ലണ്ടൻ : ലോക ഒന്നാംനമ്പർ താരം ആഷ്ലി ബാർട്ടി, ആറാം സീഡ് പെട്ര ക്വിറ്റോവ, ജാപ്പനീസ് താരം കെയ് നിഷികോറി തുടങ്ങിയവർ വിംബിൾഡൺ ടെന്നിസിന്റെ മൂന്നാം റൗണ്ടിൽ കടന്നു.
ഫ്രഞ്ച് ഒാപ്പൺ ചാമ്പ്യനായ ആഷ്ലി ബാർട്ടി രണ്ടാംറൗണ്ടിൽ ബെൽജിയം കാരി ആലിസൺ വാൻ ഉയ്ത്വാംഗിനെ 6-1, 6-3 എന്ന സ്കോറിനാണ് കീഴടക്കിയത്. ക്രിസ്റ്റീന മ്ളാഡനോവിച്ചിനെ 7-5, 6-2 ന് തോൽപ്പിച്ചാണ് പെട്ര ക്വിറ്റോവ മൂന്നാം റൗണ്ടിലേക്ക് എത്തിയത്. ഒൻപതാം സീഡ് സ്ളൊവാനേ സ്റ്റീഫൻസാണ് രണ്ടാം റൗണ്ടിൽ വിജയം നേടിയ മറ്റൊരു വനിതാതാരം. 6-0, 6-2ന് ചൈനീസ് താരം യിഹാൻ വാംഗിനെയാണ് സ്ളൊവാനേ കീഴടക്കിയത്.
പുരുഷ സിംഗിൾസിൽ എട്ടാം സീഡായ കെയ് നിഷികോറി 6-4, 6-4, 6-0 എന്ന സ്കോറിന് ബ്രിട്ടന്റെ കാമറൂൺ നോറിയെയാണ് രണ്ടാം റൗണ്ടിൽ തോൽപ്പിച്ചത്. സാം ക്വെറി 6-3, 6-2, 6-3ന് റുബ്ളേവിനെ കീഴടക്കി മൂന്നാം റൗണ്ടിലെത്തി.
മോശം കളി , ടോമിച്ചിന് പിഴ
ലണ്ടൻ : ഗ്രാൻസ്ളാം ടൂർണമെന്റിന്റെ നിലവാരത്തിന് നിരക്കാത്ത പ്രകടനത്തിന്റെ പേരിൽ ആസ്ട്രേലിയൻ താരം ബെർണാഡോ ടോമിച്ചിന് വിംബിൾഡൺ സംഘാടകർ 45000 പൗണ്ട് പിഴയിട്ടു. ജോ വിൽഫ്രഡ് സോംഗയ്ക്കെതിരായ മത്സരത്തിൽ 58 മിനിട്ടുകൊണ്ട് 2-6, 1-6, 4-6ന് തോൽക്കുകയായിരുന്നു ടോമിച്ച്. വിംബിൾഡണിൽ ഏറ്റവും ദൈർഘ്യം കുറഞ്ഞ മത്സരമായിരുന്നു ഇത്. 2017 ലെ വിംബിൾഡണിൽ പരിക്ക് അഭിനയിച്ചതിന് ടോമിച്ചിന് 15000 ഡോളർ പിഴ വിധിച്ചിരുന്നു