തിരുവനന്തപുരം: ക്രൂരമായ കസ്റ്റഡി മർദ്ദനത്തിനിരയായി നെടുങ്കണ്ടത്ത് രാജ് കുമാർ കൊല്ലപ്പെട്ട സംഭവത്തിൽ ജയിൽ ജീവനക്കാരും പ്രതിക്കൂട്ടിലായിരിക്കെ പൊലീസുകാരെ കണ്ണുമടച്ച് വിശ്വസിക്കരുതെന്ന് ജീവനക്കാർക്ക് ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗിന്റെ കർശന നിർദേശം. ക്രിമിനൽ കേസുകളിൽ ഹെൽത്ത് സ്ക്രീനിംഗ് റിപ്പോർട്ടുമായി പൊലീസെത്തിക്കുന്ന പ്രതികളുടെ ശാരീരിക - മാനസികാരോഗ്യ നിലയെ സംബന്ധിച്ച് സംശയം തോന്നിയാൽ ജയിൽ ഉദ്യോഗസ്ഥർക്ക് അവരെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കാം. അതിനായി തൊട്ടടുത്തെ ആശുപത്രിൽ കൊണ്ടുപോകാമെന്നും ജയിൽ ഡി.ജി.പി സർക്കുലറിലൂടെ ജീവനക്കാർക്ക് നിർദേശം നൽകി.
റിമാൻഡ് ചെയ്യപ്പെട്ട പ്രതികളെ ജയിലിലേക്ക് കൊണ്ടുവരുമ്പോൾ ഹെൽത്ത് സ്ക്രീനിംഗ് റിപ്പോർട്ടിൽ ബോധപൂർവമോ അല്ലാതെയോ അപാകതകൾക്കുള്ള സാദ്ധ്യതയുണ്ട്. ജീവനക്കാർ ഇക്കാര്യങ്ങളിൽ ജാഗ്രത പുലർത്തിയാൽ ജയിലിനും ജീവനക്കാർക്കും പേരുദോഷമുണ്ടാക്കുന്ന പലതും ഒഴിവാക്കാൻ കഴിയും. പ്രതിക്ക് എഴുന്നേറ്റ് നിൽക്കാനും നടക്കാനും സ്വയം തിരിച്ചറിയാനും സംസാരിക്കാനും കഴിയുന്നുണ്ടോ, സംസാരത്തിലോ പ്രവൃത്തിയിലോ അസ്വാഭാവികമായി എന്തെങ്കിലുമുണ്ടോ എന്നീ കാര്യങ്ങൾ ജയിലിൽ അഡ്മിഷൻ ഡ്യൂട്ടിയിലുള്ളവർ ശ്രദ്ധിക്കണം. ഹെഡ് വാർഡൻമാരും ജയിൽ സൂപ്രണ്ടുമാരും ഇക്കാര്യം ഉറപ്പാക്കണം. പൊലീസ് ഹാജരാക്കുന്ന ഹെൽത്ത് സ്ക്രീനിംഗ് റിപ്പോർട്ടിൽ പ്രതിക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും ഏതെങ്കിലും വിധത്തിൽ സംശയം തോന്നിയാൽ അവരെ എത്രയും പെട്ടെന്ന് തൊട്ടടുത്ത ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തി ശാരീരിക ക്ഷമത ഉറപ്പാക്കണം. വൻകിട ആശുപത്രികളിലാണ് പരിശോധനയ്ക്ക് കൊണ്ടുപോകുന്നതെങ്കിൽ ജയിൽ ഡി.ഐ.ജിയിൽ നിന്ന് അനുമതി വാങ്ങണം. ജയിലിൽ പ്രവേശിപ്പിച്ച ശേഷവും തടവുപുള്ളികളുടെ ആരോഗ്യകാര്യത്തിൽ ജീവനക്കാർ ജാഗരൂകരായിരിക്കണമെന്നും ജയിൽ ഡി.ജി.പി നിർദേശം നൽകി.
പ്രാകൃത നടപടികൾ പാടില്ല
ജയിലിൽ തടവുകാരെ പ്രവേശിപ്പിക്കുമ്പോൾ 'നടയടി ' പോലുള്ള പ്രാകൃത നടപടികളൊന്നും പാടില്ലെന്നും ജീവനക്കാരെ ഡി.ജി.പി ഓർമ്മിപ്പിച്ചു. 'നടയടി' നിലവിലില്ലെങ്കിലും പൊലീസ് കസ്റ്റഡിയിൽ മർദ്ദനമേറ്റ രാജ് കുമാറിനെ ജയിൽ ജീവനക്കാരും മർദ്ദിച്ചതായ ആക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിർദേശം. തടവുകാരെ ദേഹോപദ്രവം ഏൽപ്പിക്കുകയോ മറ്റ് തരത്തിലുള്ള ശിക്ഷണ നടപടികൾക്ക് ഇരയാക്കുകയോ ചെയ്യാൻ പാടില്ല. ജയിലുകളിലെ സിസി ടിവി കാമറകളെല്ലാം പ്രവർത്തനക്ഷമമാണ്. കാമറ ദൃശ്യങ്ങളിലോ മിന്നൽ സന്ദർശനങ്ങളിലോ ഏതെങ്കിലും വിധത്തിലുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കുറ്റക്കാരായ ജീവനക്കാർക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്ന് ഋഷിരാജ് സിംഗ് 'ഫ്ളാഷി'നോട് പറഞ്ഞു.