cpm

തിരുവനന്തപുരം: പാർലമെന്റ് തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ സി.പി.എമ്മിന്റെ സംസ്ഥാന ഘടകങ്ങൾ തിര‌ഞ്ഞെടുപ്പ് ഫല വിശകലന പ്രകിയ ആരംഭിച്ചു. കേന്ദ്രകമ്മിറ്റി തയ്യാറാക്കിയ തിരഞ്ഞെടുപ്പ് റിവ്യൂ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പി.ബി, സി.സി അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ വിശകലനം തുടങ്ങിയത്. സംസ്ഥാന ഘടകങ്ങളുടെ കൂടി അഭിപ്രായം കണക്കിലെടുത്ത ശേഷമായിരിക്കും നയസമീപനത്തിൽ മാറ്രം വരുത്തണമോ എന്ന കാര്യം പാർട്ടി ആലോചിക്കുക.

അതേസമയം ഇടതുപാർട്ടികളുടെ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾക്കായിരിക്കും തങ്ങൾ പ്രാധാന്യം നൽകുകയെന്ന് ഇടതുമുന്നണി കൺവീനർ എ.വിജയരാഘവൻ 'ഫ്ളാഷി'നോട് പറഞ്ഞു. കേന്ദ്ര സർക്കാരിനെതിരായ ജനകീയ പ്രക്ഷോഭങ്ങൾക്ക് പാർട്ടി നേതൃത്വം നൽകും. യുവാക്കളെ ആകർഷിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കും. മൂന്നു മാസത്തോളം പാർട്ടിക്ക് വിലയിരുത്തലുകളുടെയും വിശകലനങ്ങളുടെയും കാലമാണ്. തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള വിഷയങ്ങളുയർത്തി യുവാക്കളെ ആകർഷിക്കാൻ ശ്രമിക്കും. കേന്ദ്ര സർക്കാരിനെതിരെ ബഹുജന പ്രക്ഷോഭങ്ങൾ ഉയർത്തിക്കൊണ്ടുവരും. സി.പി.ഐ, ആർ.എസ്.പി, ഫോർവേഡ് ബ്ലോക്ക് എന്നീ പാർട്ടികളെയും സി.പി.ഐ (എം.എൽ ) തുടങ്ങിയ പാർട്ടികളെയും കൂട്ടിയായിരിക്കും ബഹുജന പ്രക്ഷോഭം. മതേതര പാർട്ടികളാണെങ്കിലും ഇടതുപക്ഷമല്ലാതെയുള്ള മറ്രുപല പ്രതിപക്ഷ കക്ഷികളും കേന്ദ്ര സർക്കാരിനെതിരെ ബഹുജനങ്ങളെ അണിനിരത്താനുള്ള ശ്രമങ്ങൾ നടത്താറില്ല. ആ ചുമതല ഇടതുപക്ഷം ഏറ്രെടുക്കും. അതുപോലെ സി.പി.ഐയുമായുള്ള ബന്ധം കൂടുതൽ ദൃ‌ഢമാക്കും.

രണ്ടാം തിരഞ്ഞെടുപ്പ് വിജയത്തോടെ ബി.ജെ.പി അതിന്റെ പ്രവർത്തനം ദൃഢീകരിച്ചിരിക്കുകയാണ്. ഇത് കനത്ത വെല്ലുവിളിയാണുയർത്തുന്നത്. അതിനെതിരെ സ്വതന്ത്രമായ പ്രചാരണമായിരിക്കും ഇടതുപക്ഷം നടത്തുക. കോൺഗ്രസ് നേതൃ പ്രതിസന്ധിയിലാണെന്നും ബി.ജെ.പിയെ തുറന്നുകാണിക്കാൻ ഇടതുപക്ഷത്തിനേ കഴിയൂ എന്നും വിജയരാഘവൻ പറഞ്ഞു.