windies

ലീഡ്സ്: ഇൗ ലോകകപ്പിൽ ഒരു ജയം പോലുമില്ലാതെ വെറുംകൈയോടെ അഫ്ഗാനിസ്ഥാന് മടക്കം. ഇന്നലെ നടന്ന തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ അഫ്ഗാനിസ്ഥാൻ 23 റൺസിന് വെസ്റ്റിൻഡീസിനോട് തോറ്രു. ഇന്നലെ ലിഡ്സിൽ ടോസ് നേടി ആദ്യ ബാറ്റിംഗിനിറങ്ങിയ വിൻഡീസ് ആറ് വിക്കറ്റ് നഷ്ടത്തിൽ 311 റൺസ് നേടി. മറുപടിക്കിറങ്ങിയ അഫ്ഗാൻ 50 ഓവറിൽ 288 റൺസിന് ആൾഔട്ടാവുകയായിരുന്നു. ഇക്രാം അലിഖിൽ (86), റഹ്മത്ത് ഷാ (62), അസ്ഗർ അഫ്ഗാൻ (46) എന്നിവർ പൊരുതി നോക്കിയെങ്കിലും വിൻഡീസുയർത്തിയ വിജയ ലക്ഷ്യത്തിലെത്താൻ അഫ്ഗാനായില്ല. വെസ്റ്രിൻഡീസിനായി ബ്രാത്ത്‌വെയ്റ്ര് നാലും റോച്ച് മൂന്നും വിക്കറ്റുകൾ വീഴ്ത്തി.

നേരത്തേ ഒാപ്പണർ ക്രിസ് ഗെയ്‌ലിനെ (7) തുടക്കത്തിലെ നഷ്ടമായെങ്കിലും എൽട്ടൺ ലെവിസ് (58), ഷായ് ഹോപ്പ് (77), ഹെട്‌മേയർ (39), നിക്കോളസ് പുരാൻ (58), ക്യാപ്ടൻ ജാസൺ ഹോൾഡർ (45) എന്നിവർ നടത്തിയ മികച്ച ബാറ്റിംഗാണ് വിൻഡീസിനെ 300 കടത്തിയത്. അഫ്ഗാന് വേണ്ടി ദൗലത്ത് സാദ്രാൻ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ സൈദ് ഷിർസാദ്, മുഹമ്മദ് നബി, റാഷിദ് ഖാൻ എന്നിവർ ഒാരോ വിക്കറ്റ് സ്വന്തമാക്കി.

തന്റെ അവസാന ലോകകപ്പ് മത്സരമെന്ന് വിശേഷിച്ച് കളിക്കാനിറങ്ങിയ ഗെയ്ൽ ഇന്നലെ ആറാം ഒാവറിലാണ് മടങ്ങിയത്. ദൗലാത്ത് സാദ്രാന്റെ പന്തിൽ കീപ്പർ ഇഖ് റാം അലിഖിലിന് ക്യാച്ച് നൽകിയാണ് ഗെയ്ൽ പുറത്തായത്. തുടർന്ന് ക്രീസിലെത്തിയ ഷായ് ഹോപ്പ് ലെവിസിനൊപ്പം രണ്ടാം വിക്കറ്റിൽ 88 റൺസ് കൂട്ടിച്ചേർത്തു. 78 പന്തുകളിൽ ആറ് ഫോറുകളും രണ്ട് സിക്സുകളുമടിച്ച ലെവിസിനെ 25-ാം ഒാവറിൽ റാഷിദ് ഖാൻ മുഹമ്മദ് നബിയുടെ കൈയിലെത്തിക്കുമ്പോൾ വിൻഡീസ് 109/2 എന്ന നിലയിലെത്തിയിരുന്നു.

തുടർന്നിറങ്ങിയ ഹെട്‌മേയർ 31 പന്തുകളിൽ മൂന്ന് ഫോറും രണ്ട് സിക്സുമടക്കം 39 റൺസടിച്ചു. ഹോപ്പിനൊപ്പം മൂന്നാം വിക്കറ്റിൽ 63 റൺസും കൂട്ടിച്ചേർത്തു. 35-ാം ഒാവറിൽ സാദ്രാനാണ് ഹെട്‌മേയർക്ക് മടക്ക ടിക്കറ്റ് നൽകിയത്. 92 പന്തുകളിൽ ആറ് ഫോറുളും രണ്ട് സിക്സുകളുമടക്കം 77 റൺസ് നേടിയ ഹോപ്പ് 38-ാം ഒാവറിൽ കൂടാരം കയറി. മുഹമ്മദ് നബിയുടെ പന്തിൽ റാഷിദ് ഖാനായരുന്നു ക്യാച്ച്.

40 ഒാവറിൽ 200/4 എന്ന നിലയിലായിരുന്ന വിൻഡീസിനെ അവസാന ഒാവറുകളിൽ നിക്കോളാസും ഹോൾഡറും ചേർന്നാണ് 300 കടത്തിയത്. നേരിട്ട 40-ാമത്തെ പന്തിൽ അർദ്ധ സെഞ്ച്വറി കടന്ന നിക്കോളാസ് ആറ് ഫോറുകളും ഒരു സിക്സും പായിച്ചു. അവസാന ഒാവറിലാണ് റൺ ഒൗട്ടായത്. ഹോൾഡർക്കൊപ്പം 105- റൺസാണ് നിക്കോളാസ് കൂട്ടിച്ചേർത്തത്. 34 പന്തുകളിൽ ഒരു ഫോറും നാല് സിക്സുമടിച്ച നായകൻ ഹോൾഡറും അവസാന ഒാവറിലാണ് മടങ്ങിയത്.