തിരുവനന്തപുരം: യാക്കോബായ- ഓർത്തഡോക്സ് സഭാതർക്കം പരിഹരിക്കാനുള്ള അനുരഞ്ജനശ്രമം സർക്കാർ തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. അഭിപ്രായ ഐക്യമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എല്ലാ കാര്യങ്ങളും ബലപ്രയോഗത്തിലൂടെ നടത്താനാവില്ലല്ലോ. വിധിയുടെ അന്തഃസത്ത ഉൾക്കൊണ്ട് പ്രവർത്തിക്കാനാണ് സുപ്രീംകോടതി ഇപ്പോഴും പറഞ്ഞിട്ടുള്ളത്. അതിന് തന്നെയാണ് സർക്കാർ ശ്രമിക്കുന്നതും. അതിന്റെ ഭാഗമായാണ് രണ്ട് കൂട്ടരെയും വിളിച്ച് അഭിപ്രായ ഐക്യത്തിന് ശ്രമിച്ചത്. ഇതിനായി മന്ത്രിസഭാ ഉപസമിതിയെ തന്നെ നിയോഗിച്ചു. ഉപസമിതി പലവട്ടം ചർച്ച നടത്തി.
ശബരിമല യുവതീപ്രവേശനവിധിക്കെതിരെ നിയമം കൊണ്ടുവരുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ നിലപാടിനെക്കുറിച്ച് വാർത്താലേഖകർ ചൂണ്ടിക്കാട്ടിയപ്പോൾ, തനിക്ക് ഇക്കാര്യത്തിൽ നേരത്തേ തന്നെ സംശയമില്ലായിരുന്നു എന്ന് മുഖ്യമന്ത്രി മറുപടി നൽകി.