18am-padi

തിരക്കഥാകൃത്തും അഭിനേതാവും കൂടിയായ ശങ്കർ രാമകൃഷ്ണന്റെ കന്നി സംവിധാന സംരംഭമായ പതിനെട്ടാം പടി എന്ന സിനിമ ജീവിതത്തിലെ കഠിന പരീക്ഷകളെ എങ്ങനെ വിജയിക്കാമെന്നതിന്റെ സ്റ്റഡി ക്ളാസാണ്. പൂർണമായും സ്കൂൾ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന സിനിമ കാഴ്‌ചക്കാരെ അവരുടെ സ്കൂൾ കാലത്തെ ഓർമ്മകളിലേക്കും കൂട്ടിക്കൊണ്ടുപോകും.

തിരുവനന്തപുരം നഗരത്തിലെ രണ്ട് പ്രമുഖ സ്കൂളുകൾ,​ ഒന്ന് നമ്മുടെ മോഡൽ സ്കൂളും പിന്നെ ഒരു ഇന്റർനാഷണൽ സ്കൂളും അവിടത്തെ വിദ്യാർത്ഥികൾ തമ്മിലുള്ള ഒടുങ്ങാത്ത പകയുമാണ് സിനിമയുടെ ഇതിവൃത്തം. ആദ്യപകുതിയിൽ രണ്ട് സ്കൂളുകളിലേയും വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കങ്ങളും അടിക്കടിയുണ്ടാകുന്ന ഏറ്റുമുട്ടലുകളും കൊണ്ട് സംപുഷ്ടമാണ് സിനിമ. സ്കൂൾ കുട്ടികളല്ലേ,​ കുരുത്തക്കേടുകളുടെ ബാലപാഠങ്ങളും അവർ പഠിക്കുന്നത് അവിടെനിന്ന് തന്നെ. അതിനാൽ തന്നെ സ്കൂൾ കാലത്ത് നമ്മളൊക്കെ കാണിച്ചിട്ടുള്ള കുരുത്തക്കേടുകളെല്ലാം ഈ സിനിമയിലും കാണാം.

18am-padi1

പൃഥ്വിരാജ് അവതരിപ്പിക്കുന്ന അശ്വിൻ വാസുദേവ് എന്ന അദ്ധ്യാപകൻ തന്റെ സ്കൂൾ കാലത്തുണ്ടായ അനുഭവങ്ങൾ പങ്കുവച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത്. സ്വകാര്യ സ്കൂളിലെ ഹെഡ് ബോയ് ആയിരുന്ന താൻ പിന്നീട്,​ സർക്കാർ സ്കൂളിലെ അയ്യപ്പൻ എന്ന വിദ്യാർത്ഥിയുടെ ആത്മസുഹൃത്താകുന്നത് എങ്ങനെയെന്ന് പറ‍ഞ്ഞുതുടങ്ങുന്ന സിനിമ പിന്നീട് സ്കൂൾ ജീവിതത്തിലെ മറക്കാനാകാത്ത അനുഭവങ്ങളിലൂടെ പ്രേക്ഷകരെ കൊണ്ടുപോകുന്നു. രണ്ടാം പകുതിയിൽ തികച്ചും മറ്റൊരു ട്രാക്കിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ഇവിടെയാണ് ജീവിതപാഠത്തിന്റെ നല്ല പാഠങ്ങൾ പകർന്നു നൽകുന്നതിനായി ജോൺ എബ്രഹാം പാലയ്ക്കൽ എന്ന കഥാപാത്രമായി മെഗാസ്റ്റാർ മമ്മൂട്ടിയുടെ രംഗപ്രേവശം.

