palarivattam-overbridge
palarivattam overbridge

തിരുവനന്തപുരം: ഉദ്ഘാടനം ചെയ്ത് ഒരു വർഷം തികയും മുമ്പ് തകരാർ കണ്ടെത്തിയ പാലാരിവട്ടം മേല്പാലത്തിൽ പരിശോധന നടത്തിയ എല്ലാ ഏജൻസികളും ഒരേ തരത്തിലുള്ള വീഴ്ചയാണ് ചൂണ്ടിക്കാട്ടുന്നത്. പാലത്തിന്റെ കോൺക്രീറ്റ് പൊളിഞ്ഞ് കമ്പികൾ പുറത്തേക്ക് വന്നതോടെയാണ് നിർമ്മാണത്തിലെ അപാകതയുടെ ഗൗരവം അധികൃതർക്ക് ബോദ്ധ്യമായത്.

2017 നവംബർ 21 ന് ചീഫ് ടെക്നിക്കൽ എക്സാമിനറാണ് (സി.ടി.ഇ) ആദ്യം പരിശോധന നടത്തിയത്. പാലത്തിന്റെ ടാറിംഗിലും ഡെക്ക് കണ്ടിന്യുവിറ്റിയിലും കോടുപാടുള്ളതായി പ്രഥമപരിശോധനയിൽ ബോദ്ധ്യമായി. പാലത്തിലൂടെ സുഗമമായ ഗതാഗതം സാദ്ധ്യമല്ലെന്നും അവർ ചൂണ്ടിക്കാട്ടി. കേന്ദ്ര റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവെയ്സ് മന്ത്രാലയത്തിന്റെ (മോർത്ത്) കൺസൽട്ടന്റ് ആയ ടി.പി.എഫ്.ഇ.എൽ 2018 മാർച്ച് 16 ന് പരിശോധന നടത്തി. ഗർഡറുകളിലും സ്പാനിലെ പിയർഹെഡിലും ഇടപ്പള്ളി വശത്തെ സ്പാനിലെ ബെയറിംഗിലും പൊട്ടലുള്ളതായും പാലത്തിന് ഗതാഗതത്തിനുള്ള നിലവാരമില്ലെന്നും അവർ കണ്ടെത്തി.തുടർന്നാണ് വിശദമായ പഠനത്തിന് മദ്രാസ് ഐ.ഐ.ടിയെ ചുമതലപ്പെടുത്തിയത്. അവർ നൽകിയ ആദ്യ റിപ്പോർട്ടിലും മുൻ ഏജൻസികൾ കണ്ടെത്തിയതിനേക്കാൾ ഗുരുതരമായ കുഴപ്പങ്ങളാണ് ചൂണ്ടിക്കാട്ടിയത്.ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ മെയ് മാസത്തിൽ വാഹനഗതാഗതം നിരോധിച്ചത്.

കേസെടുത്തത് നാലുപേർക്കെതിരെ

നിർമ്മാണത്തിലെ അപാകതയുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണ്.പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 13(1) (ഡി) ആർ/ഡബ്ള്യു 13 (2) ഐ.പി.സി സെക്ഷൻ120 (ബി) വകുപ്പുകൾ പ്രകാരം കരാറുകാരൻ സുമീത്ത് ഗോയൽ, മാനേജിംഗ് ഡയറക്ടർ, ആർ.ഡി.എസ് പ്രോജക്ട്സ് ലിമിറ്റഡ്, നാഗേഷ് കൺസൽട്ടൻസി, ബെഗ്ളൂരു, കിറ്റ്കോ ഉദ്യോഗസ്ഥർ, ആർ.ബി.ഡി.സി കെയിലെ ഉദ്യോഗസ്ഥർ,പ്രഥമദൃഷ്ട്യാ തിരിച്ചറിയാത്ത മറ്രുള്ളവർ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.