കിളിമാനൂർ : പുതിയകാവ് - തകരപ്പറമ്പ് റോഡ് പുനർനിർമ്മാണത്തിന് മേൽനോട്ടം വഹിക്കുന്നതിനിടെ അസി.എക്സിക്യൂട്ടീവ് എൻജിനിയറെ വീട്ടമ്മ ആക്രമിച്ചതായി പരാതി. മർദ്ദനത്തിൽ പരിക്കേറ്റ പി.ഡബ്ലിയു.ഡി റോഡ് വിഭാഗം അസി.എക്സിക്യൂട്ടീവ് എൻജിനിയർ കീഴ്തോന്നയ്ക്കൽ പുലിവീട് വാർഡിൽ അയണിമൂട് ശ്രീ നികേതനിൽ ഉണ്ണികൃഷ്ണനെ (52) കേശവപുരം സി.എച്ച്.സിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ട് പുതിയകാവ് തകരപ്പറമ്പ് റോഡിൽ കിളിമാനൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം ഓട അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് സമീപത്തെ വീട്ടിലെ ഗൃഹനാഥയായ പരിഷാ ബീവി ഉണ്ണികൃഷ്ണനെ ആക്രമിച്ചത്. കിളിമാനൂർ സർക്കിൾ ഇൻസ്പെക്ടർ, മറ്റ് പൊലീസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ നോക്കിനിൽക്കെയായിരുന്നു ആക്രമണം. ഉണ്ണികൃഷ്ണന്റെ പരാതിയിൽ അമീനാമൻസിലിൽ പരിഷാ ബീവിക്കെതിരെ (44) കിളിമാനൂർ പൊലീസ് കേസെടുത്തു.
പരിഷാബീവിയുടെ കുടുംബവും പി.ഡബ്ല്യു.ഡി റോഡ് വിഭാഗവും പഞ്ചായത്തും തമ്മിൽ കോടതിയിൽ കേസുണ്ട്. പരിഷാബീവിയുടെ വസ്തുവിൽ അതിക്രമിച്ച് കടക്കരുതെന്ന് കോടതി ഉത്തരവുണ്ട്. അത് ലംഘിക്കാതെ താലൂക്ക് സർവേയർ പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്തി നൽകിയ സ്ഥലത്തായിരുന്നു പണി നടന്നത്.
മാസങ്ങൾക്ക് മുമ്പ് റോഡ് പണിക്കിടെ കൃത്യനിർവഹണത്തിനെത്തിയ കിളിമാനൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറെ പരിഷാബീവി ആക്രമിക്കുകയും കടിച്ച് മുറിവേൽപ്പിക്കുകയും ചെയ്തിരുന്നു. ഈ കേസിൽ ഇവരെ അറസ്റ്റ് ചെയ്തിരുന്നു.