mammootty

ഞാൻ പ്രകാശനു ശേഷം ഒരുക്കുന്ന ചിത്രത്തിൽ നായകൻ മമ്മൂട്ടി തന്നെയാണെന്ന് സത്യൻ അന്തിക്കാട് 'ഫ്ളാഷി'നോട് സ്ഥിരീകരിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തുവിടാറായില്ലെന്നും മലയാളികളുടെ പ്രിയ സംവിധായകൻ പറയുന്നു. അടുത്തിടെ നടന്ന ഒരു ചടങ്ങിൽ വച്ചാണ് മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമയെടുക്കാൻ പോകുന്നതായി സത്യൻ അന്തിക്കാട് വെളിപ്പെടുത്തിയത്. മമ്മൂട്ടിയെ ഒരു സിനിമയിൽ നായകനാക്കാൻ ഉദ്ദേശിച്ചാൽ പിന്നെ ആ സംവിധായകന് മനഃസമാധാനമുണ്ടാകില്ലെന്നായിരുന്നു സത്യൻ അന്തിക്കാട് പറഞ്ഞത്. പല സമയങ്ങളിലും പല സ്ഥലത്തും നിന്ന് മമ്മൂട്ടി വിളിക്കും. ആ കഥാപാത്രം ഇങ്ങനെ നടന്നാൽ എങ്ങനെയിരിക്കും, ആ കഥാപാത്രത്തിന്റെ വസ്ത്രധാരണം എങ്ങനെയായിരിക്കണം തുടങ്ങി നിരവധി ചിന്തകളിലായിരിക്കും മമ്മൂട്ടിയെന്നും സത്യൻ അന്തിക്കാട് ചടങ്ങിൽ പറഞ്ഞു. ഇതുസംബന്ധിച്ച് തിരക്കിയപ്പോഴാണ് പ്രാഥമിക ചർച്ച നടന്നതായും ഈ വർഷം അവസാനം ചിത്രീകരണം ആരംഭിക്കാനാണ് ഉദ്ദേശമെന്നും സത്യൻ അന്തിക്കാട് പറഞ്ഞത്.

ഡോ. ഇക്ബാൽ കുറ്റിപ്പുറമാകും തിരക്കഥ ഒരുക്കുക. ജോമോന്റെ സുവിശേഷങ്ങൾക്കു ശേഷം സത്യൻ അന്തിക്കാട്- ഇക്ബാൽ കുറ്റിപ്പുറം ടീം ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. 1997ൽ പുറത്തിറങ്ങിയ ഒരാൾ മാത്രം എന്ന ചിത്രത്തിലാണ് സത്യൻ അന്തിക്കാടും മമ്മൂട്ടിയും അവസാനമായി ഒന്നിച്ചത്.

കഴിഞ്ഞ വർഷത്തെ സൂപ്പർഹിറ്റായ ഞാൻ പ്രകാശനു വേണ്ടി തിരക്കഥ ഒരുക്കിയത് ശ്രീനിവാസനായിരുന്നു. ഏറെ വർഷത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു ഈ ടീം ഒന്നിച്ച് സിനിമയുമായി എത്തിയത്. ഫഹദ് ഫാസിൽ നായകനായ ചിത്രം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു.