1

പൂവാർ: പതിനൊന്ന് വയസിൽ രോഗിയായ അനുജിത്തിന് ഇപ്പോൾ വയസ് 13. ഇതിനിടെ നടത്താത്ത ചികിത്സകളില്ല. ചികിത്സിച്ച ഡോക്ടർമാരെല്ലാം കൈയൊഴിഞ്ഞു. കെ.എസ്.ആർ.ടി.സി കണ്ടക്ടറായ അച്ഛൻ സുരേഷ് രാജും സ്കൂൾ ടീച്ചറായ അജിതയും പ്രതീക്ഷ കൈവിടാതെ മകന്റെ തിരിച്ചുവരവിനായ് വിവിധ ചികിത്സകൾ നടത്തി. ഒടുവിൽ കേരളത്തിലെ ഏക ആയുർവേദ മർമ്മ ആശുപത്രിയായ കാഞ്ഞിരംകുളം കുഞ്ഞുകൃഷ്ണൻ നാടാർ മെമ്മോറിയൽ ഗവ.ആയുർവേദ മർമ്മ ആശുപത്രിയിലെത്തി. കഴുത്ത് ഉറച്ചിട്ടില്ല, ഇരിക്കാനും നടക്കാനും കഴിയില്ല. വേദന കാരണം ദേഹത്ത് തൊടാൻ കഴിയില്ല. ഭക്ഷണം കഴിക്കണമെങ്കിൽ പരസാഹയം വേണം. മർമ്മ സ്‌പെഷ്യലിസ്റ്റും സീനിയർ മെഡിക്കൽ ഓഫീസറുമായ എസ്.ജെ. സുഗതയുടെ മേൽനോട്ടത്തിലാണ് അനുജിത്ത് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താൻ തുടങ്ങി. കഴുത്ത് ഉറച്ചു, ശരീരത്തിന്റെ വേദനയും മാറി, ചാരി ഇരിക്കാനും തുടങ്ങി. രണ്ട് മാസം പൂർത്തിയായപ്പോൾ നടക്കാനും തുടങ്ങി. ഇത് അനുജിത്തിന്റെ മാത്രം അനുഭവമല്ല. പരിമിതികൾ നിലനിൽക്കുമ്പോഴും അതിനെല്ലാം പുറമെ ചികിത്സയിലൂടെ മാറ്റം കണ്ട നിരവധി പേരുടെ അനുഭവങ്ങൾ ഈ ആശുപത്രിക്ക് പറയാനുണ്ട്.

കേരളത്തിലെ പ്രമുഖ കായിക താരങ്ങളും ഇവിടെ ചികിത്സയ്ക്ക് എത്താറുണ്ട്. ദേശീയ അന്തർദേശീയ കായിക മത്സരങ്ങൾക്ക് മുൻപും അതിനുശേഷവും ഇവിടുത്തെ ചികിത്സയ്ക്ക് ശേഷമാണ് താരങ്ങൾ മടങ്ങുന്നത്. ഈ താരങ്ങൾക്കുവേണ്ടി രണ്ട് ഡോക്ടർമാരും പ്രവർത്തിക്കുന്നുണ്ട്.