തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ് നിർണയ നടപടികൾ പൂർത്തിയാക്കി രണ്ട് ദിവസത്തിനകം ഉത്തരവിറങ്ങിയേക്കും.
മെഡിക്കൽ പ്രവേശനത്തിനുള ആദ്യ അലോട്ട്മെൻറിൽ പ്രവേശനം തുടങ്ങുംമുമ്പ് ഫീസ് നിർണയം പൂർത്തിയാക്കാനാണ് ജസ്റ്റിസ് രാജേന്ദ്രബാബു സമിതിയുടെ ശ്രമം. ജൂലായ് ഏഴിനാണ് ആദ്യ അലോട്ട്മെൻറ്. എട്ട് മുതൽ 12 വരെയാണ് കോളജുകളിൽ പ്രവേശനം. താൽക്കാലിക ഫീസിൽ വിദ്യാർഥികൾ പ്രവേശനം നേടുന്ന സാഹചര്യം ഒഴിവാക്കാനാണ് ശ്രമം .
മൂന്ന് ദിവസം കൊണ്ട് 15ൽ അധികം കോളജുകളുടെ ഹിയറിങ് സമിതി പൂർത്തിയാക്കി. അവശേഷിക്കുന്നവയുടെ ഹിയറിംഗ് ഇന്നത്തോടെ പൂർത്തിയാക്കി ശനിയാഴ്ച ഉത്തരവിറക്കാനാണ് ശ്രമം. കേരള ക്രിസ്ത്യൻ പ്രൊഫഷണൽ കോളേജ് മാനേജ്‌മെൻറ് അസോസിയേഷന് കീഴിലുള്ള നാല് കോളജുകളുടെയും ഹിയറിംഗ് ബുധനാഴ്ച പൂർത്തിയാക്കി. മൊത്തം കോളേജുകളുടെയും ഫീസ് ഘടന ഒന്നോ രണ്ടോ ഉത്തരവിലൂടെയായിരിക്കും പ്രസിദ്ധീകരിക്കുകയെന്നാണ് സൂചന. കഴിഞ്ഞ വർഷം വ്യത്യസ്ത ഫീസ് ഘടനയുള്ള കോളേജുകൾക്ക് വെവ്വേറെ ഉത്തരവുകളാണ് സമിതി ഇറക്കിയത്.