കളിയിൽ ജയിച്ചാലും കണക്കിൽ തോറ്റ് സെമി
കാണാതെ പുറത്താകാൻ പാകിസ്ഥാൻ
ലണ്ടൻ : ഇൗ ലോകകപ്പിൽ സെമിയിൽ കടക്കാനുള്ള പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ അവസാന പ്രതീക്ഷകൾക്ക് മേൽ ആണിയടിച്ച് ഇംഗ്ളണ്ട് കഴിഞ്ഞരാത്രി കിവീസിനെ 119 റൺസിന് കീഴടക്കി. ഇനി ഇന്ന് നടക്കുന്ന തങ്ങളുടെ അവസാന മത്സരത്തിൽ ലോക ക്രിക്കറ്റിൽ ഇതുവരെ സംഭവിച്ചിട്ടില്ലാത്ത രീതിയിൽ വിജയിക്കാൻ കഴിഞ്ഞാലേ പാകിസ്ഥാന് സെമിയിലെത്താൻ കഴിയൂ എന്ന സ്ഥിതിയാണ്.
ബംഗ്ളാദേശിനെ ഇന്ന് തോൽപ്പിക്കാൻ കഴിഞ്ഞാൽ പാകിസ്ഥാന് ഒൻപത് മത്സരങ്ങളിൽനിന്ന് 11 പോയിന്റാകും. ന്യൂസിലൻഡിനും 11 പോയിന്റ്. എന്നാൽ നെറ്റ് റൺറേറ്റാകും ഇവിടെ നിർണായകമാവുക. ന്യൂസിലൻഡിന്റെ നെറ്റ് റൺറേറ്റ് 0.175 ആണ്. പാകിസ്ഥാന്റേത് 0.792 ഉം. നെറ്റ് റൺറേറ്റിൽ പാകിസ്ഥാന് ന്യൂസിലൻഡിനെ മറികടന്ന് നാലാം സ്ഥാനത്തെത്തണമെങ്കിൽ 300 ലേറെ റൺസിന് വിജയം നേടണമെന്ന സ്ഥിതി.
പാകിസ്ഥാന് സെമിയിലെത്താൻ
വേണ്ടത്
ആദ്യം ബാറ്റ് ചെയ്യുകയാണെങ്കിൽ ചുരുങ്ങിയത് 308 റൺസെങ്കിലുമെടുക്കണം. ബംഗ്ളാദേശിനെ 0 റൺസിന് ആൾ ഒൗട്ടാക്കണം.
350 റൺസെടുക്കാനായാൽ 312 റൺസിന്റെയെങ്കിലും വിജയം വേണം (ബംഗ്ളാദേശ് 38 ൽ ആൾ ഒൗട്ടാകണം).
400 റൺസെടുക്കാനായാൽ ബംഗ്ളാദേശിനെ 84 റൺസിൽ പുറത്താക്കണം.
450 റൺസെടുക്കാനായാൽ ബംഗ്ളാദേശിനെ 129 റൺസിനുള്ളിൽ ആൾ ഒൗട്ടാക്കണം.
ബംഗ്ളാദേശിനാണ് ആദ്യബാറ്റിംഗ് എങ്കിൽ ഒട്ടും ടെൻഷനടിക്കേണ്ട, അപ്പോൾത്തന്നെ പാകിസ്ഥാൻ പുറത്തായിക്കോളും.
ഇൗ ലോകകപ്പിൽ മികച്ച ഫോമിലുള്ള ബംഗ്ളാദേശിനെതിരെ പാകിസ്ഥാൻ ഇത്തരത്തിലൊരു പ്രകടനം നടത്തുമെന്ന് പാകിസ്ഥാനികൾപോലും പ്രതീക്ഷിക്കുന്നില്ല. ബംഗ്ളാദേശിനെതിരെ വിജയിക്കാൻ തന്നെ അവർക്ക് കഴിയുന്നകാര്യം സംശയമാണ്.
1992 അവസാനിച്ചു
പാകിസ്ഥാൻ ആദ്യമായും അവസാനമായും ലോകകപ്പ് നേടിയ 1992 ലെ ലോകകപ്പിന് സമാനമായ പ്രകടനമാണ് ഇത്തവണ അവർ നടത്തിയത്. പക്ഷേ ക്ളൈമാക്സ് പൊളിഞ്ഞുപോയി. 92 ൽ ആദ്യമത്സരം തോറ്റുതുടങ്ങിയ പാകിസ്ഥാൻ പിന്നീട് ഒരു വിജയം നേടുകയും ഒരുമത്സരം ഉപേക്ഷിക്കപ്പെടുകയും ചെയ്തു. തുടർന്ന് രണ്ട് കളി തുടർച്ചയായി തോറ്റശേഷം അവസാന നാല് മത്സരങ്ങൾ ജയിച്ച് സെമിയിലെത്തുകയായിരുന്നു. ഇത്തവണയും ഇതേക്രമത്തിലായിരുന്നു ഇതുവരെയുള്ള യാത്ര. എന്നാൽ കിരീടത്തിലെത്തണമെങ്കിൽ അത്‌ഭുതങ്ങൾ സംഭവിക്കണം എന്നതാണ് സ്ഥിതി.
