copa-america-football
copa america football

ചിലിയെ സെമിയിൽ അട്ടിമറിച്ച് പെറു കോപ്പ

അമേരിക്ക ഫൈനലിൽ

3-0

പോർട്ടോ അലെഗ്രെ : ഇൗ കോപ്പ കണ്ട ഏറ്റവും വലിയ കൊടുങ്കാറ്റായി മാറിയ പെറു സെമിഫൈനലിൽ കഴിഞ്ഞ രണ്ട് ടൂർണമെന്റുകളിലെയും ചാമ്പ്യന്മാരായ ചിലിയെ അട്ടിമറിച്ച് ഫൈനലിലെത്തി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു പെറുവിന്റെ വിജയം. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ പെറു ബ്രസീലിനെ നേരിടും. ചിലി മൂന്നാംസ്ഥാനത്തിന് വേണ്ടി നാളെ അർജന്റീനയെ നേരിടാനിറങ്ങും

ക്വാർട്ടർഫൈനലിൽ ഉറുഗ്വേയെ പെനാൽറ്റി ഷൂട്ടൗട്ടിൽ അട്ടിമറിച്ചെത്തിയ പെറുവിയൻ താരങ്ങൾ സെമി ഫൈനലിൽ അപ്രതീക്ഷിത മികവാണ് പുറത്തെടുത്തത്. ആദ്യ പകുതിയിൽത്തന്നെ രണ്ട് ഗോളുകൾ നേടിയിരുന്ന അവർ ചിലിക്ക് മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള അവസരം പോലും നൽകിയില്ല. അവസാന വിസിൽ മുഴങ്ങുന്നതിന് തൊട്ടുമുമ്പാണ് മൂന്നാം ഗോളും അവർ നിലവിലെ ചാമ്പ്യൻമാരുടെ നെഞ്ചത്തേക്ക് അടിച്ചുകയറ്റിയത്.

21-ാം മിനിട്ടിൽ എഡിസൺ ഫ്ളോറസിലൂടെയാണ് പെറു ആദ്യ ഗോൾ നേടിയത് 38-ാം മിനിട്ടിൽ യോഷിമാർ യോട്ടൺ രണ്ടാം ഗോളും നേടി. 90-ാം മിനിട്ടിൽ പൗളോ ഗ്വിറേറയാണ് ചിലിയുടെ വലയിലെ മൂന്നാം ഗോളിന് അവകാശിയായത്. ഇതോടെ തുടർച്ചയായ മൂന്ന് കോപ്പകൾ നേടിയിട്ടുള്ള അർജന്റീനയുടെ റെക്കാഡിനൊപ്പമെത്താമെന്ന ചിലിയുടെ മോഹങ്ങളാണ് തകർന്നുവീണത്.

പ്രാഥമിക റൗണ്ടിൽ ഗ്രൂപ്പ് എയിൽ ബ്രസീലിനും വെനിസ്വേലയ്ക്കുമൊപ്പം മത്സരിച്ച പെറു ഒാരോ ജയവും തോൽവിയും സമനിലയും നേടി മൂന്നാംസ്ഥാനക്കാരായാണ് ക്വാർട്ടറിലേക്ക് കടന്നത്. പ്രാഥമിക റൗണ്ടിൽ ഏറ്റവും കൂടുതൽ ഗോളുകൾ വഴങ്ങിയ ടീമും (9) പെറുവാണ്

44

വർഷത്തിനു ശേഷമാണ് പെറു കോപ്പ അമേരിക്കയുടെ ഫൈനലിലെത്തുന്നത്. 1975 ലാണ് അവർ അവസാനമായി ഫൈനൽ കണ്ടത്.

3-0

1949 ൽ ബ്രസീലിൽ ആതിഥ്യം വഹിച്ച കോപ്പ അമേരിക്കയിലും ഇതേ സ്കോറിന് ചിലിയെ തോൽപ്പിക്കാൻ പെറുവിന് കഴിഞ്ഞിരുന്നു.

2015

നുശേഷം കോപ്പ അമേരിക്ക നോക്കൗട്ട് റൗണ്ടിൽ ചിലിക്കെതിരെ ഗോൾ നേടാൻ കഴിഞ്ഞ ഏകടീമാണ് പെറു.

1979 ലും 2015 ലും പെറുവിനെ കോപ്പയുടെ നോക്കൗട്ട് റൗണ്ടിൽ പുറത്താക്കിയത് ചിലിയായിരുന്നു. അതിനുള്ള തിരിച്ചടി കൂടിയായിരുന്നു വിജയം.

5-0

ഇൗ കോപ്പയിലെ പ്രാഥമിക റൗണ്ടിൽ ബ്രസീൽ 5-0 ത്തിന് പെറുവിനെ തോൽപ്പിച്ചിരുന്നു. ഇൗ ടൂർണമെന്റിലെ തന്നെ ഏറ്റവും വലിയ മാർജിനിലെ ജയമായിരുന്നു ബ്രസീലിന്റേത്. ആ ആത്മവിശ്വാസവുമായാണ് അവർ ഫൈനലിന് ഇറങ്ങുന്നത്.

ഗോൾ 1

21-ാം മിനിട്ട്

എഡിസൺ ഫ്ളോറസ്

കാരില്ലോ ബോക്സിനുള്ളിൽനിന്ന് നൽകിയ ക്രോസാണ് ഫ്ളോറസ് തകർപ്പൻ ഹെഡറിലൂടെ ഗോളാക്കിയത്.

ഗോൾ -2

38-ാം മിനിട്ട്

യോട്ടുൻ

അടുത്തഗോളിനും വഴിയൊരുക്കിയത് കാരില്ലോയാണ്. ഒരു ഇടംകാലനടിയാണ് വലയിൽ കയറിയത്.

ഗോൾ-3

90 + 1മിനിട്ട്

ഗ്വിറേറോ

പ്രതിരോധം വെട്ടിച്ചോടിയ ടാപ്പിയ നൽകിയ പാസാണ് ഗ്വിറേറോ മൂന്നാം ഗോളാക്കിയത്.

ഇൻജുറി ടൈമിനൊടവിൽ ചിലിക്ക് അനുകൂലമായി ഒരു സ്പോട്ട് കിക്ക് റഫറി വിധിച്ചെങ്കിലും വർഗാസിന്റെ ഷോട്ട് പെറു ഗോളി ഗല്ലെസി തടുത്തിട്ടു.