കയറാൻ പറ്റുന്നിടത്തെല്ലാം കൂട്ടമായി കയറിപ്പറ്റും. എന്നിട്ട് കൂറ്റൻ വലകൾ നെയ്‌ത് നമ്മെ അത്ഭുതപ്പെടുത്തും. ഇതാണ് അനെലോസിമസ് എക്‌സിമിയസ് അഥവാ 'സോഷ്യൽ സ്‌പൈഡറുകളുടെ ' പ്രത്യേകത. സാധാരണ ചിലന്തി വല പോലൊന്നുമല്ല ഇവയുടെ വലകൾ. 25 അടിയോളം പൊക്കവും അഞ്ചടിയോളം വീതിയും വരുന്ന പടുകൂറ്റൻ വലകളാണ് ഇവർ നിർമ്മിക്കുന്നത്! ഈ ചിലന്തികൾ പടുത്തുയർത്തുന്ന ഭീമൻ വലയ്‌ക്കുള്ളിൽ ഏകദേശം 50,000 ത്തിലേറെ ചിലന്തികൾ കാണുമത്രെ. ആയിരക്കണക്കിന് ചിലന്തി സ്‌പീഷീസുകൾക്കിടയിൽ വെറും 23 ഇനം മാത്രമാണ് ഇത്തരത്തിൽ കോളനികളായി കാണപ്പെടുന്നത്.
സൗത്ത് അമേരിക്കൻ രാജ്യങ്ങളായ പനാമ, ബ്രസീൽ, അർജന്റീന എന്നിവിടങ്ങളിലാണ് സോഷ്യൽ സ്പൈഡറുകൾ കാണപ്പെടുന്നത്. ഫ്രഞ്ച് ആർക്കിയോളജിസ്റ്റായ യൂജീൻ സൈമൺ ആണ് ഇവയെ ആദ്യമായി കണ്ടെത്തുന്നത്. ഒരു സാധാരണ ചിലന്തി വലയ്‌ക്കുള്ളിലാക്കുന്ന ഇരയെക്കാൾ ഇരട്ടിയിലേറെ വലിപ്പമുള്ള ജീവികളെ ഈ ചിലന്തികൾക്ക് തങ്ങളുടെ വലയിൽ കുടുക്കാൻ സാധിക്കും.
എല്ലാ കാര്യത്തിലും തങ്ങളുടെ കോളനിയിലുള്ളവരോട് സഹകരണ മനോഭാവം കാട്ടുന്ന സോഷ്യൽ സ്‌പൈഡറുകൾ വല നെയ്യുന്നതിലും അവ കേടുപാടു കൂടാതെ സൂക്ഷിക്കുന്നതിലും വൃത്തിയാക്കുന്നതിലുമെല്ലാം ഒറ്റക്കെട്ടാണ്. സോഷ്യൽ സ്‌പൈഡറുകൾക്കിടയിലുള്ള സഹകരണ മനോഭാവമാണ് ഇവയ്ക്ക് ഈ പേര് ലഭിക്കാൻ കാരണം.
ചില പ്രദേശങ്ങളിൽ ഒരു കിലോമീറ്റർ ചുറ്റളവിൽ സോഷ്യൽ സ്‌പൈഡറുകളുടെ 40 ഓളം കോളനികൾ കാണാറുണ്ട്. സോഷ്യൽ സ്‌പൈഡറുകൾ കൂട്ടമായി ജീവിക്കുന്നതിന്റെ കാരണമായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് ഇവ കാണപ്പെടുന്ന പ്രദേശങ്ങളെല്ലാം ശക്തമായ മഴ ലഭിക്കുന്ന ഇടങ്ങളാണ്. ഇത്തരം പ്രദേശങ്ങളിൽ ഭീമൻ വലകളുടെ നിലനിൽപ്പിന് കൂട്ടപരിശ്രമം ആവശ്യമാണ്. മറ്റൊന്ന് വലിപ്പം കൂടിയ ഇരകളെ അകത്താക്കാനും ഇവർക്ക് പരസഹായം വേണം.
2013ൽ ബ്രസീലിൽ ആകാശത്തു നിന്നും മഴ പോലെ ഇവർ പെയ്‌തിറങ്ങിയിരുന്നു. ബ്രസീലിലെ സാന്റോ ആന്റണിയോ ഡ പ്ലാറ്റിന എന്ന സ്ഥലത്ത് ശക്തമായ കാറ്റിൽ സോഷ്യൽ സ്‌പൈഡറുകളുടെ കോളനികൾ തകരുകയും ആയിരക്കണക്കിന് ചിലന്തികൾ കാറ്റിനൊപ്പം മറ്റൊരിടത്തേക്ക് മഴ പോലെ കൂട്ടമായി പെയ്‌തിറങ്ങുകയും ചെയ്‌തത് ആളുകളെ പരിഭ്രാന്തരാക്കിയിരുന്നു.