monkey

വെള്ളറട: പ്രകൃതിക്ഷേഭം വിതറിയ നാശനഷ്ടങ്ങളിൽ നിന്നും കരകയറാൻ തുടങ്ങിയതേയുള്ള മലയോരമേഖലയിലെ കർഷകർ. എന്നാൽ ഇവർക്ക് ഇടിത്തീയായി കുരങ്ങുശല്യവും രൂക്ഷമായി. ഇതോടെ കൃഷിചെയ്ത് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ്. വെള്ളറട,​ അമ്പൂരി,​ കള്ളിക്കാട്,​ പ്രദേശങ്ങളിലെ കർഷകർക്ക് അവരുടെ കൃഷിയിൽ നിന്നും ആദായം ലഭിക്കാറില്ല. കൃഷിയിടത്തിൽ കുരങ്ങുകളുടെ താണ്ഡവം തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞു. ചുരുക്കത്തിൽ കൃഷിചെയ്ത് ഉപജീവനം നടത്താൻ കഴിയാത്ത അവസ്ഥയിലാണ് കൃഷകർ. ഒപ്പം ആസ്‌പറ്റോസും ഓടും കൊണ്ട് നിർമ്മിച്ച വീടുകളിൽ കിടന്നുറങ്ങാൻ കഴിയില്ല. പാകം ചെയ്ത ഭക്ഷണങ്ങൾ വീട്ടുകാർക്ക് കാണാൻപോലും കിട്ടാറില്ല. ഇവയെ കാട്ടിലേക്ക് തിരിച്ചുവിടാൻ നാട്ടുകാർ പല ശ്രമങ്ങളും നടത്തിയെങ്കിലും അതെല്ലാം പാഴായി. പകരം നാട്ടുകാരുടെ നേരെ അക്രമം നടത്തുകയാണ് ഈ വാനരന്മാർ. അമ്പൂരി പഞ്ചായത്ത് വനവുമായി ചേർന്നുകിടക്കുന്നതിനാൽ പഞ്ചായത്തിലെ എല്ലാവാർഡുകളിലും വാനരന്മാർ കൈയടക്കികഴിഞ്ഞു. പ്രശ്നം ചൂണ്ടിക്കാട്ടി കർഷകർ പലതവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും പ്രശ്നത്തിന് പരിഹാരം കാണാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പിന് മുന്നോടിയായി കർഷകരെ വന്യ മൃഗശല്യത്തിൽ നിന്നും രക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് വാഗ്ദാനം നൽകാറുണ്ടെങ്കിലും അതും വെള്ളത്തിൽ വരച്ച വരപോലെയെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

വിളകളും അന്യം

മിക്ക കർഷകർക്കും തങ്ങളുടെ വിളകൾ പാകമായി കിട്ടാറില്ല. നാളികേരം വെള്ളയ്ക്കയാകുംമ്പോൾ തന്നെ അടർത്തി വെള്ളം കുടിക്കും. പുളി, ചക്ക, മാങ്ങ, വാഴ, പപ്പായതുടങ്ങി അത്യാവശ്യം ഗാർഹിക ആവശ്യങ്ങൾക്കുള്ള പച്ചക്കറികൾ വരെ കുരങ്ങുകൾ നോട്ടമിട്ടിരിക്കുകയാണ്. ഭക്ഷിക്കാൻ വേണ്ടെങ്കിലും പച്ചമാങ്ങ പറിച്ച് ജനത്തിന് നേരെ എറിയുകയാണ് ഇവരുടെ പ്രധാന വിനോദം.

സംരക്ഷണവും വെറുതെ

ആദ്യമൊക്കെ കർഷകർ നാളികേരത്തിൽ ചാക്കുകൾ കൊണ്ട് മൂടി സൂക്ഷിച്ചു. ചക്കകൾക്കും വാഴക്കുലകൾക്കും കൂടുകളും സ്ഥാപിച്ചു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞപ്പോൾ കൂടുകളും തകർത്ത് വിളകൾ നശിപ്പിക്കാൻ തുടങ്ങി. വിളകളെ സംരക്ഷിക്കാൻ പല മാർഗം തേടിയെങ്കിലും ഫലം കണ്ടില്ല. ഇതോടെ പല കർഷകരും കൃഷിയിൽ നിന്നും പിൻമാറി. ഇപ്പോൾ ഹെക്ടർ കണക്കിന് ഭൂമിയാണ് കൃഷി നടത്താൻ കഴിയാതെ വെറുതെ കിടക്കുന്നത്.

കൂട്ടിന് കാട്ടുപന്നിയും

മരത്തിൽ കായ്ക്കുന്ന വിളകൾ കുരങ്ങുകൾ കാരണം ഒന്നും കിട്ടാറില്ല. ഇതോടെ പല കർഷകരും മരച്ചീനി കൃഷിയിലേക്ക് തിരിഞ്ഞു. എന്നാൽ കുരങ്ങുകൾക്കൊപ്പം കാട്ടുപന്നിയും നാട്ടിൽ വിഹാരം തുടങ്ങിയതോടെ അതും കഷ്ടത്തിലായി. പാകമാകാത്ത മരച്ചീനി പിഴുതെറിയും. കുലച്ചവാഴകളും ഇവർ വെറുതെ വിടാറില്ല. നേരം വെളുക്കുമ്പോൾ നിലംപൊത്തിയ വാഴകളും മരച്ചീനിയുമാണ് കർഷകർക്ക് മിച്ചം കിട്ടുന്നത്.

കടക്കെണിയിൽ കർഷകർ

പണം പലിശയ്ക്കെടുത്ത് ബാങ്ക് ലോണെടുത്തുമാണ് പല കർഷകരും കൃഷി തുടങ്ങിയത്. എന്നാൽ കൃത്യമായി വിള ലഭിക്കാതായതോടെ കർഷകർ കടക്കെണിയിലേക്ക് കൂപ്പുകുത്താൻ തുടങ്ങി. വായ്പയെടുത്ത പണം തിരിച്ചടയ്ക്കാൻ കഴിയാതെ പലിശയടക്കം തുക ഇരട്ടിയായെന്നാണ് കർഷകർ പറയുന്നത്. വാനരൻമാരുടെ ശല്യമൊഴുവാക്കി കൃഷിചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ വസ്ഥുവകകൾ ഉപേക്ഷിച്ച് സ്ഥലം വിടേണ്ട അവസ്ഥയിലാണ് തങ്ങളെന്ന് കർഷകർ പറയുന്നു.