നെടുമങ്ങാട്: മകനെ പട്ടാളക്കാരനായി കാണണമെന്ന ആഗ്രഹം മനസിൽകൊണ്ടുനടന്ന അച്ഛനെ മരണം വിളിച്ചത് മകന് എൻ.സി.സി കേഡറ്റ് സെലക്‌ഷൻ ലഭിച്ചതിന്റെ ആഹ്ലാദത്തിനിടെ. ഫിസിക്കൽ, റിട്ടൺ ടെസ്റ്റുകൾ വിജയിച്ച എട്ടാം ക്ലാസുകാരനായ മകന് ബൂട്ടും ബെൽറ്റും യൂണിഫോമും വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് നിയന്ത്രണംവിട്ട ബസ് ചന്ദ്രന്റെ ജീവനെടുത്തത്. നെടുമങ്ങാട് പുത്തൻപാലത്തിന് സമീപം പച്ചക്കറി വാങ്ങാൻ കടയുടെ മുന്നിൽ നിൽക്കവേ ഇന്നലെ വൈകിട്ട് ബസിടിച്ച് മരിച്ച പേരയം ഷീബ ഭവനിൽ കെ. ചന്ദ്രനാണ് മകൻ ആരോമലിനെ പട്ടാളക്കാരനായി കാണാനുള്ള ആഗ്രഹം ബാക്കിയാക്കി വിടപറഞ്ഞത്. പേരയത്ത് ബാർബർഷോപ്പ് നടത്തുന്ന ചന്ദ്രന്റെ ഏകമകൻ ആരോമൽ വീട്ടുമുറ്റത്തെ യു.പി സ്‌കൂളിൽ നിന്ന് നന്ദിയോട്ടെ ഹയർസെക്കൻഡറി സ്‌കൂളിൽ എട്ടാം ക്ലാസിൽ പ്രവേശനം നേടിയത് അച്ഛന്റെ സ്വപ്‍നം പൂവണിയിക്കുക എന്ന ആഗ്രഹത്തോടെയായിരുന്നു. കഴിഞ്ഞ 17ന് കേണൽ റാങ്കിലുള്ള കമാൻഡിംഗ് ഓഫീസറുടെ സാന്നിദ്ധ്യത്തിൽ സ്‌കൂളിൽ നടന്ന പ്രാഥമിക എൻ.സി.സി സെലക്‌ഷൻ ടെസ്റ്റിൽ പങ്കടുത്തത് ഇരുനൂറിലധികം കുട്ടികളാണ്. ഇവരിൽ സെലക്‌ഷൻ ലഭിച്ച 33 ആൺകുട്ടികളുടെ പട്ടികയിൽ ആരോമലുമുണ്ട്. ബാർബർ ഷോപ്പ് നടത്തുന്ന ചന്ദ്രൻ ഇന്നലെ നേരത്തേ കടയടച്ച് മകനുമൊത്ത് നെടുമങ്ങാട് പോയി യൂണിഫോമും മറ്റും വാങ്ങി ബൈക്കിൽ മടങ്ങുകയായിരുന്നു. പുത്തൻപാലത്ത് എത്തിയപ്പോഴാണ് പച്ചക്കറി വാങ്ങുന്ന കാര്യം ഓർത്തത്. ബൈക്ക് ഒതുക്കി തൊട്ടടുത്തുള്ള പച്ചക്കറി കടയുടെ മുന്നിൽ മകനൊപ്പം നിൽക്കുമ്പോഴാണ് നിയന്ത്രണംവിട്ടുവന്ന ബസിനടിയിൽപ്പെട്ടത്. ആരോമൽ ദൂരേക്ക് തെറിച്ചുവീണത് രക്ഷയായി. ഏറെനാളത്തെ പ്രയത്നത്തിലൂടെ പണി പൂർത്തിയാക്കിയ വീട്ടിൽ ഭാര്യ ഷീബയ്ക്കും മകനുമൊപ്പം താമസം തുടങ്ങിയിട്ട് ആറ് മാസം തികയുന്നതേയുള്ളു. ഗൾഫ് ജീവിതത്തിലെ ഏക സമ്പാദ്യമായ പത്ത് സെന്റ് സ്ഥലം ബാങ്കിൽ പണയപ്പെടുത്തി കിട്ടിയ പണം ഉപയോഗിച്ച് നിർമ്മിച്ച വീടാണിത്. മാസം തോറും പതിനായിരം രൂപ വായ്പ അടയ്ക്കണം. 20 വർഷമാണ് വായ്പാ തിരിച്ചടവ് കാലാവധി. ബാർബർ ഷോപ്പിൽ നിന്ന് കിട്ടുന്ന വരുമാനത്തെ മാത്രം ആശ്രയിച്ച് ലോൺ അടവും മകന്റെ സ്വപ്‌നങ്ങളും നെയ്‌തിരുന്ന ചന്ദ്രന്റെ അപ്രതീക്ഷിത വിയോഗം ഭാര്യ ഷീബയെ തളർത്തി.