road

കാട്ടാക്കട: നാട്ടുകാരുടെ നടുവൊടിക്കാനൊരു റോഡ്. അതാണ് കാട്ടാക്കട പഞ്ചായത്തിലെ കിള്ളി-കൂന്താണി റോഡ്. കിള്ളിയിൽ നിന്നും എളുപ്പത്തിൽ ബാലരാമപുരം റോഡിൽ എത്താനുള്ള റോഡാണിത്. എന്നാൽ ഇപ്പോൾ ഇറോഡ് യാത്രക്കാരുടെ നടുവൊടിക്കാനും വാഹനങ്ങൾക്ക് കേടുപാടുണ്ടാക്കാനും മാത്രമാണ് ഉപകരിക്കുന്നത്.

ആയിരക്കണക്കിന് ആളുകൾ തൂങ്ങാംപാറ ഭാഗത്തേയ്ക്കും കാട്ടാക്കട, തിരുവനന്തപുരം ഭാഗത്തേയ്ക്കും സഞ്ചരിക്കാൻ ആശ്രയിക്കുന്ന റോഡാണിത്. ആകെ രണ്ട് കിലോമീറ്റർ മാത്രമുള്ള ഈ റോഡിൽ ഗട്ടറുകളായതോടെ സ്ഥിര യാത്രാക്കാർക്ക് ശാരീരിക പ്രശ്നങ്ങൾക്കും വാഹനങ്ങളുടെ നാശത്തിനും കാരണമാകുന്നു. പലവട്ടം പ്രദേശവാസികൾ പരാതികൾ പറഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

അശാസ്ത്രീയമായ റോഡ് നിർമ്മാണമാണ് റോഡിന്റെ തകർച്ചയ്ക്ക് കാരണമായത്. റോഡിന്റെ പലഭാഗങ്ങളും വെള്ളം കെട്ടിക്കിടന്നാണ് റോഡ് തകർന്നത്. റോഡ് നവീകരിച്ചപ്പോൾ ഇരുവശങ്ങളിലും ഓട നിർമ്മിച്ചില്ല. മഴ വെള്ളം ഒഴുകി പോകാൻ സൗകര്യമില്ലാതെ കെട്ടിക്കിടക്കുന്ന അവസ്ഥയാണ്.

വാട്ടർ അതോറിട്ടി എടുത്ത കുഴികൾ മൂടാത്തതും റോഡ് തകരാൻ കാരണമായി. വിദ്യാർത്ഥികൾ ഉൾപ്പടെ കടന്നു പോകുന്ന ഈ വഴി കാട്ടാക്കട താലൂക്ക് ആസ്ഥാനത്തെ പ്രധാന ഇട റോഡുകളിൽ ഒന്നാണ്. റോഡിലെ വലിയകുഴികൾ കൂടാതെ പൊട്ടി പൊളിഞ്ഞ മെറ്റലും ചിതറിക്കിടന്ന് അപകടസാദ്ധ്യത കൂട്ടുന്നു. മഴയത്ത് ചെളി യാത്രാക്കാരുടെ ശരീരത്തിൽ പതിക്കും.

110 കെ.വി സബ്സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന റോഡാണിത്. എന്നിട്ടും സന്ധ്യ മയങ്ങിയാൽ കൂരിരുട്ടാണ് .തെരുവ് വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒന്നും കത്തുന്നില്ലന്ന് പ്രദേശവാസികൾ പറയുന്നു. കൊടും വളവിൽ റോഡിനോട് ചേർന്നുള്ള ട്രാൻസ്‌ഫോമറിന് സമീപത്ത് പോലും ലൈറ്റുകൾ സ്ഥാപിക്കാത്തത് പലപ്പോഴും ഭീതി ജനിപ്പിക്കുന്നു. തകന്ന റോഡിൽ വഴിവിളക്കുകൾ കൂടി ഇല്ലാതായതോടെ യാത്രയിലുടനീളം അപകടങ്ങൾ സംഭവിക്കുന്നത് പതിവാകുന്നു.

കാട്ടാക്കട പഞ്ചായത്തിലെ കിള്ളി, എട്ടിരുത്തി, തൂങ്ങാംപാറ, പൊന്നറ വാർഡുകളിൽ ഉൾപ്പെട്ട പ്രദേശമാണ് ഇത്. കാലാകാലങ്ങളിൽ തിരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനങ്ങൾ നൽകുമെങ്കിലും തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ആരും ഈ ഭാഗത്ത് തിരിഞ്ഞു നോക്കുന്നില്ലന്നും നാട്ടുകാർക്ക് ആക്ഷേപമുണ്ട്.