നെറ്റ് റൺ റേറ്റ്
ആസ്ട്രേലിയ + 1.000
ഇന്ത്യ + 0.811
ഇംഗ്ളണ്ട് + 1.152
ന്യൂസിലൻഡ് + 0.175
പാകിസ്ഥാൻ - 0.792
ശ്രീലങ്ക - 0.934
ബംഗ്ളാദേശ് - 0.195
ദക്ഷിണാഫ്രിക്ക - 0.080
വിൻഡീസ് -0.335
അഫ്ഗാൻ - 1.418
ആരാകും ഇന്ത്യയുടെ എതിരാളി
. നിലവിൽ പോയിന്റ് പട്ടികയിൽ ഇന്ത്യ രണ്ടാംസ്ഥാനത്താണ്. ഒരു മത്സരംകൂടി (നാളെ ശ്രീലങ്കയുമായി) അവശേഷിക്കുന്നു
. അവസാന മത്സരം പൂർത്തിയാകുമ്പോഴും ഇന്ത്യ രണ്ടാം സ്ഥാനത്താണെങ്കിൽ സെമിയിൽ മൂന്നാംസ്ഥാനക്കാരെയാകും (ഇംഗ്ളണ്ടിനെ) നേരിടേണ്ടത്.
. നാളെ ആസ്ട്രേലിയ തങ്ങളുടെ അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ നേരിടുന്നുണ്ട്. ഇതിൽ അവർ തോൽക്കുകയും ഇന്ത്യ ശ്രീലങ്കയെ തോൽപ്പിക്കുകയും ചെയ്താൽ ഇന്ത്യ പോയിന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്തെത്തും.
.ഇന്ത്യ ഒന്നാമതായി ഫിനിഷ് ചെയ്താൽ സെമിയിൽ എതിരാളികൾ നാലാം സ്ഥാനക്കാരായ ന്യൂസിലൻഡായിരിക്കും.
. 27
വർഷത്തിന് ശേഷമാണ് ഇംഗ്ളണ്ട് ലോകകപ്പ് ക്രിക്കറ്റിന്റെ സെമിയിലെത്തുന്നത്. 1992 ലായിരുന്നു അവസാന സെമിഫൈനൽ. അന്ന് ഫൈനലിൽ പാകിസ്ഥാനോട് തോൽക്കുകയായിരുന്നു.
2015 ലോകകപ്പിൽ സെമിയിലെത്തിയിരുന്നവരാണ് ഇന്ത്യയും ആസ്ട്രേലിയും ന്യൂസിലൻഡും. സെമിയിൽ ഇന്ത്യയെ തോൽപ്പിച്ച ആസ്ട്രേലിയ ഫൈനലിൽ കിവീസിനെയും കീഴടക്കി കിരീടമണിഞ്ഞു.
1992 ലോകകപ്പിലും പാകിസ്ഥാന്റെ സെമി ഫൈനൽ പ്രവേശനം അവസാനംവരെ തുലാസിലായിരുന്നു. അന്ന് ന്യൂസിലൻഡിനെ അവസാന മത്സരത്തിൽ തോൽപ്പിച്ചാണ് പാകിസ്ഥാൻ ആസ്ട്രേലിയയെ മറികടന്ന് സെമിയിലെത്തിച്ചത്.
1992 ലോകകപ്പിന് ശേഷം റൗണ്ട് റോബിൻ ലീഗ് അടിസ്ഥാനത്തിൽ ലോകകപ്പ് നടക്കുന്നത് ഇപ്പോഴാണ്.
ഇന്ന് ബംഗ്ളാദേശിനെതിരെ ടോസിനിറങ്ങുമ്പോൾത്തന്നെ പാകിസ്ഥാന്റെ കാര്യത്തിൽ തീരുമാനമുണ്ടാകും ബംഗ്ളാദേശ് ആദ്യം ബാറ്റ് ചെയ്യാനിറങ്ങുകയാണെങ്കിൽ പാകിസ്ഥാന് കണക്കുകൂട്ടി വിഷമിക്കേണ്ട കാര്യമേയില്ല. സെമി സാദ്ധ്യത അവസാനിച്ചിരിക്കും.