ഇന്റർനെറ്റിൽ ചലഞ്ചുകൾക്ക് ഒരു പഞ്ഞവുമില്ല. ഐസ് ബക്കറ്റ് ചലഞ്ച്, കീ കീ ചലഞ്ച് അങ്ങനെ എന്തെല്ലാം.. പലതും വന്നതിനെക്കാൾ വേഗത്തിൽ പോയി. ഇപ്പോൾ പുതിയ ഐറ്റം രംഗത്തെത്തി. ബോട്ടിൽ കാപ് ചലഞ്ച്. അങ്ങ് ഹോളിവുഡിലായിരുന്നു ഇതിന്റെ പിറവി. മേശപ്പുറത്തുവച്ചിരിക്കുന്ന കുപ്പിയുടെ അടപ്പ് ഒറ്റകിക്കിൽ ദൂരേക്ക് തെറുപ്പിക്കണം. കൈയോ മറ്റ് ശരീരഭാഗങ്ങളോ ഉപയോഗിക്കാൻ പാടില്ല. പിറവിയെടുത്ത് മണിക്കൂറുകൾക്കകം ചലഞ്ച് ഹിറ്റായി.
വീഡിയോ ഇന്റർനെറ്റിൽ പോസ്റ്റുചെയ്യാൻ ഇടിയോടിടിയായി. ഇന്ത്യയിലെത്തിയ ബോട്ടിൽകാപ് ചലഞ്ചിനെ കൂടുതൽ പോപ്പുലാക്കിയത് ബോളിവുഡ് നടൻ വിദ്യുത് ജംവാലാണ് .ഒറ്റച്ചവിട്ടിന് മൂന്നുകുപ്പികളുടെ അടപ്പാണ് പുഷ്പംപോലെ വിദ്യുത് തെറിപ്പിച്ചത്. വിദ്യുതിന്റെ പ്രകടനത്തിൽ നിന്ന് പ്രേരണ ഉൾക്കൊണ്ട് ചിലരൊക്കെ ചലഞ്ച് ചെയ്തുനോക്കിയെങ്കിലും എട്ടുനിലയിൽ പൊട്ടി. പത്തിലേറെ തവണ ശ്രമിച്ച് പരാജയപ്പെട്ടവർവരെ ഇക്കൂട്ടത്തിലുണ്ട്.
പല കിടിലങ്ങളും പരാജയപ്പെട്ടപ്പോഴാണ് നടി ആദാശർമ സൂപ്പർ പ്രകടനത്തിലൂടെ ചലഞ്ച് വിജയകരമായി പൂർത്തിയാക്കിയത്. കറുത്ത വേഷത്തിലെത്തിയ ആദാശർമയുടെ കിടിലൻ ഷോട്ട് എല്ലാത്തിനും മേലെയെന്നാണ് വീഡിയോ കണ്ടവരൊക്കെ പറയുന്നത്. കുപ്പിയുടെ അടപ്പ് ഉൗതി തെറിപ്പിക്കുന്ന വീഡിയോയും നടി പോസ്റ്റുചെയ്തിട്ടുണ്ട്.