെ (23) മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണം. മലയിൻകീഴ് മീഡിയാ സെന്ററിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അവർ ഇക്കാര്യം ആരോപിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി 2 നാണ് അനന്ദുഭദ്രനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മകന്റെ മരണശേഷം പിതാവിനോടൊപ്പം വട്ടിയൂർക്കാവ് തിട്ടമംഗലം കദളിക്കുഴിവിള കാർത്തികയിലാണ് അനിതാദേവി താമസിക്കുന്നത്. മരണത്തിൽ ദുരൂഹത ആരോപിച്ച് ഡി.ജി.പി,ഹോം സെക്രട്ടറി എന്നിവർക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായിട്ടില്ല.
ഭർത്താവിന്റെ മരണശേഷം റിട്ട. എസ്.പിയുടെ ഉടമസ്ഥതയിലുള്ള പെരുകാവിലെ വാടക വീട്ടിൽ അനിതയും മകനും മാത്രമാണ് താമസിച്ചിരുന്നത്. ഫോട്ടോഗ്രഫറായ അനന്ദു മാത്രമാണ് സംഭവ ദിവസം വീട്ടിലുണ്ടായിരുന്നത്. അന്ന് അപരിചിതരായ മൂന്നു പേർ വീട്ടിലെത്തി ബഹളമുണ്ടാക്കിയതായും പ്രദേശവാസികൾ പൊലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ ഇവരെ കണ്ടെത്താനോ ചോദ്യം ചെയ്യാനോ തയ്യാറായില്ല. ദേഹമാസകലം മുറിവുകളും അടിയുടെ പാടുകളും ഉണ്ടായിരുന്നു. അനന്ദു തൂങ്ങി നിന്ന ഹാളിലും കിടപ്പുമുറിയുടെ ചുവരിലും രക്തക്കറയും കാണപ്പെട്ടു. ആസൂത്രിതമായി ചെയ്ത കൊലപാതകമാണെന്നാണ് അനിതയുടെ ആരോപണം. മകന്റെ ചില സുഹൃത്തുക്കൾ അപകട മുന്നറിയിപ്പ് നൽകിയതായും അനിത പറയുന്നു. മലയിൻകീഴ് പൊലീസ് തെളിവെടുപ്പിന് കൊണ്ടു പോയ മകന്റെ മൊബൈൽ ഫോൺ തിരികെ നൽകിയപ്പോൾ മെമ്മറി കാർഡ് ഊരി മാറ്റിയിരുന്നു. ഫേസ് ബുക്ക്, വാട്സാപ് സംവിധാനങ്ങൾ നീക്കിയിരുന്നു. മരണം നടന്ന് അഞ്ചു മാസം പിന്നിട്ടിട്ടും ഫോറൻസിക് റിപ്പോർട്ടും ഫൈനൽ റിപ്പോർട്ടും നൽകാൻ പൊലീസ് തയ്യാറായില്ലത്രേ. ആരെയോ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്ന് അനിത ആരോപിക്കുന്നു. അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് അനിതാദേവി കഴിഞ്ഞ ദിവസം നെടുമങ്ങാട് ഡിവൈ.എസ്.പി സ്റ്റുവർട്ട് കീലർക്ക് പരാതി നൽകി.