ലണ്ടൻ : തങ്ങളുടെ പഴയ പടക്കുതിര ഫ്രാങ്ക് ലംപാർഡിനെ പരിശീലക കുപ്പായത്തിൽ പ്രതിഷ്ഠിച്ച് ഇംഗ്ളീഷ് ഫുട്ബാൾ ക്ളബ് ചെൽസി. 13 വർഷം ചെൽസിക്ക് വേണ്ടി കളിച്ച ലംപാർഡ് കഴിഞ്ഞ സീസണിൽ രണ്ടാം ഡിവിഷനിലെ ഡെർബി കൗണ്ടി ക്ളബിന്റെ പരിശീലകനായിരുന്നു. ഇറ്റാലിയൻ ക്ളബ് യുവന്റസിലേക്ക് കൂടുമാറിയ മൗറീസ്യോ സറിക്ക് പകരക്കാരനായാണ് 41കാരനായ ലംപാർഡ് എത്തുന്നത്.
ചെൽസിക്ക് വേണ്ടി 648 മത്സരങ്ങളിൽ കളത്തിലിറങ്ങിയ ലംപാർഡ് മൂന്ന് പ്രിമിയർ ലീഗ്, നാല് എഫ്എ കപ്പ്, രണ്ട് ലീഗ് കപ്പ്, ഓരോ യൂറോപ്പ ലീഗ്, ചാമ്പ്യൻസ് ലീഗ് നേട്ടങ്ങളിൽ തന്റെ കൈയൊപ്പ് പതിപ്പിച്ചു. 211 ഗോളുകൾ ചെൽസിക്കായി നേടിയിട്ടുള്ള ലംപാർഡാണ് ക്ളബിന്റെ ആൾ ടൈം ലീഡിംഗ് സ്കോറർ.