മിനിബസ്സ് കണ്ണിൽ നിന്നു മറഞ്ഞയുടനെ സി.ഐ ഋഷികേശ് സെൽഫോൺ എടുത്ത് എം.എൽ.എ ശ്രീനിവാസ കിടാവിനെ വിളിച്ചു.
''എന്തായി? അവന്മാർ തീർന്നോ?"
കിടാവ് പെട്ടെന്നു തിരക്കി.
''ഇല്ല."
ഋഷികേശ് കാര്യം ചുരുക്കി പറഞ്ഞു.
അപ്പുറത്ത് ഒരു നിമിഷത്തെ മൗനം. പിന്നെയൊരു ദീർഘനിശ്വാസം.
''ഓ സാരമില്ല. പരുന്തും അണലിയും രക്ഷപ്പെട്ടല്ലോ. അല്ലേ?"
''സാർ. ഉവ്വ്."
''അവരെ ആരെങ്കിലും ഐഡന്റിഫൈ ചെയ്യോ?"
''അതിനു സാദ്ധ്യത കുറവാണ്."
''ഗുഡ്."
മറ്റൊന്നും പറയാതെ കിടാവ് കാൾ മുറിച്ചു...
***** **** ***
രണ്ട് മൂന്നു ദിവസങ്ങളിൽ മീഡിയകൾ മുഴുവനും ശ്രീനിവാസ കിടാവിന്റെ മകൻ സുരേഷ് കിടാവിന്റെ വാർത്തയായിരുന്നു. അവൻ ഡെൽഹി കോടതിയിൽ മുൻകൂർ ജാമ്യത്തിനു ശ്രമിക്കുന്നുണ്ടെന്നും ഇപ്പോൾ ഒളിവിലാണെന്നും....
എം.എൽ.എയും അനുജനും ഡെൽഹിയിൽ ആ യുവതിയുമായി പലവട്ടം ചർച്ച നടത്തിയെന്നും അവൾ വഴങ്ങുന്നില്ലെന്നും...
പുതിയ വാർത്തകൾ കിട്ടിയതോടെ മീഡിയക്കാർ പഴയത് ഉപേക്ഷിച്ചു തുടങ്ങി.
വടക്കേ കോവിലകം.
ഗൗരവകരമായ ചർച്ചയിൽ ആയിരുന്നു പ്രജീഷും ചന്ദ്രകലയും...
''ഇനി നമുക്ക് പതുക്കെപ്പതുക്കെ ലക്ഷ്യത്തിലേക്കു നീങ്ങണം." പ്രജീഷ് ചന്ദ്രകലയെ നോക്കി. ''കിടാവ് സാറ് ഡെൽഹിയിൽ നിന്നു വന്നു കഴിഞ്ഞാൽ കാര്യം അവതരിപ്പിക്കണം."
ചന്ദ്രകല തലയാട്ടി :
''ഞാൻ വെറുതെയൊന്നു കണക്കുകൂട്ടി നോക്കി. കോവിലകത്തിനും പല ഭാഗങ്ങളിലായി കിടക്കുന്ന വസ്തുവകകൾക്കും കൂടി എങ്ങനെ പോയാലും അൻപത് കോടിയിൽ കുറയില്ല. വിറ്റുകഴിഞ്ഞാൽ നമ്മൾ എവിടേക്കാണു പോകുന്നതെന്ന് ആരോടും പറയണ്ടാ... മസനഗുഡിയിൽ നമ്മൾ നോക്കിവച്ചിരിക്കുന്ന സ്ഥലം വാങ്ങി അവിടെയൊരു പുത്തൻ ബംഗ്ളാവ് പണിയണം. അവിടെ നമ്മൾ രണ്ടാൾ മാത്രം."
ചന്ദ്രകല, പ്രജീഷിന്റെ കഴുത്തിൽ കൈ ചുറ്റി അയാളോടു ചേർന്നിരുന്നു.
പ്രജീഷ് സംതൃപ്തിയോടെ ചിരിച്ചു.
''എന്റെയും സ്വപ്നം അതു തന്നെയാണ്."
അടുത്ത നിമിഷം ഗേറ്റിൽ ഒരു കാറിന്റെ ഹോൺ.
ഇരുവരും ജനാലയിലൂടെ പുറത്തേക്കു നോക്കി.
ഫോർ രജിസ്ട്രേഷൻ എന്ന് എഴുതിയിരിക്കുന്ന ഒരു ഓഡി കാർ. തൂവെള്ള.
