തിരുവനന്തപുരം: മതേതര ജനാധിപത്യ മൂല്യങ്ങൾ പൂർണമായും ഉൾക്കൊണ്ട് പ്രവർത്തിച്ച നേതാവാണ് ലീഡർ കെ. കരുണാകരനെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
കെ.കരുണാകരന്റെ 101-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് കനകക്കുന്നിൽ ലീഡറുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയായിരുന്നു അദ്ദേഹം.
നാടിന്റെ വികസനങ്ങൾക്ക് ഊന്നൽ നൽകിയ ലീഡർ യുവാക്കൾക്ക് പ്രാധാന്യം നൽകുകയും അവർക്ക് നേതൃഗുണം പകരുകയും ചെയ്തു. തൊഴിലാളികൾക്കും അടിച്ചമർത്തപ്പെട്ടവർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും വേണ്ടി നിരന്തരം പ്രയത്നിച്ചു. ലീഡർക്ക് കേരള രാഷ്ട്രീയത്തിൽ പകരക്കാരനില്ല. കരുണാകരനെക്കുറിച്ച് പഠിക്കാനും അതിനനുസരിച്ച് പ്രവർത്തിക്കാനും ഓരോ കോൺഗ്രസ് പ്രവർത്തകനും തയ്യാറാകണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
കെ.പി.സി.സിയിലും ലീഡർ കെ.കരുണാകരന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.
ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, എം.എൽ.എമാരായ വി.എസ്.ശിവകുമാർ, കെ.എസ്.ശബരീനാഥൻ, ടി.ശരത്ചന്ദ്ര പ്രസാദ്, മൺവിള രാധാകൃഷ്ണൻ, മണക്കാട് സുരേഷ്, കെ.വിദ്യാധരൻ തുടങ്ങിയവർ പങ്കെടുത്തു.