model

പാരീസ്: പടപേടിച്ച് പന്തളത്തുചെന്നപ്പോൾ അവിടെ പന്തംകൊളുത്തി പട എന്നുപറഞ്ഞതുപോലെയാണ് ഇറാൻ മോഡൽ നെഗ്സിയ എന്ന ഇരുപത്തൊമ്പതുകാരിയുടെ അവസ്ഥ. ബിക്കിനിചിത്രങ്ങൾക്ക് പോസുചെയ്തുഎന്ന കുറ്റത്തിന് തടവുശിക്ഷയും ചാട്ടവാറടിയും ഉറപ്പിച്ചിരുന്ന നെഗ്സിയ രായ്ക്കുരാമാനം തുർക്കിയിലേക്കും അവിടെ നിന്ന് ഫ്രാൻസിലേക്കും കടന്നു. പക്ഷേ, സ്വന്തം രാജ്യത്തുള്ളതിനെക്കാൾ കടുത്ത പരീക്ഷണങ്ങളാണ് അവിടെ നെഗ്സിയയെ കാത്തിരുന്നത്. നെഗ്സിയയുടെ കഷ്ടപ്പാട് സോഷ്യൽ മീഡിയയിലൂടെ പുറത്തറിഞ്ഞതോടെ രക്ഷിക്കാൻ ലോകം കൈകോർത്തിരിക്കുകയാണ്.

ബിക്കിനി ധരിച്ച് ഫോട്ടോയ്ക്ക് പോസുചെയ്തതിന്റെ പേരിൽ 2017ലാണ് നെഗ്സിയയ്ക്ക് രാജ്യംവിടേണ്ടിവന്നത്.

ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ പൊലീസിന് കൈമാറിയത്. രാജ്യത്തെ നിയമം ലംഘിച്ചുവെന്ന ഗുരുതരമായ കുറ്റമാണ് നെഗ്സിയയ്ക്കെതിരെ ചുമത്തിയത്.കുറ്റം തെളിയിക്കപ്പെട്ടാൽ ചാട്ടവാറടിയും ജയിൽ ശിക്ഷയും ഉറപ്പ്. ശിക്ഷിക്കപ്പെടും എന്ന് പൂർണമായും വ്യക്തമായതോടെയാണ് രാജ്യം വിടാൻ തീരുമാനിച്ചത്. നേരേ തുർക്കിയിലേക്കും അവിടെ നിന്ന് ഫ്രാൻസിലേക്കും കടക്കുകയായിരുന്നു.

ഫ്രാൻസിലെത്തിയെങ്കിലും വിചാരിച്ചതുപോലെയായിരുന്നില്ല കാര്യങ്ങൾ. കിടക്കാൻ സ്ഥലമില്ലാത്തതിനാൽ പാർക്കുകളിലെ ബെഞ്ചുകളിലായിരുന്നു അന്തിയുറക്കം. ഭക്ഷണം വാങ്ങാൻ പണമില്ലാത്തിനാൽ ബാഗുകളും വസ്ത്രങ്ങളുംപോലും വിറ്റു. ഇൗസമയത്തൊന്നും താൻ ആരാണെന്ന് നെഗ്സിയ ആരോടും വെളിപ്പെടുത്തിയിരുന്നില്ല. കുറച്ചുനാൾ കഴിഞ്ഞപ്പോൾ അഭയാർത്ഥി ക്യാമ്പിൽ കഴിയാനുള്ള അവസരം കിട്ടി. അതോടെ രാഷ്ട്രീയ അഭയം വേണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് അപേക്ഷ നൽകി. പക്ഷേ, സർക്കാർ നടപടികൾ ഇഴഞ്ഞു. അതോടെയാണ് സോഷ്യൽമീഡിയ രംഗത്തെത്തിയത്.