ഇരുവരും പൂമുഖത്തേക്കു വന്നു.
കാർ. മുറ്റത്തു നിന്നു.
അതിൽ നിന്ന് ഇറങ്ങിയ ആളിനെ കണ്ടതും ഇരുവരും ഹൃദമായി ചിരിച്ചു.
സീരിയൽ നടി സൂസൻ...
''ഹായ്..." സൂസൻ ആഹ്ളാദത്തോടെ കൈ ഉയർത്തി. ''നിങ്ങൾ ഇവിടെ കാണുമോയെന്ന് ഞാൻ സംശയിച്ചു."
നാലിഞ്ച് ഉയരമുള്ള ഹീൽ ചെരുപ്പ് അഴിച്ചുവച്ച് സൂസൻ കയറിവന്നു.
ശേഷം ചന്ദ്രകലയുടെ കരം കവർന്നു.
''എന്താ ഒന്നു ഫോൺ ചെയ്യാതെ പോലും..."
ചന്ദ്രകല പകുതിക്കു നിർത്തി.
''സർപ്രൈസ് ആയിക്കോട്ടേന്നു കരുതി. പറഞ്ഞല്ലോ നിങ്ങൾ ഉണ്ടാവുമോ എന്ന സംശയമേ ഉള്ളായിരുന്നു."
''ഞങ്ങള് എവിടെ പോകാനാ?"
ചോദിച്ചത് പ്രജീഷാണ്.
ഇടം കണ്ണിട്ട് ഒരു പ്രത്യേക ഭാവത്തിൽ സൂസൻ അയാളെ നോക്കി.
''അല്ല... നിങ്ങളിപ്പോൾ സർവതന്ത്ര സ്വതന്ത്രരാണല്ലോ. വല്ല ഹണിമൂൺ ട്രിപ്പും.. ദുബായിക്കോ തുളു - മണാലിക്കോ..."
അവളുടെ നനഞ്ഞ ചുണ്ടുകളിൽ പ്രജീഷ് കൊതിയോടെ നോക്കി. സൂസന് അത് മനസ്സിലായി.
''ഞങ്ങൾക്ക് ഇവിടെ തന്നെയാ സൂസൻ ദുബായും മണാലിയുമൊക്കെ." പറഞ്ഞുകൊണ്ട് ചന്ദ്രകല അവളെയും കൂട്ടി അകത്തേക്കു പോയി.
സൂസന്റെ ആയ രാജമ്മ ഒരു വലിയ പെട്ടിയും തൂക്കി പിന്നാലെ വരുന്നുണ്ടായിരുന്നു.
ചന്ദ്രകല ചായയുണ്ടാക്കി. പലഹാരങ്ങളും പ്ളേറ്റുകളിൽ നിരത്തി ഡൈനിങ് ടേബിളിനു മീതെ വച്ചു.
പ്രജീഷും രാജമ്മയും കൂടി അവിടെ വന്നിരുന്നു.
''പിന്നെ... പെട്ടെന്ന് ഇങ്ങനെയൊരു വരവ് ?"
ചന്ദ്രകല തിരക്കി.
''അതോ..." സൂസൻ ഒരു കാഷ്യുനട്ട് എടുത്ത് വായിലിട്ടു:
''എന്റെ സിനിമയുടെ ഷൂട്ട് രണ്ട് ദിവസം കഴിഞ്ഞ് തുടങ്ങുകയാ. ഊട്ടിയിൽ വച്ച്. അവിടേക്കു പോകുന്ന വഴിയാ.. ഇന്ന് രാത്രി നിങ്ങളോടൊപ്പം തങ്ങാം എന്നുകരുതി."
''അത് നന്നായി."
ചന്ദ്രകല ചിരിച്ചു.
രാത്രി....
സൂസനും ചന്ദ്രകലയും ഉമ്മറത്തിരുന്ന് സംസാരിച്ചു.
''പാഞ്ചാലിയുടെ വിഷയമൊക്കെ അടങ്ങിയോ?"
സൂസൻ ശബ്ദം താഴ്‌ത്തി.
''ഒരുവിധം. ഇനി ഏതായാലും പേടിക്കാനില്ല..."
''ഞാനും ഭയന്നുപോയിരുന്നു..."
സൂസൻ അത് പറഞ്ഞ നിമിഷം കോവിലകത്തിനുള്ളിൽ നിന്ന് ഒരു നിലവിളി കേട്ടു.
രാജമ്മയുടെ!
(തുടരും)