kerala

തിരുവനന്തപുരം: നിയമസഭാസമ്മേളനം അവസാനിച്ച സാഹചര്യത്തിൽ, കാലഹരണപ്പെട്ട 13 ഓർഡിനൻസുകൾ പുനർവിജ്ഞാപനം ചെയ്യാൻ ഇന്നലെ ചേർന്ന പ്രത്യേക മന്ത്രിസഭായോഗത്തിന്റെ തീരുമാനം. കാർഷിക കടാശ്വാസ നിയമഭേദഗതി ഓർഡിനൻസ് അടുത്തയാഴ്ചത്തെ മന്ത്രിസഭായോഗം പരിഗണിക്കും.

കേരള പൊലീസ് ഭേദഗതി ഓർഡിനൻസ്, കേരള മദ്രസ അദ്ധ്യാപക്ഷേമനിധി ഓർഡിനൻസ്, വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള കേരള പബ്ലിക് സർവീസ് കമ്മിഷൻ (വഖഫ് ബോർഡ് സംബന്ധിച്ച അധികചുമതലകൾ) ഓർഡിനൻസ്, പ്രിവൻഷൻ ഒഫ് ഡാമേജ് ടു പ്രൈവറ്റ് പ്രോപ്പർട്ടി ആൻഡ് പേമെന്റ് ഒഫ് കോംപൻസേഷൻ ഓർഡിനൻസ്, മദ്രാസ് ഹിന്ദു റിലിജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് (ഭേദഗതി) ഓർഡിനൻസ്, പ്രവാസി കേരളീയരുടെ ക്ഷേമ (ഭേദഗതി) ഓർഡിനൻസ്, കേരള അംഗൻവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ക്ഷേമനിധി (ഭേദഗതി) ഓർഡിനൻസ്, വെറ്ററിനറി സർവകലാശാല ഭേദഗതി ഓർഡിനൻസ്, കേരള മുനിസിപ്പാലിറ്റി ഭേദഗതി ഓർഡിനൻസ്, കേരള പഞ്ചായത്തീരാജ് ഭേദഗതി ഓർഡിനൻസ്, പരിയാരം സഹകരണ ആശുപത്രിയും മെഡിക്കൽ സയൻസ് അക്കാഡമിയും അനുബന്ധസ്ഥാപനങ്ങളും ഏറ്റെടുക്കലും നടത്തിപ്പും ഓർഡിനൻസ്, സർവകലാശാല നിയമങ്ങൾ (ഭേദഗതി) ഓർഡിനൻസ്, സർവകലാശാല നിയമങ്ങൾ (രണ്ടാം നമ്പർ ഭേദഗതി) ഓർഡിനൻസ് എന്നിവയാണ് വീണ്ടും ഇറക്കുന്നത്.