powercut

തിരുവനന്തപുരം: കാലവർഷം ഇനിയും ശക്തിപ്പെടാതെവന്നാൽ സംസ്ഥാനത്ത് പവർകട്ട് ഏർപ്പെടുത്തേണ്ട സ്ഥിതി വരും. അടുത്ത ആഴ്ച ശക്തിപ്പെടുമെന്നാണ് കാലാവസ്ഥാ പ്രവചനം. അതിനാൽ ഈ മാസം 15 വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടതില്ലെന്ന് കെ.എസ്.ഇ.ബി തീരുമാനിച്ചു. 15ന് വീണ്ടും യോഗം ചേർന്ന് സ്ഥിതിഗതികൾ പുനരവലോകനം ചെയ്യുമെന്നും ചെയർമാൻ എൻ.എസ്. പിള്ള പറഞ്ഞു..

അണക്കെട്ടുകളിൽ ഇപ്പോൾ 432 ദശലക്ഷം യൂണിറ്റ് വൈദ്യുതോത്പാദനത്തിനുളള ജലമാണുള്ളത്.

ഈ വർഷം കിട്ടിയത് 168 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം മാത്രം. ഇതിനുമുമ്പ് 305 ദശലക്ഷം യൂണിറ്റായിരുന്നു. ജൂൺ മാസത്തിൽ വന്ന പരമാവധി ഉപഭോഗം 82.19 ദശലക്ഷം യൂണിറ്റും ശരാശരി ഉപഭോഗം 72.54 ദശലക്ഷം യൂണിറ്റുമാണ്. ഈ മാസം പ്രതീക്ഷിക്കുന്ന പരമാവധി നീരൊഴുക്ക് 1523 ദശലക്ഷം യൂണിറ്റാണ്. ഇതിന്റെ 25 ശതമാനം ലഭിക്കുകയാണെങ്കിൽ പോലും ആഗസ്റ്റ് ആദ്യവാരം അലർട്ട് ലെവലായ 392 ദശലക്ഷം യൂണിറ്റിനു മുകളിൽ സംഭരണശേഷി നിലനിറുത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ. ഇപ്പോഴത്തെ സഹചര്യത്തിൽ ചില മുൻകരുതലുകൾ ബോർഡ് സ്വീകരിക്കും. യൂണിറ്റിന് ശരാശരി 60 പൈസ മുതൽ 70 പൈസ വരെ കൂട്ടണമെന്ന് റഗുലേറ്ററി കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുറമെ നിന്ന് വാങ്ങുന്ന വൈദ്യുതിയിൽ അപ്രതീക്ഷിതമായി 300 മെഗാവാട്ടിന്റെ കുറവ് വന്നതുകൊണ്ടാണ്‌ ബുധനാഴ്ച വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നതെന്നും അത് ലോഡ്‌ഷെഡിംഗ് അല്ലെന്നും ചെയർമാൻ വ്യക്തമാക്കി.

മുൻകരുതലുകൾ

ഉപഭോഗം കുറയ്ക്കാൻ എല്ലാ ഉപഭോക്താക്കളോടും അഭ്യർത്ഥിക്കും. വ്യവസായികളോട് സ്വന്തം നിലയിലുള്ള വൈദ്യുതിയുടെ ഉപഭോഗം കൂട്ടാൻ ആവശ്യപ്പെടും. ലഭ്യമായ എല്ലാ സ്രോതസുകളിൽ നിന്നും വൈദ്യുതി എത്തിക്കും. ഇടമൺ- കൊച്ചി 400 കെ.വി ലൈൻ എത്രയും പെട്ടെന്ന് പൂർത്തിയാക്കുന്നതിന് നിയമനടപടികൾ സ്വീകരിക്കും.

ചാർജ് വർദ്ധന

വൈദ്യുതി ബോർഡിന്റെ കമ്മി എണ്ണായിരം കോടി രൂപ കവിഞ്ഞുവെന്ന് ചെയർമാൻ പറഞ്ഞു. ചാർജ് വർദ്ധന ആവശ്യപ്പെട്ട് ‌വരവ് ചെലവ് കണക്കുകൾ റഗുലേറ്ററി കമ്മിഷന് സമർപ്പിച്ചിട്ടുണ്ട്. കമ്മി കൂടിയതുകാരണം കേന്ദ്രസർക്കാരിന്റെ കണക്കിൽ കെ.എസ്.ഇ.ബിക്ക് എ ഗ്രേഡ് നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.