18am-padi4

ശങ്കർ രാമകൃഷ്ണൻ തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമയ്ക്ക് 160 മിനിട്ട് ദൈർഘ്യമാണുള്ളത്. അനാവശ്യ രംഗങ്ങങ്ങൾ പലതുണ്ട് സിനിമയിൽ. ഇവയൊക്കെ ഒഴിവാക്കിയിരുന്നെങ്കിൽ സിനിമയുടെ ദൈർഘ്യം ഇനിയും കുറയ്ക്കാമായിരുന്നു. ഇതോടൊപ്പം സിനിമ കൂടുതൽ ആസ്വാദ്യകരവുമായേനെ. പാവപ്പെട്ടവന്റേയും പണക്കാരന്റേയും എന്നുവേണ്ട സമൂഹത്തിന്റെ എല്ലാമേഖലയേയും സ്‌പർശിച്ച് പോകുന്നുണ്ട് സിനിമ. കുട്ടികൾ തമ്മിലുള്ള ശത്രുതയേയും പ്രണയത്തേയുമൊക്കെ നന്നായി തന്നെ ഒപ്പിയെടുത്തിട്ടുണ്ട് സിനിമയിൽ. സ്വകാര്യ സ്കൂളിൽ ഡ്രഗ്സും മറ്റുമൊക്കെ കിട്ടുമെന്ന സംവിധായകന്റെ കണ്ടെത്തൽ കുറച്ച് ക‌ടന്നതായിപ്പോയില്ലേയെന്ന് പ്രേക്ഷകർക്ക് സംശയം തോന്നിയേക്കാം. അടിസ്ഥാനസൗകര്യങ്ങൾ ഇല്ലാത്തവയായി സർക്കാർ സ്കൂളുകളെ മുദ്ര കുത്താനുള്ള ശ്രമവും സിനിമയിൽ കാണാം. പണ്ടൊക്കെ അങ്ങനെയുള്ള സ്കൂളുകൾ ഉണ്ടായിരുന്നെങ്കിൽ കൂടി ഇപ്പോൾ സ്കൂളുകളിൽ ഉണ്ടാകുന്ന മാറ്റങ്ങളെ മന:പൂർവം മറന്നുപോയെന്ന പ്രതീതിയും ജനിപ്പിക്കുന്നു.

18am-padi2

മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ കെട്ടും മട്ടും ആരെയും ആകർഷിക്കും. മാസ് ഡയലോഗുകളുടെ മഴയൊന്നും ഇല്ലെങ്കിലും ഉള്ളതെല്ലാം മാസിന് തുല്യമാണെന്നതാണ് സിനിമയുടെ പ്രത്യേകത. അതിഥി താരങ്ങളായി പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ,​ ആര്യ തുടങ്ങിയവരും എത്തുന്നുണ്ട്. മമ്മൂ​ട്ടിയുടെ സഹോദരനും അദ്ധ്യാപകനുമായി എത്തുന്ന ചന്ദുനാഥിന്റെ പ്രകടനവും ശ്രദ്ധിക്കപ്പെടും. അദ്ധ്യാപികയുടെ വേഷത്തിലെത്തുന്ന അഹാന ചെറുതെങ്കിലും വളരെ പക്വതയുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഏതാണ്ട് അറുപതോളം പുതുമുഖങ്ങളാണ് സിനിമയിൽ അഭിനയിക്കുന്നത്. ഇവരെല്ലാം തന്നെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുമുണ്ട്. അക്ഷയ് രാധാകൃഷ്ണൻ, അശ്വിൻ ഗോപിനാഥ്, വാഫാ ഖദീജ റഹ്മാൻ, ആർഷ ബൈജു തുടങ്ങിയവരാണ് പുതുമുഖങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തിരിക്കുന്നത്. കേരളത്തിലെ 14 ജില്ലകളിൽ നിന്നും മറ്റ് ഇതരസംസ്ഥാനങ്ങളിൽ നിന്നുമുള്ള കുട്ടികളും ചിത്രത്തിലുണ്ട്. മാലാ പാർവതി,​ മുകുന്ദൻ,​ ലാലു അലക്സ്,​ സുരാജ് വെഞ്ഞാറമൂട്,​ മനോജ് കെ.ജയൻ,​ പ്രിയാമണി തുടങ്ങി വലുതും ചെറുതുമായ നിരവധി പേർ സിനിമയിൽ വന്നുപോകുന്നു.

18ampadi6

ചിത്രത്തിന്റെ പശ്ചാത്തലസംഗീതമാണ് മറ്റൊരു ഹൈലൈറ്റ്. പൂർണമായും സിനിമയ്ക്ക് ചേരുന്നതാണ് ബാക്ക്ഗ്രൗണ്ട് മ്യൂസിക്. ആക്ഷൻ രംഗങ്ങളും മികച്ചു നിൽക്കുന്നു. തലസ്ഥാനത്തിന്റെ മാത്രം സ്വകാര്യ അഹങ്കാരമായ ഇരുനില ബസിലുള്ള വിദ്യാർത്ഥികൾ തമ്മിലുള്ള സംഘട്ടന രംഗങ്ങൾ ആരെയും ആവേശപ്പെടുത്തും. ഇതോടൊപ്പം പൂജപ്പുര ഗ്രൗണ്ടിൽ വച്ചുള്ള മഴയത്തുള്ള അടിപിടി രംഗങ്ങളും റിയലിസ്റ്റാക്കായി തന്നെ ചിത്രീകരിച്ചിരിക്കുന്നു.

വാൽക്കഷണം: പതിനെട്ടാം പടിയിൽ കയറണം
റേറ്റിംഗ്: 3