തിരുവനന്തപുരം : കൃത്യനിർവഹണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടിയ കൗൺസിലർമാർക്കെതിരെ ഒരുകൂട്ടം ജീവനക്കാർ നേർക്കുനേർ ഏറ്റുമുട്ടൽ പതിവായതോടെ നഗരസഭയിൽ ആഭ്യന്തരകലഹം രൂക്ഷം. യൂണിയൻ നേതാക്കൾക്കെതിരെ കൗൺസിലർമാരും കൗൺസിലർമാർക്കെതിരെ നേതാക്കളും പരാതിയുമായി മേയറെ സമീപിച്ചതോടെ നാടകീയരംഗങ്ങളാണ് നഗരസഭയിൽ ഇപ്പോൾ അരങ്ങേറുന്നത്.
കൗൺസിൽ നടപടികളെ പരസ്യമായി അവഹേളിച്ച സംഘടനാനേതാവിനെ കൗൺസിലിൽ വിളിച്ചുവരുത്തി താക്കീത് ചെയ്യണമെന്നാവശ്യപ്പെട്ട് പാളയം രാജനാണ് മേയർക്ക് പരാതി നൽകിയത്. പിന്നാലെ കെ.എം.സി.എസ്.യു നേതാക്കളും കൗൺസിലർമാർക്കെതിരെ മേയർക്ക് പരാതി നൽകി. ഇരുവിഭാഗങ്ങളും തമ്മിലുള്ള പ്രശ്നം ചർച്ചയായതോടെ ജില്ലാ എൽ.ഡി.എഫ് യോഗം ഇന്നലെ ചേരാൻ നിശ്ചയിച്ചിരുന്നെങ്കിലും ചില നേതാക്കളുടെ അസൗകര്യം കാരണം മാറ്രിവച്ചു. ബി.ജെ.പി അംഗങ്ങൾ നോട്ടീസ് നൽകിയതിന്റെ അടിസ്ഥാനത്തിൽ 8ന് പ്രത്യേക യോഗം വിളിക്കുന്നുണ്ട്. ഇതിന് മുന്നോടിയായി ചേരുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്യാമെന്നാണ് ഇപ്പോൾ എൽ.ഡി.എഫ് പറയുന്നത്.
ഇതിനിടെ പരിച്ചെടുത്ത പണം ഓഫീസിലടയ്ക്കാത്ത ആറ് ജീവനക്കാർക്കെതിരെ സസ്പെൻഡ് ചെയ്തത് പ്രശ്നങ്ങൾക്ക് ആക്കം കൂട്ടി. ഇവരെല്ലാം ഇടതുപക്ഷ യൂണിയനിലെ അംഗങ്ങളാണ്.
സി.പി.എമ്മിന്റെ ജീവനക്കാരുടെ സംഘടനയായ കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂണിയന്റെ ചില നേതാക്കൾക്കെതിരെ കഴിഞ്ഞയാഴ്ച നടന്ന കൗൺസിൽ യോഗത്തിലാണ് പ്രതിപക്ഷ കൗൺസിലർമാർക്കൊപ്പം എൽ.ഡി.എഫ് കൗൺസിലർമാരും ആഞ്ഞടിച്ചത്. ഇടതുപക്ഷാംഗമായ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ, സി.പി.ഐയിലെ വെട്ടുകാട് സോളമൻ, ബി.ജെ.പിയിലെ എം.ആർ.ഗോപൻ എന്നിവരാണ് ജീവനക്കാരുടെ പെരുമാറ്റത്തിൽ പ്രതിഷേധിച്ചത്. ജനങ്ങൾക്ക് സയമത്ത് സേവനങ്ങൾ നൽകുന്നില്ലെന്നും കൈക്കൂലി ആവശ്യപ്പെടുന്നുവെന്നുമായിരുന്നു പരാതി.
തൊട്ടടുത്ത ദിവസം പ്രമുഖർക്കെതിരെ വരെ വിമർശനങ്ങളുമായി ജീവനക്കാർ രംഗത്തെത്തി. പൊതുയോഗം ചേർന്ന് കൗൺസിലർമാരെ വിമർശിക്കുകയും ചെയ്തു. അടുത്ത ദിവസം സി.പി.എം ഒഴിച്ചുള്ള കൗൺസിലർമാരെല്ലാം ഒറ്റക്കെട്ടായി ഇതിനെതിരെ പ്രതിഷേധ ധർണ നടത്തുകയും ചെയ്തു.
ഭരണ സ്തംഭനമെന്ന് ആക്ഷേപം
ഏറ്റുമുട്ടൽ രൂക്ഷമാകുന്നതോടെ ഇത് നഗരസഭയുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുമെന്നാണ് ആക്ഷേപം.സ്ഥിരം സമിതി അദ്ധ്യക്ഷൻമാരും കൗൺസിലർമാരും ഇടപെടുന്ന കാര്യങ്ങളിൽ ജീവനക്കാർ മെല്ലപ്പോക്കു തുടങ്ങിയാൽ സാധാരണക്കാരുടെ പെൻഷൻ വിതരണത്തെയടക്കം ഇത് ബാധിക്കും. നഗരസഭ ഭരണത്തിൽ കൈകടത്താനുള്ള ചില സംഘടനാനേതാക്കളുടെ ശ്രമം തടഞ്ഞതാണ് ഇപ്പോഴത്തെ പ്രകോപനങ്ങൾക്ക് പിന്നിലെന്നും ആരോപണമുണ്ട്.
ഫയൽ ആദ്യം പൂഴ്‌ത്തി
കഴിഞ്ഞ ദിവസം ആറു ജീവനക്കാരെ സസ്‌പൻഡ് ചെയ്യാൻ നിർദ്ദേശിച്ചതിന്റെ ഫയൽ ആദ്യം പുഴ്‌ത്തിയെന്ന് ആരോപണം. കഴിഞ്ഞ മേയ് മാസത്തിൽ ആഡിറ്റ് റിപ്പോർട്ട് പ്രകാരം പിരിച്ചെടുത്ത പണത്തിലെ തിരിമറി കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച് ആഡിറ്റ് വിഭാഗത്തിൽ നിന്ന് നടപടിക്ക് നഗരസഭ കത്ത് നൽകിയിരുന്നു. ഇത് റവന്യൂ ഓഫീസർ ബന്ധപ്പെട്ട വിഭാഗത്തിലേക്ക് നൽകുകയും ചെയ്തു. ഈ റവന്യു ഓഫീസർ വിരമിച്ചതോടെ ഫയൽ പൂഴ്ത്തുകയായിരുന്നുവെന്നാണ് ആരോപണം. ഓഡിറ്റ് വിഭാഗം വീണ്ടും അന്വേഷിച്ചപ്പോഴാണ് ഈ വിവരം ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ഇവർക്കെതിരെ നടപടിയെടുക്കാൻ മേയറും സെക്രട്ടറിയും നിർദ്ദേശിക്കുകയായിരുന്നു.
റവന്യു ഇൻസ്‌പെക്ടർമാരായ ജി.ആർ. പ്രതാപചന്ദ്രൻ, എസ്. മായാദേവി, ഡി. ജയകുമാർ, ബിൽ കളക്ടർമാരായ ഷിബു ശേഖർ, അജിത്, ശിവപ്രസാദ് എന്നിവർക്കാണ് സസ്‌പെൻഷൻ.