വാഷിംഗ്ടൺ:വളരെ പ്രതീക്ഷയോടെയാണ് പത്തൊമ്പതാം വയസിൽ മൊണ്ടാന സ്വദേശിനി പ്രീസ്റ്റിലി പ്രിറ്റ്ചാർഡ് അഗ്നിശമന സേനയിൽ ജോലിയിൽ പ്രവേശിച്ചത്. സൗന്ദര്യത്തിൽ അന്നുവരെ അഭിമാനിച്ചിരുന്ന പ്രീസ്റ്റിലി സൗന്ദര്യം ശാപമാണെന്ന് അതോടെ തിരിച്ചറിഞ്ഞു. ആണുങ്ങളെ പ്രണയിക്കാൻ എത്തിയ ഒന്നിനുംകൊള്ളാത്തവൾ എന്നായിരുന്നു സഹപ്രവർത്തകരായ പുരുഷന്മാർ പ്രീസ്റ്റിലിക്ക് നൽകിയിരുന്ന വിശേഷണം. എന്നാൽ അഞ്ചുവർഷം കഴിഞ്ഞതോടെ കഥയാകെ മാറി. ഇന്ന് അഗ്നിശമന സേനയിലെ ഏറ്റവും സുന്ദരിയെന്ന വിശേഷണത്തിന് ഉടമയാണ് രണ്ടുകുട്ടികളുടെ അമ്മയായ പ്രീസ്റ്റിലി.
പണ്ടത്തെ വിമർശകരിൽ ഭൂരിഭാഗവും ഇന്ന് ആരാധകരാണ്. ആരും തകർന്നുപോകുന്ന അധിക്ഷേപങ്ങളെ തൃണവത്ഗണിച്ച് ഇന്നത്തെ നിലയിലെത്താൻ പ്രീസ്റ്റിലിയെ സഹായിച്ചത് മനസിന്റെ ബലം മാത്രമാണ്. പ്രസവം കഴിഞ്ഞയുടനെയാണ് ജോലിയിൽ പ്രവേശിച്ചത്. അതിനാൽ ശരീരം വല്ലാത്തൊരവസ്ഥയിലായിരുന്നു. ഇതായിരുന്നു കളിയാക്കലിന് പ്രധാന കാരണം.ജിമ്മിൽ പോയിത്തുടങ്ങിയതോടെ ശരീരമാകെ മാറി. മസിലുകൾക്ക് വലിപ്പം കൂടി. പുരുഷന്മാർ ചെയ്യുന്ന ജോലികൾമാത്രമല്ല അതിന് അപ്പുറമുള്ള പണികളും ചെയ്യാൻ പ്രീസ്റ്റിലി മുന്നോട്ടുവന്നു. അഭിന്ദിക്കാൻ ഒാഫീസർമാർ തന്നെ നേരിട്ടെത്തി.
ഇതിനിടെ സോഷ്യൽ മീഡിയയിലും പ്രീസ്റ്റിലി തിളങ്ങുന്ന താരമായി. ഇൻസ്റ്റാഗ്രാമിൽ 66900 ഫോളവേഴ്സാണ് ഇപ്പോഴുള്ളത്. ഫോളവേഴ്സിനായി ബിക്കിനി ചിത്രങ്ങളും ഇടയ്ക്കിടെ പോസ്റ്റുചെയ്യുന്നുണ്ട്. പക്ഷേ, പരിധി വിടാതിരിക്കാൻ പരമാവധി ശ്രദ്ധിക്കും. ബിക്കിനി ചിത്രങ്ങൾ പോസ്റ്റുചെയ്യുന്നത് പ്രശ്നമാക്കാൻ ചിലർ ശ്രമിച്ചെങ്കിലും വിലപ്പോയില്ല. ചിത്രങ്ങളിൽ യൂണിഫോം ഉപയോഗിക്കാത്തതിനാലും പരിധി ലംഘിക്കാത്തതിനാലും കുഴപ്പമില്ലെന്നാണ് അധികൃതരുടെ നിലപാട്.