01

കുളത്തൂർ : തെറ്റിയാർ തോട് നവീകരണത്തിന് വേണ്ടി ആരംഭിച്ച തെറ്റിയാർ മിഷന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി. കുളത്തൂർ എസ്.എൻ.എം സ്മാരക വായനശാലയ്ക്ക് സമീപം നടന്ന രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. മേയർ വി.കെ. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഓയിൽ കോർപറേഷൻ സി.എസ്.ആർ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപയും നഗരസഭാഫണ്ടിൽ നിന്നും 20 ലക്ഷം രൂപയും മുടക്കിയാണ് രണ്ടാം ഘട്ട പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. ശ്രീകാര്യം എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ പഠനം നടത്തി ഡി.പി.ആർ സമർപ്പിക്കും. അത് പ്രകാരമുള്ള പ്രവർത്തനങ്ങളാകും തെറ്റിയാർ മിഷനിൽ നടപ്പിലാക്കുക. ഇന്ത്യൻ ഓയിൽ കോർപറേഷൻ ചീഫ് ജനറൽ മാനേജർ വി.സി. അശോകൻ,​ ഡി.ജി.എം വിപിൻ ഓസ്റ്റിൻ, തോമസ് വർഗീസ്, കൗൺസിലർമാരായ സുനിചന്ദ്രൻ, ശിവദത്ത്‌ തുടങ്ങിയവർ പങ്കെടുത്തു. പൗണ്ടുകടവ് വാർഡ് കൗൺസിലർ മേടയിൽ വിക്രമൻ സ്വാഗതവും ഹെൽത്ത്‌ ഇൻസ്‌പെക്ടർ എ. അജയൻ നന്ദിയും രേഖപ്പെടുത്തി.