1

നേമം: ഒരുകാലത്ത് നാട്ടിൻപുറങ്ങളിൽ സർവസാധാരണമായിരുന്ന കൈത ചെടികൾ ഇന്ന് അന്യമായതോടെ കൈതോല ഉത്പന്നങ്ങളും വിപണി വിടുകയാണ്. അരുവിയുടെ തീരങ്ങളിലും നദിക്കരകളിലും പുഴയോരങ്ങളിലും പാടങ്ങളുടെ വരമ്പുകളിലും സുലഭമായി കണ്ടിരുന്ന കൈത ചെടികൾ ഇന്ന് നാട്ടിൻപുറങ്ങളിൽ അപൂർവ വസ്തുവായി. ഇവയിൽ നിന്ന് നിർമ്മിക്കുന്ന പായ, വട്ടി, കുട്ട, ബാഗ് തുടങ്ങിയവയ്ക്ക് മുൻകാലങ്ങളിൽ വിപണികളിൽ വൻ ഡിമാന്റായിരുന്നു. കൈതോലകൾ ശേഖരിച്ച് അവയുടെ മുള്ളുകൾ മാറ്റി കീറി ഉണക്കിയോ തിളച്ച വെള്ളത്തിൽ പുഴുങ്ങി ഉണക്കിയോ ശേഷമാണ് ഉത്പന്നങ്ങൾക്ക് നിർമ്മിക്കുന്നത്. ഏറെ ശ്രമകരവും കഠിനവുമായ ഒന്നാണ് കൈതോല ഉത്പന്നങ്ങളുടെ നിർമ്മിതി. അതിന് വൈദഗ്ദ്ധ്യം നേടിയ തൊഴിലാളികളും വേണമായിരുന്നു. പുതിയ തലമുറയ്ക്ക് ഈ തൊഴിലിനോട് താത്പര്യമില്ലാത്തതിനാൽ കൈതോല ഉത്പന്നങ്ങൾ വിപണികളിൽ ലഭിക്കാതായി. തുടർന്ന് കർഷകർ കൈത ചെടികൾ വെട്ടി തീയിടുകയോ മണ്ണിനടിയിൽ കുഴിച്ചിടുകയോ ഉണ്ടായി. കൈതോലകൾ ഉണങ്ങുന്നതിനു വേണ്ട ആസിഡ് തളിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ അവ പൂർണമായും ഉണങ്ങും. തുടർന്ന് ഭൂ ഉടമകൾ അവയെ കത്തിച്ച് ചാരമാക്കാറാണ് പതിവ്. മുൻപ് കൈതോല ഉത്പന്നങ്ങളിൽ വിവിധ നിറത്തിലുള്ള ചായങ്ങൾ പുരട്ടി അനേകം ഡിസൈനുകളിൽ വിപണികളിലെത്തുമ്പോൾ ആവശ്യക്കാർ ഏറെയുണ്ടായിരുന്നു. എന്നാൽ ഇന്നത്തെ തലമുറ ഇത്തരം ഉത്പന്നങ്ങളെ പടിക്കു പുറത്താക്കിയത് ഈ മേഖലയുടെ തന്നെ നാശത്തിന് കാരണമായി.