jose

തിരുവനന്തപുരം: നിപ്പ പടർന്നുപിടിച്ച സമയത്ത് കോഴിക്കോട് നടത്തിയ പ്രവർത്തനങ്ങളിലൂടെ ജനങ്ങളുടെ മനസിൽ ഇടംപിടിച്ച കളക്ടർ യു.വി.ജോസ് ഇനി പി.ആർ.ഡിയുടെ ഭരണച്ചുമതലയിൽ. നിലവിൽ ലൈഫ് മിഷൻ സി.ഇ.ഒയുടെ ചുമതല വഹിക്കുന്ന അദ്ദേഹത്തിന് അധികച്ചുമതലയാണിത്. നേരത്തെ കോട്ടയം, കോഴിക്കോട് ജില്ലാ കളക്ടർ, ടൂറിസം വകുപ്പ്, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്‌സ്), ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവൽ എന്നിവയുടെ ഡയറക്ടർ, കെ.എസ്.യു.ഡി.പി പ്രോജക്ട് ഡയറക്ടർ തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.

നിപ്പ കൂടാതെ പ്രളയം, കരിഞ്ചോലമല, കണ്ണപ്പൻകുണ്ട് ഉരുൾപൊട്ടൽ തുടങ്ങിയവ ദുരിതം വിതച്ചപ്പോൾ ജില്ലയുടെ നായകനായി ജോസ് ഉയരുകയായിരുന്നു. 2008 ൽ ഐ.എ.എസ് നേടിയാണ് അഡ്മിനിസ്‌ട്രേഷൻ സർവീസിലേക്കെത്തിയത്. കളക്ടറേറ്റിലൊതുങ്ങാതെ, പൊതുജനപങ്കാളിത്തത്തോടെയും സഹകരണത്തോടെയും വിവിധ പദ്ധതികൾ അദ്ദേഹം നടപ്പാക്കി. അതിൽ കനോലി കനാൽ ശുചീകരണം പദ്ധതി സംസ്ഥാനത്തൊട്ടാകെ ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.

വയനാട് മാനന്തവാടി സ്വദേശിയാണ്. പാലക്കാട് എൻജിനിയറിംഗ് കോളേജിൽ നിന്ന് സിവിൽ എൻജിനിയറിംഗിൽ ബിരുദവും ഡൽഹി സ്കൂൾ ഒഫ് പ്ളാനിംഗ് ആൻഡ് ആർക്കിടെക്ടിൽ ബിരുദാനന്തര ബിരുദവും നേടി. 1989ൽ പത്തനംതിട്ട ടൗൺപ്ലാനർ ഓഫീസറായാണ് സർക്കാർ സർവീസിൽ പ്രവേശിച്ചത്. പീസ് അമ്മയാണ് ഭാര്യ. ഡീൻ ജോസ്,​ പൂജാ ജോസ് എന്നിവരാണ് മക്കൾ.