nedungandam-custody

തിരുവനന്തപുരം:നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ ജുഡിഷ്യൽ അന്വേഷണത്തിന് മന്ത്രിസഭായോഗം തീരുമാനിച്ചു. റിട്ടയേർ‌ഡ് ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് നാരായണക്കുറുപ്പിനാണ് അന്വേഷണച്ചുമതല. ആറ് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചതായി മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇപ്പോൾ നടക്കുന്ന പൊലീസ് അന്വേഷണത്തിന് ജുഡിഷ്യൽ അന്വേഷണം തടസമാവില്ല. കസ്റ്റഡിമരണം എങ്ങനെയുണ്ടായി, യഥാർത്ഥത്തിൽ സംഭവിച്ചതെന്താണ്, ഇത്തരം സംഭവങ്ങൾ തടയാനുള്ള വഴികൾ തുടങ്ങിയവ ജുഡിഷ്യൽ അന്വേഷണത്തിലൂടെയേ അറിയാനാവൂ. ജുഡിഷ്യൽ കമ്മിഷന്റെ വിശദമായ അന്വേഷണ വിഷയങ്ങൾ പിന്നാലെ തീരുമാനിക്കും.

ജുഡിഷ്യൽ അന്വേഷണത്തിനായി പ്രതിപക്ഷം നിയമസഭയിൽ വാദിച്ചിരുന്നു. ജുഡിഷ്യൽ അന്വേഷണം വൈകില്ലേ, ഫലപ്രദമായ പൊലീസന്വേഷണമല്ലേ നല്ലത് എന്ന് താൻ ചോദിച്ചിരുന്നു. പൊലീസ് അന്വേഷണത്തിന് സമാന്തരമായി ജുഡിഷ്യൽ അന്വേഷണവും വരട്ടെ എന്നാണ് പ്രതിപക്ഷം പറഞ്ഞത്. ആ നിലപാട് അവരിൽ നിന്നുതന്നെ വരട്ടെയെന്ന് കരുതി. നെടുങ്കണ്ടം കസ്റ്റഡിമരണം ഒട്ടും ന്യായീകരിക്കാനാവില്ല.സിറ്റിംഗ് ജഡ്‌ജിയെ ലഭിക്കില്ലെന്ന് ഉറപ്പുള്ളതിനാലാണ് റിട്ട. ജസ്റ്റിസിനെ ചുമതലപ്പെടുത്തുന്നത്. ഇടുക്കി എസ്.പിക്കെതിരെയുള്ള പരാതികൾ പരിശോധിച്ച് വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊല്ലപ്പെട്ട രാജ്കുമാറിന്റെ കുടുംബാംഗങ്ങൾ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടതിനെപ്പറ്റി ചോദിച്ചപ്പോൾ പൊലീസ് അന്വേഷണത്തിൽ തൃപ്തിയുണ്ടെന്ന് അവർ തന്നോട് പറഞ്ഞെന്നായിരുന്നു മറുപടി. തനിക്ക് തന്ന നിവേദനത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തിൽ ഒരാശങ്കയും വേണ്ടെന്നും ഫലപ്രദമായ നടപടിയുണ്ടാവുമെന്നും അവരെ ബോദ്ധ്യപ്പെടുത്തി. അതിനോട് അവർ യോജിച്ചു. അന്വേഷണം കൃത്യമായി നടക്കുന്നുണ്ട്.

രാജ്കുമാർ കുഴപ്പക്കാരനാണ് എന്ന് മന്ത്രി എം.എം. മണി പറഞ്ഞതായി താൻ കേട്ടിട്ടില്ല. ജുഡിഷ്യൽ കമ്മിഷനുകളുടെ ശുപാർശകളിൽ നടപടിയെടുക്കുന്നതാണ് രീതി. ഈ സർക്കാരും ജുഡിഷ്യൽ കമ്മിഷൻ റിപ്പോർട്ടുകളിലാണ് ചില നടപടികൾ സ്വീകരിച്ചത്. ക്രിമിനലുകളായ പൊലീസുകാരെ പുറത്താക്കുകയോ സർവ്വീസിൽ നിന്ന് നീക്കുകയോ ചെയ്തിട്ടുണ്ട്.

തെറ്റ് ചെയ്യുന്നത് പൊലീസുകാരാണെങ്കിലും ആഭ്യന്തരവകുപ്പിനെതിരെയാണ് ആക്ഷേപം വരിക. കുറ്റവാളികൾക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ വകുപ്പിനെ കുറ്റം പറയാം. ഇവിടെ ഫലപ്രദമായ നടപടികൾ വരും. വരാപ്പുഴ കസ്റ്റഡിമരണക്കേസിൽ കുറ്റാരോപിതനായ ഉദ്യോഗസ്ഥനെ ഡി.ഐ.ജിയായി പ്രൊമോട്ട് ചെയ്‌തെന്ന ആരോപണത്തെപ്പറ്റി ചോദിച്ചപ്പോൾ ആരോടും വിരോധം തീർക്കാൻ ആഭ്യന്തരവകുപ്പ് നിന്നുകൊടുക്കില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.