തിരുവനന്തപുരം:ആധാരങ്ങളുടെ രജിസ്ട്രേഷനുകളിൽ മുദ്രപത്ര വില കുറച്ചുകാണിച്ചിട്ടുള്ള കേസുകളിൽ, ക്രമക്കേട് കണ്ടെത്തിയാൽ നടപടിക്ക് നോട്ടീസ് നൽകാനുള്ള കാലാവധി 10 വർഷമായി നിജപ്പെടുത്തി. നിലവിൽ കാലാവധി നിജപ്പെടുത്തൽ വ്യവസ്ഥകളുണ്ടായിരുന്നില്ല.
മന്ത്രി തോമസ് ഐസക് അവതരിപ്പിച്ച 2019 ലെ കേരള ധനകാര്യബിൽ ഇതടക്കമുള്ള ഭേദഗതികളോടെ ഇന്നലെ നിയമസഭ പാസാക്കി.
അഞ്ച് ശതമാനം വരെ നികുതി ഏർപ്പെടുത്തിയിട്ടുള്ള സേവനങ്ങളെ പ്രളയസെസിൽ നിന്ന് ഒഴിവാക്കി.നിലവിൽ ഒരു ശതമാനം സെസ് ഉണ്ടായിരുന്ന ഹോട്ടൽ ഭക്ഷണം, ശീതീകരിച്ച ബസ്, ട്രെയിൻ യാത്രക്കൂലി തുടങ്ങിയ സേവനങ്ങളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്. പണം കടം കൊടുക്കുന്നതിന് പരമാവധി 18 ശതമാനം പലിശയേ ഈടാക്കാവൂ എന്നും ബില്ലിൽ വ്യവസ്ഥയുണ്ട്. പണം കൊടുക്കൽ നിയമത്തിന് കീഴിൽ കടം കൊടുക്കുന്നവർക്ക് വായ്പ അനുവദിക്കൽ നടപടിക്രമങ്ങളുടെ പൂർത്തീകരണത്തിന് (പ്രോസസിംഗ് ഫീ) രണ്ട് ശതമാനം ഫീസ് അനുവദിക്കുന്നു.
അടയ്ക്കാ വ്യാപാരികളുടെ നികുതി കുടിശികയ്ക്ക് 2018-19 ലെ ബഡ്ജറ്രിൽ പ്രഖ്യാപിച്ച ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി സെപ്തംബർ 30 വരെ നീട്ടി. അന്തർസംസ്ഥാന വ്യാപാരം നടത്തുന്ന വ്യാപാരികൾ സമർപ്പിച്ച രേഖകളിലെ അവ്യക്തത മൂലം അധിക നികുതി നിർണയമുണ്ടായി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഒറ്റത്തവണ തീർപ്പാക്കൽ നടപ്പാക്കുന്നത്.നിലവിലെ നികുതി നിർണയ മാനദണ്ഡങ്ങൾ ആഡംബര നികുതിക്കും ബാധകമാക്കി. രജിസ്റ്റേഡ് വ്യാപാരികൾ തമ്മിലുള്ള വ്യാപാരത്തിൽ , സ്വകാര്യ ആവശ്യത്തിനുള്ള ചരക്കിന് പ്രളയ സെസ് ബാധകമാക്കും. 10 ശതമാനം ക്ളിപ്ത വിനോദനികുതി എന്ന ബില്ലിലെ വ്യവസ്ഥ 10 ശതമാനം വരെ എന്ന് ഭേദഗതി ചെയ്തിട്ടുണ്ട്.