തിരുവനന്തപുരം: പ്രിന്റിംഗ് തകരാറിനെ തുടർന്ന് തിരിച്ചെത്തിച്ച എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകൾ പൂജപ്പുരയിലെ പരീക്ഷാഭവനിൽ കൂട്ടിയിട്ട് കത്തിച്ചു. ഇതുമൂലം സർക്കാരിന് ലക്ഷങ്ങളുടെ നഷ്ടം.
കഴിഞ്ഞ വർഷം വിതരണം ചെയ്ത സർട്ടിഫിക്കറ്റുകളിലാണ് ഗുരുതര പിഴവുകൾ കണ്ടെത്തിയത്. ഇത് ഒരു ലക്ഷത്തോളം വരുമെന്നാണ് ഔദ്യോഗിക ഭാഷ്യം. അഞ്ചര ലക്ഷം വിദ്യാർത്ഥികളാണ് 2018 മാർച്ചിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്.
ഒരു സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്യുന്നതിന് നാലര രൂപയാണ് ചെലവ്. വിതരണം ചെയ്ത ശേഷമാണ് പിഴവുകൾ ശ്രദ്ധയിൽപ്പെട്ടത്. വടക്കൻ ജില്ലകളിൽ വിതരണം ചെയ്തവയിലാണ് പിഴവുകൾ .. വിദ്യാർത്ഥികളിൽനിന്ന് പരാതി വന്നതോടെ പരീക്ഷാഭവനിൽ തിരിച്ചെത്തിച്ച് പകരം സർട്ടിഫിക്കറ്റുകൾ നൽകി.. ഉദ്യോഗസ്ഥരുടെ അലംഭാവമാണ് ഇത്രയധികം സർട്ടിഫിക്കറ്റുകളിൽ പിഴവുകൾ കടന്നുകൂടാൻ ഇടയാക്കിയതെന്നാണ് ആക്ഷേപം. പ്രിന്റിംഗ് സമയത്ത് മഷി മാഞ്ഞുപോകുന്നതായി ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടെങ്കിലും യഥാസമയം പരിഹാര നടപടികൾ സ്വീകരിച്ചില്ല. സെക്യൂരിറ്റി പ്രസിൽനിന്ന് കാർഡ് വാങ്ങി പരീക്ഷാഭവനിലെ പ്രത്യേക പ്രസിലാണ് പ്രിന്റ് ചെയ്യുന്നത്. ഗുണനിലവാരമില്ലാത്ത ടോണർ പ്രിന്റിംഗിന് ഉപയോഗിച്ചതാണ് പിഴവിന് കാരണമായി പറയുന്നത്.
പരീക്ഷാഭവന്റെ പിൻവശത്ത് ചപ്പുചവറുകൾ കത്തിക്കാൻ കെട്ടിയ കോൺക്രീറ്റ് ഉറകൾക്കുള്ളിൽ കെട്ടുകളായി കൂട്ടിയിട്ടാണ് സർട്ടിഫിക്കറ്റുകൾ കത്തിച്ചത്. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകളായതിനാൽ ലേലം ചെയ്യാൻ കഴിയില്ലെ. പരീക്ഷാഭവന് പുറത്തേക്ക് പോകാതെ നശിപ്പിച്ച് കളയാനാണ് സർക്കാർ നിർദ്ദേശമെന്ന് പരീക്ഷാഭവൻ സെക്രട്ടറി പറഞ്ഞു. .