മകനും 8 യാത്രക്കാർക്കും പരിക്ക്
നെടുമങ്ങാട് : നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് പച്ചക്കറിക്കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ മദ്ധ്യവയസ്കന് ദാരുണാന്ത്യം. പേരയം ഷീബ ഭവനിൽ കെ.ചന്ദ്രൻ (49) ആണ് മരിച്ചത്. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങുവാൻ മകനൊപ്പം എത്തിയ ചന്ദ്രൻ നിയന്ത്രണംവിട്ടെത്തിയ ബസിനടിയിൽപ്പെടുകയായിരുന്നു.
ഇദ്ദേഹത്തിന്റെ മകൻ ആരോമലിന് ഗുരുതരമായി പരിക്കേറ്റു. ഡ്രൈവർ ഉൾപ്പടെ ബസിലുണ്ടായിരുന്ന എട്ട് പേർക്കും പരിക്കുണ്ട്. ചെങ്കോട്ട ഹൈവേയിൽ ആനാട് പുത്തൻ പാലത്തിനും തത്തൻകോടിനും ഇടയ്ക്ക് ഇന്നലെ വൈകിട്ട് മൂന്നോടെയാണ് അപകടമുണ്ടായത്. വിതുരയിൽ നിന്ന് നെടുമങ്ങാട്ടേക്ക് വരികയായിരുന്ന വേണാട് ബസ് നിയന്ത്രണം വിട്ട് റോഡിന്റെ വലത് ഭാഗത്തെ പച്ചക്കറി കടയും സമീപത്തെ ഇലക്ട്രിക് പോസ്റ്റും തകർക്കുകയായിരുന്നു. കടയുടെ മുറ്റത്ത് നിന്ന ചന്ദ്രൻ ബസിനടിയിൽപ്പെട്ടു.ആരോമൽ ഇടിയുടെ ആഘാതത്തിൽ കടയുടെ ഉള്ളിലേയ്ക്ക് തെറിച്ചു വീണു. ചന്ദ്രനുമായി മുന്നോട്ടു നിരങ്ങി നീങ്ങിയ ബസ് കടയുടെ മുൻ വശവും ഇലക്ട്രിക് പോസ്റ്റും തകർത്ത് റോഡരികത്തുള്ള ഷാജഹാന്റെ വീടിനോട് ചേർന്നുള്ള ആക്രിക്കടയിൽ ഇടിച്ചാണ് നിന്നത്. ആക്രി സാധനങ്ങൾക്ക് ഇടയിൽ കുരുങ്ങിയ ചന്ദ്രനെ അരമണിക്കൂറിനു ശേഷം ഫയഫോഴ്‌സും പൊലീസും എത്തി ബസ് പിന്നോട്ട് മാറ്റിയ ശേഷമാണ് പുറത്തെടുത്തത്. ആരോമലിനെ നാട്ടുകാർ ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ഡ്രൈവർ വിതുര ഡിപ്പോയിലെ ലാൽകുമാർ (47),യാത്രക്കാരായ സുനിത പുളിമൂട് (38),ശോഭന ചുള്ളിമാനൂർ (45),രേഷ്മ നെടുമങ്ങാട് (19), സുനീറ തൊളിക്കോട് (40),സലിം (40),റോഷൻ മേമല (19), കമൽരാജ് തൊളിക്കോട് (58) എന്നിവർ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. അപകടത്തെ തുടർന്ന് ഒരു മണിക്കൂറിലേറെ തിരുവനന്തപുരം-ചെങ്കോട്ട റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. ദീർഘകാലം ഗൾഫിലായിരുന്ന ചന്ദ്രൻ ഇപ്പോൾ പേരയം ജംഗ്‌ഷനിൽ ബാർബർ ഷോപ്പ് നടത്തുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടതിന് ശേഷം ഇന്ന് രാവിലെ വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ : ഷീബ.ഏക മകൻ ആരോമൽ (12) നന്ദിയോട് എസ്.കെ.വി എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. ബസിന്റെ സാങ്കേതിക തകരാറാണോ,ഡ്രൈവറുടെ അശ്രദ്ധയാണോ അപകടത്തിന് ഇടയാക്കിയതെന്ന് തെളിയിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ബഹളം വച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എത്തി പരിശോധനയിൽ വണ്ടിക്ക് തകരാർ ഇല്ലെന്ന് അറിയിച്ച ശേഷമാണ് നാട്ടുകാർ പിന്മാറിയത്.