pinarayi-
pinarayi

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ ബിഹാർ സ്വദേശിനി നൽകിയ പരാതി സി.പി.എമ്മിനെ യാതൊരു തരത്തിലും ബാധിക്കുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

ഇക്കാര്യത്തിൽ പറയേണ്ടവരെല്ലാം പറഞ്ഞിട്ടുണ്ട്. സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കുന്നതല്ല വിഷയം. ഇത്തരം കാര്യങ്ങളിൽ സി.പി.എമ്മിന്റെ നിലപാടെന്താണെന്ന് എല്ലാവർക്കും അറിയാം. ഇവിടെ ഉണ്ടായത് ഒരു വ്യക്തിയുമായി ബന്ധപ്പെട്ട കാര്യമാണ്.

റീബിൽഡ് കേരള ഇനിഷ്യേറ്റീവിന് സെക്രട്ടേറിയറ്റിൽ അനുവദിക്കാൻ സ്ഥലമില്ലാതിരുന്നതിനാലാണ് വാടകയ്ക്ക് കെട്ടിടമെടുത്തത്. കെട്ടിടസൗകര്യം അവർ കണ്ടെത്തിയെന്ന് മാത്രമേയുള്ളൂ. സാമ്പത്തികപ്രതിസന്ധിയുള്ളത് കൊണ്ട് ഇത്തരം കാര്യങ്ങൾ നടക്കരുതെന്ന നിലപാട് സർക്കാരിനില്ല. ന്യായമായ വാടകയാണ് നിശ്ചയിച്ചിട്ടുള്ളത്. ഏത് ഘട്ടത്തിലാണ് വാടക നൽകാതിരുന്നിട്ടുള്ളത്?. സെക്രട്ടേറിയറ്റ് രണ്ടാം അനക്സിൽ സ്ഥലസൗകര്യമുണ്ടായിരുന്നെന്ന് പറയുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് മറ്റ് കാര്യങ്ങൾക്കായി നീക്കിവച്ച സ്ഥലങ്ങളേ അവിടെയെല്ലാമുള്ളൂ എന്നായിരുന്നു മറുപടി.

മഴ ദൗർലഭ്യം സൃഷ്ടിക്കാനിടയുള്ള സാഹചര്യങ്ങളെ ഗൗരവമായി സർക്കാർ കാണുന്നുണ്ട്. ദുരന്തനിവാരണവുമായി ബന്ധപ്പെട്ടവർ പറഞ്ഞത് ഈ മാസം 15 വരെ കാത്തിരിക്കാമെന്നാണ്. അതുകഴിഞ്ഞ് തുടർനടപടികൾ സ്വീകരിക്കാം- മുഖ്യമന്ത്രി പറഞ്ഞു.