ആ​റ്റിങ്ങൽ: അവഗണനയുടെ ബാക്കിപത്രമായി മാറിയ ആറ്റിങ്ങൽ സ്റ്റീൽഫാക്ടറിക്ക് വീണ്ടും പ്രതീക്ഷയുടെ ചിറക് മുളയ്‌ക്കുന്നു. ആ​റ്റിങ്ങൽ സ്റ്റീൽ ഫാക്ടറിയുടെ ഭൂമി കേന്ദ്രസർക്കാർ വിട്ടുനൽകിയാൽ ഇവിടെ രണ്ടു പദ്ധതികൾ ആരംഭിക്കുമെന്ന് മന്ത്റി ഇ.പി. ജയരാജൻ നിയമസഭയെ അറിയിച്ചു. ബി. സത്യൻ എം.എൽ.എയുടെ സബ്മിഷനുള്ള മറുപടിയിലാണ് മന്ത്റി ഇക്കാര്യം വ്യക്തമാക്കിയത്. സ്റ്റീൽ ഫാക്ടറിയുടെ പ്രശ്‌നങ്ങളെക്കുറിച്ച് കേരളകൗമുദി കഴിഞ്ഞ മാസം വാർത്ത നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വാർത്തയുടെ കോപ്പി സഹിതം എം.എൽ.എ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. സ്​റ്റീൽ ഫാക്ടറി പ്രവർത്തിച്ചിരുന്ന ഒരേക്കർ സ്ഥലം കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലാണ്. ഈ ഭൂമി സംസ്ഥാനസർക്കാരിന് കൈമാറിക്കിട്ടിയാൽ ലൈവ്‌ലി ഹുഡ് ബിസിനസ് ഇൻകുബേഷൻ കേന്ദ്രവും വ്യവസായ പരിശീലന കേന്ദ്രവും സ്ഥാപിക്കാനാണ് പദ്ധതി. ജില്ലാവ്യവസായ കേന്ദ്രം പഠനം നടത്തി വ്യവസായ വാണിജ്യവകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് സമർ‌പ്പിച്ചിട്ടുണ്ട്. ഭൂമി സംസ്ഥാനസർക്കാരിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് 2017 നവംബർ 18ന് കേന്ദ്ര സർക്കാരിന് കത്തയച്ചിട്ടുണ്ടെന്നും ഇതിന്റെ മറുപടി ലഭിച്ചിട്ടില്ലെന്നും വീണ്ടും കത്തയയ്‌ക്കുമെന്നും മന്ത്റി അറിയിച്ചു.

 പുതിയ പദ്ധതികൾ - ലൈവ്‌ലി ഹുഡ് ബിസിനസ് ഇൻകുബേഷൻ
കേന്ദ്രവും വ്യവസായ പരിശീലന കേന്ദ്രവും

ഫാക്ടറിയുടെ തുടക്കവും തളർച്ചയും
------------------------------------------------------------

 1963 - പ്രവർത്തനം ആരംഭിച്ചു  1973 - ഉത്പാദനം കുറഞ്ഞു  1994- ഫാക്ടറി അടച്ചുപൂട്ടി

തിരിച്ചടിക്ക് കാരണം

-----------------------------------

മികച്ച തുടക്കമാണ് ആറ്റിങ്ങൽ സ്റ്റീൽ ഫാക്ടറിക്ക് ഉണ്ടായിരുന്നത്. സോവിയറ്റ് യൂണിയൻ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ച് ആശുപത്രി ഉപകരണങ്ങൾ, ജയിൽ പാത്രങ്ങൾ, തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തിനു വേണ്ടിയുള്ള പാർട്‌സുകൾ എന്നിവ ഇവിടെ നിർമിച്ചിരുന്നു. ഫാക്ടറി വിപണിയിൽ ശ്രദ്ധയാകർഷിച്ചതോടെ ചില കമ്പനികൾ തകർച്ചയിലായി. ഇവരുടെ നേതൃത്വത്തിൽ കമ്പനിയെ തകർക്കുകയായിരുന്നെന്നാണ് ആരോപണം. പ്രവർത്തനം കുറഞ്ഞതോടെ ഉദ്യോഗസ്ഥരെ മറ്റ് കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്ക് മാറ്റുകയും ചെയ്‌തു. ഇതോടെ തിരിച്ചുവരാനുള്ള സാദ്ധ്യതപോലും നോക്കാതെ ഫാക്ടറി അടച്ചുപൂട്ടുകയായിരുന്നു.