palarivattam-overbridge
palarivattam overbridge

 നൂറ് വർഷത്തേക്കുള്ള പാലം രണ്ടര വർഷത്തിൽ ഉപയോഗശൂന്യമായി

തിരുവനന്തപുരം: പാലാരിവട്ടം മേൽപ്പാലത്തിൽ വിള്ളൽ വീണ 17 കോൺക്രീറ്റ് സ്പാനുകളും മാറ്റി പ്രീ-സ്ട്രസ്ഡ് ഗർഡറുകൾ ഉപയോഗിച്ച് പുനഃസ്ഥാപിക്കണമെന്ന് ഡൽഹി മെട്രോ റെയിൽകോർപറേഷൻ മുഖ്യ ഉപദേഷ്ടാവ് ഡോ. ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസംഘം സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ നിർദ്ദേശിച്ചു.

പാലത്തിന്റെ അടിത്തറയ്ക്ക് പ്രശ്നമില്ല. പിയറുകളും പിയർ ക്യാപ്പുകളും കോൺക്രീറ്റ് ജായ്ക്കറ്റ് കൊണ്ട് ബലപ്പെടുത്തണം. പത്ത് മാസം കൊണ്ടേ പാലം പൂർവസ്ഥിതിയിലാക്കാനാവൂ എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

റിപ്പോർട്ടിന്മേൽ തുടർനടപടികൾക്ക് ഇന്നലെ ചേർന്ന മന്ത്രിസഭായോഗം പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി. സ്പാനുകൾ പൊളിച്ചുനീക്കണോ, അറ്റകുറ്റപ്പണി നടത്തി പാലം ബലപ്പെടുത്തണോ എന്ന കാര്യത്തിൽ ചെന്നൈ ഐ.ഐ.ടി റിപ്പോർട്ട് കൂടി ലഭിച്ച ശേഷമാകും തുടർനടപടി. റിപ്പോർട്ട് ഈ മാസം ലഭിക്കുമെന്നാണ് പ്രതീക്ഷ. 42 കോടി രൂപ ചെലവിട്ടാണ് പാലം നിർമ്മിച്ചത്. അതിനെ പൂർവസ്ഥിതിയിലാക്കാൻ 18.5 കോടി രൂപ വേണ്ടിവരുമെന്നാണ് കണക്ക്..

ആദ്യം സർക്കാർ തന്നെ ചെലവിട്ട് പണി നടത്തുമെന്നും, അന്വേഷണത്തിന് ശേഷമാകും ഈ തുക ആരിൽ നിന്ന് ഈടാക്കണമെന്നതടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുകയെന്നും മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താലേഖകരെ അറിയിച്ചു. പാലം നിർമ്മാണത്തിലെ അഴിമതി ഇപ്പോൾ വിജിലൻസ് അന്വേഷിച്ചുവരികയാണ്.

അന്വേഷണത്തിന് ശേഷം തുടർനടപടികൾ ചർച്ച ചെയ്യും.

102 ഗർഡറുകളിൽ

97ലും വിള്ളൽ

പാലത്തിന് 102 ആർ.സി.സി ഗർഡറുകളാണുള്ളത്. അതിൽ 97ലും വിള്ളലുണ്ട്. പ്രത്യേക തരം പെയിന്റിംഗ് നടത്തിയതുകൊണ്ട് വിള്ളലിന്റെ തീവ്രത കണക്കാക്കാനാകുന്നില്ല. ഉപയോഗിച്ച കോൺക്രീറ്റ് നിലവാരം കുറഞ്ഞതാണ്. രൂപകല്പനയിലും അപാകതയുണ്ട്. നിർമ്മാണ സാമഗ്രികൾക്കാവശ്യമായ സിമന്റും കമ്പിയും നിശ്ചിത തോതിൽ ഉപയോഗിക്കാത്തതിനാൽ കോൺക്രീറ്റിന് ആവശ്യത്തിന് ഉറപ്പില്ല. ബീമുകൾ ഉറപ്പിച്ച മുഴുവൻ ലോഹ ബെയറിംഗുകളും കേടായി. പാലത്തിന് 18 പിയർ ക്യാപ്പുകളാണുള്ളത്. ഇതിൽ 16ലും പ്രത്യക്ഷത്തിൽത്തന്നെ വിള്ളലുണ്ട്. മൂന്നെണ്ണം അങ്ങേയറ്റം അപകടാവസ്ഥയിലാണ്.

നൂറ് വർഷം ഉപയോഗിക്കേണ്ട പാലം രണ്ടര വർഷം കൊണ്ട് ഉപയോഗശൂന്യമാവുന്ന അവസ്ഥയാണുണ്ടായത്. വിള്ളലുകളും തകരാറുകളും കണ്ടതിനെത്തുടർന്ന് മേയ് ഒന്നിനാണ് പാലത്തിൽ ഗതാഗതം നിരോധിച്ചത്. തുടർന്ന് സമഗ്ര വിദഗ്ദ്ധ പരിശോധനയ്ക്ക് തീരുമാനിക്കുകയായിരുന്നു. ഡോ. ശ്രീധരനെ കഴിഞ്ഞമാസം 14 നാണ് പരിശോധന ഏല്പിച്ചത്. പാലത്തിന്റെ വിവിധ ഭാഗങ്ങളിൽ അൾട്രാസൗണ്ട് പൾസ് വെലോസിറ്റി പരിശോധന നടത്തിയാണ് കോൺക്രീറ്റ് ശോച്യാവസ്ഥ കണ്ടെത്തിയത്.
ചെന്നൈ ഐ.ഐ.ടിയിലെ പ്രൊഫ. അളകാസുന്ദരമൂർത്തി, കോൺക്രീറ്റ് സാങ്കേതിക വിദ്യയിലും പാലം രൂപകല്പനയിലും വിദഗ്ദ്ധരായ പ്രൊഫ. മഹേഷ്ചന്ദ്രൻ, ഷൈൻ വർഗീസ്, നാഷണൽ ഹൈവേ ചീഫ് എൻജിനിയർ എം. അഷോത് കുമാർ. പൊതുമരാമത്ത് ചീഫ് എൻജിനിയർ എസ്. മനോമോഹൻ, അലക്‌സ് പി. ജോസഫ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.